23 January 2026, Friday

Related news

September 11, 2025
September 8, 2025
September 2, 2025
August 1, 2025
July 31, 2025
July 31, 2025
July 29, 2025
June 11, 2025
June 8, 2025
June 7, 2025

ഓഹരി വിപണി തട്ടിപ്പ്; പ്രതികളെ 
ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി

Janayugom Webdesk
ചേർത്തല
April 2, 2025 10:57 am

ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ചേർത്തലയിലെ ഡോക്‌ടർ ദമ്പതികളിൽ നിന്ന് 7.65 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ രണ്ട് തയ്‌വാൻ സ്വദേശികൾ അടക്കം മൂന്ന് പേരെ കോടതിയിലെത്തിച്ച് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. തയ്‌വാൻ സ്വദേശികളായ സുങ് മു ചി (മാർക്ക്–42), ചാങ് ഹോ യുൻ (മാർക്കോ–34), ഇന്ത്യൻ ഝാര്‍ഖണ്ഡ് സ്വദേശിയായ സെയ്ഫ് ഹൈദർ(29) എന്നിവരെയാണ് ശനിയാഴ്ച വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. ചേർത്തല ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ടറ്റ് ഷെറിൻ. കെ ജോർജ്ജ് ഉത്തരവായത്. ഗുജറാത്തിൽ നിന്നു പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തയ്‌വാനിലെ തവോയുവാ നിൽ നിന്നുള്ള വാങ് ചുൻ വെയ് (സുമോക‑26), ഷെൻ വെയ് ഹോ (ക്രിഷ്-35) എന്നിവരെ നേരത്തെ സബർമതി ജയിലിൽനിന്ന് എത്തിച്ചു ചോദ്യം ചെയ്തിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണു മറ്റു രണ്ടു തയ്‌വാൻകാർക്കും തട്ടിപ്പിൽ ബന്ധമുണ്ടെന്നു വ്യക്തമായത്. ഇവർ തട്ടിപ്പ് സംഘത്തിലെ ഐടി വിഭാഗം കൈകാര്യം ചെയ്തിരുന്നവരാണ്. യുഎസിൽ ഉൾപ്പെടെ ഉന്നത പഠനം പൂർത്തിയാക്കിയ മാർക്കോ പിന്നീട് തയ്‌വാനിൽ തിരിച്ചെത്തിയ ശേഷമാണ് ഇന്ത്യയിലേക്കു വരുന്നത്. തട്ടിപ്പിനായി വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് സൃഷ്ടിക്കലായിരുന്നു മാർക്കിന്റെ ജോലി. സെയ്ഫ് ഹൈദർ സംഘത്തിന്റെ കമ്പ്യൂട്ടര്‍ ഹാർഡ്‌വെയർ കൈകാര്യം ചെയ്യുന്നതിലും വിദഗ്ദ്ധനാണ്. ഗുജറാത്തിനു പുറമേ വിശാഖപട്ടണത്തും ഇവർക്കെതിരെ സൈബർ തട്ടിപ്പു കേസുണ്ട്. അവിടത്തെ കേസ് അന്വേഷണത്തിനായി കസ്റ്റഡിയിൽ വിട്ട ഇവർ വിശാഖപട്ടണത്തെ ജയിലിൽ ഒരു മാസത്തോളം റിമാൻഡിലായിരുന്നു. 

റിമാൻഡ് കാലാവധി അവസാനിച്ച് തിരികെ സബർമതി ജയിലിൽ പ്രവേശിപ്പിച്ചപ്പോഴാണു കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമെത്തി കസ്റ്റഡിയിലെടുത്തത്. ഗുജറാത്തിൽ നടത്തിയ സമാന തട്ടിപ്പിൽ പിടിയിലായ 10 പേരാണു സബർമതി ജയിലിലുള്ളത്. ആലപ്പുഴയിൽ ആദ്യം പിടിയിലായ ഇന്ത്യക്കാരായ പ്രതികളിൽനിന്നു ലഭിച്ച സൂചനകളിലൂടെയാണ് അന്വേഷണം തയ്‌വാൻ സ്വദേശികളിലെത്തിയത്. ഇവരെ പിടികൂടി 12 ലക്ഷത്തോളം രൂപയും കണ്ടെടുത്തിരുന്നു. സുങ് മു ചി, ചാങ് ഹോ യുനും സ്വന്തമായി സോഫ്റ്റ് വെയറുകൾ ഉണ്ടാക്കി ഇടപാടു കാരുടെ ഒടിപി വരെ ലഭിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇവരാണ് സെയ്ഫ് ഹൈദറുമായി ഇടപെട്ട് ഇന്ത്യൻ ഇടപാടുകാരിൽ എത്തിക്കുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍ ചേര്‍ത്തല സ്വദേശിയായ ഡോ. വിനയകുമാറിന്റെയും, ഭാര്യയും ത്വക്ക് രോഗ വിദഗ്ദ്ധയുമായ ഡോ. ഐഷയുടെയും അക്കൗണ്ടില്‍ നിന്നും പണമാണ് നഷ്ടമായത്. തുടർന്ന് ചേർത്തല പൊലീസിൽ പരാതി നൽകിയതോടെ മൊബെയിൽ ഫോൺ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് 2024 ജൂലൈ ഒന്നിന് മൂന്ന് പേരെ പൊലീസ് പിടികൂടുന്നതോടെയാണ് കേസിന്റെ ചുരുളഴിയുന്നത്. കോഴിക്കോട് സ്വദേശികളായ കൊടുവള്ളി കൊടകുന്നുമ്മേല്‍ കുന്നയേര്‍ വീട്ടില്‍ മുഹമ്മദ് അനസ്(25), കോഴിക്കോട് ഓമശ്ശേരി പുത്തൂര്‍ ഉള്ളാട്ടന്‍പ്രായില്‍ പ്രവീഷ്(35), കോഴിക്കോട് കോര്‍പറേഷന്‍ ചൊവ്വായൂര്‍ ഈസ്റ്റ് വാലി അപ്പാര്‍ട്ട്‌മെന്റ് അബ്ദുള്‍സമദ്(39)എന്നിവർ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. കഴിഞ്ഞ ഫെബ്രുവരി 19ന് കേസിലെ 10, 11 പ്രതികളായ തായ്‌വാനിലെ തവോയുവാ നിൽ നിന്നുള്ള വാങ് ചുൻ വെയ് (സുമോക‑26), ഷെൻ വെയ് ഹോ (ക്രിഷ്-35) എന്നിവരെ പ്രതേക അന്വഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ അഹമ്മദാബാദ് സബർമതി ജയിലാണ്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വഷണ ചുമതലയുള്ള ആലപ്പുഴ ഡിവൈഎസ്‌പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. കോടതി നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി പ്രതികളെ ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.