17 February 2026, Tuesday

Related news

February 17, 2026
February 16, 2026
February 15, 2026
February 14, 2026
February 13, 2026
February 12, 2026
February 11, 2026
February 10, 2026
February 9, 2026
February 8, 2026

നീതിപീഠത്തിന് നേരെയും ഫാസിസത്തിന്റെ ദംഷ്ട്രകള്‍

Janayugom Webdesk
April 23, 2025 5:00 am

ഫാസിസം അതിന്റെ ദംഷ്ട്രകളെല്ലാം നീട്ടി സംഹാര താണ്ഡവമാടുമ്പോൾ ശരാശരി ഇന്ത്യക്കാരന്റെ ചെറിയ പ്രതീക്ഷയാണ് നമ്മുടെ നീതിപീഠങ്ങൾ. ബാബറി മസ്ജിദ് തർക്കപ്രദേശം രാമക്ഷേത്ര നിർമ്മാണത്തിന് നൽകിയതും ഗ്യാൻ വാപിയിൽ ഉൾപ്പെടെ പുതിയ തർക്കങ്ങൾ തീവ്രഹിന്ദുത്വ സംഘടനകൾ സൃഷ്ടിച്ചപ്പോൾ ഹർജിക്കാർക്കനുസൃതമായി മസ്ജിദ് നിലവറകൾ തുറന്നു നൽകിയതുമായ ചില വിധികൾ സുപ്രീം കോടതിയും ഹൈക്കോടതികളും പുറപ്പെടുവിച്ചിരുന്നു എന്നത് വസ്തുതയാണ്. എങ്കിലും സാധാരണക്കാരുടെ പ്രതീക്ഷയെ പ്രചോദിപ്പിക്കുന്ന ചില വെള്ളിവെളിച്ചങ്ങൾ അടുത്തിടെ സുപ്രീം കോടതി ഉൾപ്പെടെ നീതിപീഠങ്ങളിൽ നിന്നുണ്ടായി. 2024 ഫെബ്രുവരിയിൽ ബിജെപിയുടെ അനധികൃത ധനസമാഹരണത്തിന്റെ നെഞ്ചിൻകൂട് തകർത്തുകൊണ്ട് ഇലക്ടറൽ ബോണ്ട് നിയമലംഘനവും ഭരണഘടനാവിരുദ്ധവുമാണ് എന്ന വിധിപ്രസ്താവമുണ്ടായി. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയ എതിരാളികൾക്കും മതന്യൂനപക്ഷങ്ങളിൽ പെട്ടവർക്കും എതിരായി ഇടിച്ചു തകർക്കലിന്റെ ബുൾഡോസർരാജ് അരങ്ങേറിയപ്പോഴും അരുതെന്നു പറയാൻ സുപ്രീം കോടതിയിൽ നിന്നും കെെകള്‍ നീണ്ടു. ആ വിധി അപ്രസക്തമാക്കി ബുൾഡോസർരാജ് തുടർന്നപ്പോൾ പിഴ ചുമത്തിയും വടിയെടുത്ത് ശകാരിച്ചും സുപ്രീം കോടതി അതിന്റെ ഭരണഘടനാ, നിയമപക്ഷ നിലപാടുകൾ ആവർത്തിച്ചു. അതിന്റെയെല്ലാം ഒടുവിലാണ് ഈ മാസം ആദ്യം തമിഴ്‌നാട് ഗവർണർക്കെതിരെ ഡിഎംകെ സര്‍ക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച നിർണായക വിധി പ്രസ്താവമുണ്ടായത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നിയമസഭകൾക്കാണോ കേന്ദ്ര ഭരണ രാഷ്ട്രീയത്തിന്റെ ഭിക്ഷാംദേഹികളായ ഗവർണർമാർക്കാണോ നിയമനിർമ്മാണത്തിൽ അധികാരക്കൂടുതൽ എന്ന ചോദ്യത്തിന് സ്പഷ്ടവും അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തതുമായ ഉത്തരം നൽകുകയാണ് പരമോന്നത കോടതി ചെയ്തത്.

ബിജെപിയിതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭ എന്ന ജനാധിപത്യ സംവിധാനത്തിനുമീതെ ഗവർണർമാരെ ഉപയോഗിച്ച് അരിയിട്ടുവാഴ്ച നടത്താൻ ശ്രമിച്ച കേന്ദ്ര സർക്കാരിന്റെ മുഖത്തേറ്റ മറ്റൊരടിയായിരുന്നു ഈ വിധി. നിയമസഭകൾ പാസാക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകുക എന്ന കേവലാധികാരത്തിനപ്പുറം ഒരുമേല്‍ക്കോയ്മയും ഗവർണർമാരിൽ നിക്ഷിപ്തമല്ലെന്ന് സുപ്രീം കോടതി തീർപ്പുകല്പിച്ചു. ഇല്ലാത്ത അധികാരം ഭാവിച്ച് ഗവർണർമാരും രാഷ്ട്രപതിയും പിടിച്ചുവയ്ക്കുകയും തിരിച്ചയയ്ക്കുകയും ചെയ്യുന്ന ബില്ലുകളിൽ തീർപ്പുകല്പിക്കുന്നതിന് സമയപരിധി നിര്‍ദേശിച്ചു. ഗവർണർമാർക്കും രാഷ്ട്രപതിക്കും വീറ്റോ അധികാരമില്ലെന്ന് വ്യക്തമായി പ്രഖ്യാപിക്കുകയും ചെയ്തു സുപ്രീംകോടതി. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന്റെ വിശ്വാസ പ്രമാണങ്ങൾക്കനുസൃതമായി നിലവിലുള്ള വഖഫ് സ്വത്തുക്കൾ കയ്യടക്കുന്നതിനുവേണ്ടി കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിനു നേരെയും സുപ്രീം കോടതിയിൽനിന്ന് സംശയാസ്പദമായ ചോദ്യങ്ങൾ ഉണ്ടായി. എഴുപതിലധികം ഹർജികളാണ് വഖഫ് ഭേദഗതി നിയമത്തിനെതിരായി കോടതിയുടെ പരിഗണനയിലെത്തിയത്. ആദ്യദിന വാദത്തിൽത്തന്നെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനിരുന്ന കോടതിയോട് കെഞ്ചിയപേക്ഷിച്ചാണ് കേന്ദ്രസർക്കാർ അത് മാറ്റിവയ്പ്പിച്ചത്. രണ്ടാം ദിവസത്തെ വാദത്തിന്റെ അടിസ്ഥാനത്തിൽ ഹർജിക്കാർക്ക് പ്രതീക്ഷ നൽകുന്ന ചില നിരീക്ഷണങ്ങൾ കോടതിയിൽ നിന്നും ഉണ്ടായി. ബലാത്സംഗ കേസുകളിൽ അലഹബാദ് ഹൈക്കോടതിയിലെ രണ്ട് ജസ്റ്റിസുമാർ അപരിഷ്കൃതമായ ചില നിരീക്ഷണങ്ങൾ നടത്തിയപ്പോഴും ചെവിക്കു പിടിക്കാൻ സുപ്രീം കോടതി ഉണ്ടായി. ഉത്തർപ്രദേശിലെ നിയമവാഴ്ച തകർന്നതിനെതിരെയും സുപ്രീം കോടതിയിൽ നിന്നും നിശിതമായ വിമർശനങ്ങളുമുണ്ടായി.

ജനാധിപത്യ സംവിധാനങ്ങൾ മുഴുവനും നോക്കുകുത്തിയാക്കി സ്വേച്ഛാധിപത്യ പ്രവണത കാട്ടുന്ന ബിജെപി സർക്കാരിന്റെ നടപടികൾ ഇതുപോലെ നിരന്തരം നീതിപീഠങ്ങളിൽ വലിച്ചു കീറപ്പെടുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ ഉന്നതങ്ങളിൽ നിന്ന് നീതിന്യായ വ്യവസ്ഥയ്ക്കെതിരായ സംഘടിതമായ കടന്നാക്രമണം ഉണ്ടായിരിക്കുന്നത്. ഉപരാഷ്ട്രപതി, രാജ്യസഭാ അധ്യക്ഷൻ എന്നീ ഉന്നത പദവികളിലിരിക്കുന്ന ജഗ്‌ദീപ് ധൻഖർ മുതൽ നിഷികാന്ത് ദുബെ, ദിനേശ് ശർമ്മ തുടങ്ങിയ ബിജെപിയുടെ ഹൈ പ്രൊഫൈൽ നേതാക്കളുടെ ഭാഗത്തുനിന്നാണ് കടന്നാക്രമണം. തമിഴ്‌നാട് ഗവർണർക്കെതിരായ വിധിയുണ്ടായതിന്റെ തൊട്ടടുത്ത ദിവസം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിൽ നിന്ന് സുപ്രീം കോടതിയെ ചോദ്യംചെയ്യുന്ന പരാമർശങ്ങളുണ്ടായി. ഇതേ ദിവസങ്ങളിൽ തന്നെയാണ് മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിന് വർഷങ്ങൾക്കു മുമ്പ് ജാമ്യം നൽകിയതിൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൽ നിന്ന് വഴിവിട്ട ഇടപെടലുണ്ടായെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നുമുള്ള പരാതി കേന്ദ്ര ബിജെപി സർക്കാരിലെ നിയമ മന്ത്രാലയം തുടർനടപടികൾ സ്വീകരിക്കുന്നതിന് പേഴ്സണൽ മന്ത്രാലയത്തിന് കൈമാറി എന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. 2024 നവംബർ എട്ടിന് ജസ്റ്റിസ് രാകേഷ് കുമാർ രാഷ്ട്രപതിക്ക് നൽകി, അവർ നിയമ മന്ത്രാലയത്തിന് അയച്ച പരാതിയിലാണ് ഇപ്പോൾ തുടർനടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഉണ്ടായിരിക്കുന്നത് എന്നത് യാദൃച്ഛികമല്ല. മറ്റെല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയിലാക്കിയിട്ടും നീതിപീഠങ്ങൾ അതിൽ നിന്ന് കുതറിമാറാൻ ശ്രമിച്ചാൽ വച്ചേക്കില്ലെന്ന സന്ദേശം നൽകുകയാണ്. കോടതികൾ ജനപക്ഷത്ത് നിൽക്കുന്നു എന്ന തോന്നൽ കേന്ദ്ര ഭരണാധികാരികളെ വല്ലാതെ ഭീതിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഭയപ്പെടുത്തി വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് പരമോന്നത നീതിപീഠത്തിനെതിരെ ഉൾപ്പെടെ കടന്നാക്രമണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. ഇത് ബോധപൂർവം തന്നെയാണ്. അതുകൊണ്ട് താൽക്കാലികമായെങ്കിലും നമുക്ക് പ്രതീക്ഷയർപ്പിക്കാവുന്ന നീതിപീഠങ്ങളെ നിലനിർത്തുന്നതിനു വേണ്ടി ജാഗ്രത പുലർത്തിയേ മതിയാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.