25 December 2025, Thursday

Related news

December 24, 2025
December 23, 2025
December 21, 2025
December 20, 2025
December 18, 2025
December 18, 2025
December 12, 2025
December 10, 2025
December 10, 2025
December 9, 2025

അയല്‍വാസിയുടെ കൊലപാതകം; അച്ഛനും മകനും ജീവപര്യന്തം

Janayugom Webdesk
തൃശ്ശൂര്‍
April 11, 2025 9:19 am

അയല്‍വാസിയായ യുവാവിനെ കൊലചെയ്ത കേസില്‍ പ്രതികളായ അച്ഛനും മകനും ജീവപര്യന്തം തടവിനൊപ്പം മറ്റു വകുപ്പുകളിലും ശിക്ഷ. മണലൂര്‍ ഉല്ലാസ് റോഡ് തിരുത്തിയില്‍ വേലുക്കുട്ടി(67), മകന്‍ അനില്‍കുമാര്‍(41) എന്നിവര്‍ക്കാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി ടി.കെ. മിനിമോള്‍ ശിക്ഷ വിധിച്ചത്. ജീവപര്യന്തം കഠിന തടവിനു പുറമേ, രണ്ടു ലക്ഷം രൂപ വീതം ഇരുവര്‍ക്കും ശിക്ഷ വിധിച്ചു. ആക്രമണത്തിന് പ്രതികള്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും മറ്റു വിവിധ വകുപ്പുകളിലായി 10 മാസം തടവും 10,000 രൂപ പിഴയും വേറെ വിധിച്ചിട്ടുണ്ട്. ജീവപര്യന്തം ഒഴികെയുള്ള ശിക്ഷ ആദ്യം അനുഭവിക്കാനും അതിനുശേഷം മാത്രം ജീവപര്യന്തം ശിക്ഷ തുടങ്ങാനും കോടതി പറഞ്ഞു.

2014 ഏപ്രില്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. അയല്‍വാസിയായ റബീഷ്, ശോഭിത് എന്നിവര്‍ പ്രതികളുടെ വീടിനു മുന്നിലൂടെ നടന്നുപോകുമ്പോള്‍ പ്രതികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി അരിവാള്‍കൊണ്ട് വെട്ടിയും അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. ശോഭിത്തിന്റെ വീട്ടുകാരുമായുണ്ടായിരുന്ന വൈരമാണ് കാരണം. ആക്രമണത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. റബീഷ് ചികിത്സക്കിടെ ആശുപത്രിയില്‍ മരിച്ചു.

അന്തിക്കാട് പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. തെളിവെടുപ്പ് നടക്കുന്നതിനു മുന്‍പ് ശോഭിത് വാഹനാപകടത്തില്‍ മരിച്ചു. ഇത് പ്രോസിക്യൂഷന് പ്രതിസന്ധിയായെങ്കിലും യുവാക്കളുടെ കരച്ചില്‍കേട്ട് ഓടിവന്ന സാക്ഷികളുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചു. വിചാരണക്കിടെ ഒളിവില്‍പ്പോയ ഒന്നാംപ്രതിയെ കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നിലമ്പൂരില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. കെ.ബി. സുനില്‍കുമാര്‍, അഡ്വ. ലിജി മധു എന്നിവര്‍ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.