21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 20, 2025
April 18, 2025
April 12, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025
April 6, 2025
April 5, 2025

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; സിനിമ താരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു എക്സൈസ്

Janayugom Webdesk
ആലപ്പുഴ
April 3, 2025 10:26 am

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ സ്‌ത്രീയും യുവാവും പിടിയിലായതിന് പിന്നാലെ സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്. പ്രതികൾ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. സിനിമ താരങ്ങളുടെ ഫോൺ നമ്പറുകൾ ഇവരുടെ ഫോണിൽ നിന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുമായി ഇവർക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കിൽ സിനിമ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്സൈസ് അറിയിച്ചു. ആലപ്പുഴ ജില്ലയിലെ റിസോർ‍ട്ടുകൾ കേന്ദ്രീകരിച്ച് ഇവർ ലഹരിവിൽപന നടത്തുന്നതായി രണ്ടുമാസം മുൻപാണ് എക്സൈസിനു വിവരം ലഭിച്ചത്. ചലച്ചിത്ര പ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും പുറമെ ചില പെൺവാണിഭ സംഘങ്ങൾക്കും ഇവർ ഹൈബ്രിഡ് കഞ്ചാവ് നൽകുന്നുണ്ടെന്നായിരുന്നു വിവരം.

കൊച്ചിയും ആലപ്പുഴയും കേന്ദ്രീകരിച്ചാണു പ്രവർത്തനമെന്നും മനസിലാക്കിയ എക്സൈസ്, ഇവരുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. വർഷങ്ങളായി സിനിമ മേഖലയിൽ സജീവമാണ് ഇന്നലെ പിടിയിലായ തസ്ലിമ സുൽത്താന. തിരക്കഥ വിവർത്തനമാണ് ഇവരുടെ ജോലി. തസ്ലിമയ്ക്ക് എട്ട് ഭാഷകളിൽ പ്രവീണ്യമുണ്ട്. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. ഹൈടെക് ഇടപാടുകളാണ് ലഹരിക്കടത്തില്‍ നടന്നതെന്നും എക്സൈസ് സംഘം പറയുന്നു. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് പ്രതികൾ ഇടപാട് നടത്തിയത്. പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ ഉടന്‍ ശേഖരിക്കും. നിലവില്‍ വാട്സ്ആപ് ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇന്‍സ്റ്റഗ്രാമിലൂടെയും ഇടപാടുകൾ നടത്തി. ചാറ്റുകൾ വീണ്ടെടുക്കാൻ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് എക്സൈസ് അറിയിച്ചു. 

കാർ വാടകയ്ക്ക് എടുത്താണ് പ്രതികള്‍ ആവശ്യക്കാർക്ക് പ്രതികൾ ലഹരി എത്തിച്ചത്. കാര്‍ വാടകയ്ക്ക് എടുത്ത ഏജൻസിയിൽ നിന്ന് വിവരങ്ങൾ തേടും. വാഹനത്തിന്റെ ജിപിഎസ് ട്രാക്കർ വിവരങ്ങളും ശേഖരിക്കുമെന്ന് എക്സൈസ് കൂട്ടിച്ചേര്‍ത്തു. ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉള്‍പ്പെടെ രണ്ടുപേരാണ് ഇന്നലെ പിടിയിലായത്. കെണിയൊരുക്കി മൂന്ന് മാസം കാത്തിരുന്നാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയായ ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുൽത്താനയെ എക്സൈസ് ആലപ്പുഴയിൽ എത്തിച്ചത്. ഓമനപ്പുഴ തീരദേശ റോഡിൽ വച്ച് ഹൈബ്രിഡ് കഞ്ചാവ് ഉള്‍പ്പെടെ തസ്ലീമയെയും കൂട്ടാളിയായ ഫിറോസിനെയും എക്സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സിനിമ നടന്മാരായ രണ്ട് പേര്‍ക്ക് കഞ്ചാവും ലഹരി വസ്തുക്കളും പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലിമ എക്സൈസിനോട് വെളിപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.