25 December 2025, Thursday

Related news

December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025

പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; സിന്ധുനദീജല കരാർ മരവിപ്പിച്ചു, യാത്രാവിലക്ക് അടക്കം കടുത്ത നിയന്ത്രണം

റെജി കുര്യന്‍
ന്യൂഡല്‍ഹി/ ശ്രീനഗര്‍
April 23, 2025 9:48 pm

പഹല്‍ഗാം തീവ്രവാദി അക്രമത്തില്‍ പാകിസ്ഥാനെതിരെ കനത്ത പ്രതിരോധം തീര്‍ക്കാന്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ചേര്‍ന്നത്. കരുതിയിരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി.
പാകിസ്ഥാനുമായി ഉഭയകക്ഷി ബന്ധങ്ങള്‍ കുറയ്ക്കും. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. പാക് പൗരന്മാര്‍ക്ക് സാര്‍ക് വിസ അനുവദിക്കില്ല. നിലവില്‍ നല്‍കിയ വിസ റദ്ദാക്കും. അവര്‍ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണം. വാഗ‑അട്ടാരി അതിര്‍ത്തി അടച്ചു. പാക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കാനും തീരുമാനം. പാകിസ്ഥാന്‍ ഹൈക്കമ്മിഷനിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ എണ്ണം 55ല്‍ നിന്നും 30 ആയി കുറയ്ക്കും.

ആക്രമണത്തിനുപിന്നില്‍ അതിര്‍ത്തി കടന്നുള്ള ബന്ധങ്ങളുണ്ടെന്ന് യോഗം വിലയിരുത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഏഴാം നമ്പര്‍ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലെ യോഗം രണ്ടു മണിക്കൂറിലധികം നീണ്ടു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, കര, വ്യോമ, നാവിക സേനാ തലവന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
പഹല്‍ഗാം സന്ദര്‍ശിച്ചശേഷം വൈകുന്നേരത്തോടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ എത്തിയത്. അമേരിക്ക, പെറു സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് ധനമന്ത്രി ഇന്ന് എത്തിച്ചേര്‍ന്നത്.

സൗദി അറേബ്യ സന്ദര്‍ശനം വെട്ടിക്കുറച്ച് രാവിലെ പ്രധാനമന്ത്രി ഡല്‍ഹിയില്‍ മടങ്ങിയെത്തിയിരുന്നു. കശ്മീരിലെ പഹല്‍ഗാമിലെ ബൈസരന്‍ താഴ്‌വരയിലാണ് തീവ്രവാദികള്‍ വിനോദസഞ്ചാരികള്‍ക്കു നേരെ വെടിയുതിര്‍ത്തത്. കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒരു നേപ്പാള്‍ സ്വദേശിയുമടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 17 പേര്‍ ചികിത്സയിലുണ്ട്. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബയുടെ നിഴല്‍ ഗ്രൂപ്പായ ദി റസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അതേസമയം ഇന്ത്യ സൈനികമായി തിരിച്ചടിച്ചേക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരോട് തയ്യാറെടുപ്പുകൾ നടത്താൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

തിരച്ചില്‍ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി സൈന്യം. പാകിസ്ഥാനിൽ നിന്നുള്ള നാലു പേരുൾപ്പെടെ ഏഴു പേരടങ്ങുന്ന ഭീകര സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പ്രാദേശിക ഭീകരവാദികളായ ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍, ത്രാല്‍ സ്വദേശി ആസിഫ് ഷെയ്ക്ക് എന്നിവര്‍ സംഘത്തിലുണ്ടെന്ന് സൈന്യം സംശയിക്കുന്നു. ‍

മൂന്നു ഭീകരരുടെ രേഖാചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരർ പിർ പഞ്ചൽ റേഞ്ചിലേക്ക് കടന്നതായാണ് സംശയം. സൈന്യവും കേന്ദ്ര അർധസൈനിക വിഭാഗങ്ങളും ജമ്മു കശ്മീർ പൊലീസും വ്യാപക തിരച്ചിൽ നടത്തിവരികയാണ്. ഭീകരാക്രമണത്തെത്തുടര്‍ന്ന് മൂന്ന് സേനാ മേധാവികളുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികളെക്കുറിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും നാവികസേനാ മേധാവി ദിനേശ് ത്രിപാഠിയും പ്രതിരോധ മന്ത്രിയെ ധരിപ്പിച്ചു.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ശ്രീനഗര്‍ പൊലീസ് ആസ്ഥാനത്ത് കേന്ദ്രമന്ത്രി അമിത് ഷാ ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് പഹല്‍ഗാം സന്ദര്‍ശിച്ചു. ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ കണ്ട അമിത് ഷാ നിഷ്ഠുരമായ ഭീകരാക്രമണത്തിന്റെ കുറ്റവാളികളെ വെറുതെ വിടില്ലെന്ന് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം നല്‍കും.

പങ്കില്ലെന്ന് പാകിസ്ഥാന്‍

പഹൽഗാം ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് പാകിസ്ഥാൻ. ഒരുതരത്തിലുള്ള ഭീകരതയെയും പാകിസ്ഥാൻ അംഗീകരിക്കാറില്ലെന്നും പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. നാഗാലാന്‍ഡ് മുതല്‍ കശ്മീര്‍ വരെയും, ഛത്തീസ്ഗഢ്, മണിപ്പൂര്‍ എന്നിവിടങ്ങളിലും വിപ്ലവങ്ങള്‍ നടക്കുന്നുണ്ട്. ഇവ സ്വദേശത്ത് തന്നെ വളര്‍ന്നുവന്നതാണ്. ഇന്ത്യക്കെതിരായ വിശാലമായ കലാപത്തിന്റെ ഭാഗമാണിതെന്നും ഖ്വാജ ആസിഫ് വിശേഷിപ്പിച്ചു.

കുല്‍ഗാമിലും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം വിഫലമാക്കി സൈന്യം. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഉറി മേഖലയിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് സ്‌ഫോടക സാമഗ്രികളും കണ്ടെത്തിയതായും ചിനാർ കോർ പ്രസ്താവനയില്‍ അറിയിച്ചു.
തെക്കൻ കശ്മീരിലെ കുൽഗാമിലും ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അബർബൽ വെള്ളച്ചാട്ടതിന് സമീപം ടിആർഎഫ് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോർട്ട്. നേരത്തെ തന്നെ ഈ പ്രദേശങ്ങളിൽ വലിയ തരത്തിലുള്ള സൈനികനീക്കം ആരംഭിച്ചിരുന്നു. ഭീകരർക്കായുള്ള തിരച്ചിൽ വളരെ ശക്തമായി പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.