26 December 2025, Friday

ആഗോള സാമ്പത്തിക വ്യവസ്ഥ; മടക്കയാത്രയിലോ?

പ്രൊഫ. കെ അരവിന്ദാക്ഷൻ
April 25, 2025 4:30 am

നിരവധി ധനശാസ്ത്രജ്ഞരും ചരിത്രകാരന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നത് നിലവിലുള്ള ആ­ഗോള സാഹചര്യങ്ങളും 1930കളിലേതുമായി ഒട്ടേറെ സമാനതകളുണ്ടെന്നാണ്. യുഎസ് പ്രസിഡന്റ് പദത്തില്‍ രണ്ടാമതും അധികാരത്തിലെത്തിയതിനുശേഷം ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച നയങ്ങള്‍ ആഗോള വിപണികളില്‍ ഉളവാക്കിയ ചാ‍ഞ്ചാട്ടങ്ങള്‍ തന്നെയാണിതിന് കാരണം. 1930കളിലേതിന് സമാനമായ സ്വഭാവ സവിശേഷതകളുള്ള ഏകാധിപത്യഭരണ മാതൃകകളും നേതാക്കളുമാണ്, അമേരിക്കയിലും റഷ്യയിലുമുള്‍പ്പെടെ അധികാരത്തിലെത്തിയിരിക്കുന്നത്. എന്നാല്‍, അന്നത്തെ ആഗോള സാഹചര്യങ്ങളും നിലവിലുള്ളവയും തമ്മില്‍ ഏതാനും അന്തരങ്ങളുമുണ്ട്.

1930കളില്‍ ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ഹംഗറി തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ സ്വേച്ഛാധിപത്യ ഭരണാധികാരമായിരുന്നു നിലവിലുണ്ടായിരുന്നത്. ഏതാനും ചില ഭൂപ്രദേശങ്ങളില്‍ കോളനിവാഴ്ചയുണ്ടായിരുന്നു. ഈവിധത്തിലുള്ള രാഷ്ട്രീയക്രമങ്ങള്‍ ക്രമേണ തിരോധാനം ചെയ്തു. ഇതിനെല്ലാമുപരിയായി കോവിഡിനു സമാനമായ മാരക സ്വഭാവത്തോടെ പരക്കാനിടയായ സ്പാനിഷ് ഫ്ലൂ എന്ന വ്യാധിയും ലോകജനത അതിജീവിക്കുകയുണ്ടായി. ഇത്രയെല്ലാം അതിജീവന നേട്ടങ്ങള്‍ കൈവരിച്ചതിനുശേഷവും 1929ല്‍ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക മാന്ദ്യക്കെടുതിയില്‍ നിന്നും പുറത്തുകടക്കാന്‍ സാധ്യമായില്ലെന്നതാണ് ചരിത്ര വസ്തുത. ഇതേത്തുടര്‍ന്ന് ആഗോളതലത്തിലുണ്ടായത് തീരുവായുദ്ധങ്ങളുടെ ഒരു പരമ്പരതന്നെയായിരുന്നു.
ഓരോ രാജ്യവും സ്റ്റേറ്റിന്റെ ഉടമസ്ഥാടിസ്ഥാനത്തിലുള്ളത് — മെര്‍ക്കന്റലിസ്റ്റ് — നയസമീപനമാണ് പൊതുവിലും പ്രത്യേകിച്ച് വ്യാപാര ബന്ധങ്ങളിലും പ്രയോഗത്തിലാക്കിയത്. ഇതിലേക്കായി ഒരുകൂട്ടം നികുതികളും തീരുവകളും തുടര്‍ച്ചയായി ഏര്‍പ്പെടുത്തുകയായിരുന്നു. ഇത്തരമൊരു നയസമീപനത്തിന് ധനശാസ്ത്രകാരന്മാര്‍ നല്‍കിയ പേര് ‘ബെഗര്‍മൈ നയ്ബര്‍ പോളിസി’ എന്നായിരുന്നു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളാണ് ഇതേത്തുടര്‍ന്നുണ്ടായത്. ലോകരാജ്യങ്ങളിലാകെ തൊഴിലില്ലായ്മ അഭൂതപൂര്‍വമായ ഉയരങ്ങളിലെത്തിയപ്പോള്‍ ജര്‍മ്മനിയിലും ഓസ്ട്രിയയിലും ഹൈപ്പര്‍ ഇന്‍ഫ്ലേഷന്‍ ജനജീവിതത്തെ ദുരിതത്തിലാഴ്ത്തുകയും ചെയ്തു. വിചിത്രമെന്നുതന്നെ വിശേഷിപ്പിക്കപ്പെട്ട ഈ ഘട്ടത്തില്‍ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് നേരിടേണ്ടിവന്നത് ഗുരുതരമായ പണഞെരുക്കമായിരുന്നു.

ഈ വിധത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ വ്യാപകമായപ്പോള്‍ത്തന്നെ, ഏകാധിപത്യ രാഷ്ട്രീയ ഭരണവ്യവസ്ഥകള്‍ നിലനിന്നു. മുഴുവന്‍ ഇടങ്ങളിലും സാധാരണ ജനത നിത്യജീവിത ക്ലേശങ്ങളുടെ സമ്മര്‍ദഫലമായി പൊറുതിമുട്ടുകയുമായിരുന്നു. യുഎസ്എസ്ആറിലെ ഭരണകൂടം ചെയ്തത് നിരവധി ജനങ്ങളെ മറ്റിടങ്ങളിലേക്ക് മാറ്റുകയായിരുന്നു എന്നാണ് ചരിത്ര രേഖകള്‍ കാണിക്കുന്നത്. ജര്‍മ്മനിയിലെ നാസി ഭരണകൂടം തദ്ദേശീയരല്ലാത്ത ജൂതവംശജരെ കൊന്നൊടുക്കുകയായിരുന്നുവത്രെ. മറ്റൊരു വിഭാഗം ജനത കൂട്ട ബലാത്സംഗത്തിനും കൂട്ടക്കൊലയ്ക്കും ഇരകളാവുകയുമായിരുന്നു. ഇക്കൂട്ടത്തില്‍ ചൈനീസ് പൗരന്മാരുമുണ്ടായിരുന്നു. ഈ വിധത്തിലുള്ള ദുരനുഭവങ്ങളാണ് വിവിധ ലോക രാജ്യങ്ങളില്‍ 1930കളിലെ മാന്ദ്യ പ്രതിസന്ധിയോടൊപ്പം തദ്ദേശീയരല്ലാത്ത ജനങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത്.

1930കളില്‍ സ്പാനിഷ് സിവില്‍ യുദ്ധം, ചൈന — ജപ്പാനീസ് യുദ്ധം തുടങ്ങിയ പ്രാദേശിക ഏറ്റുമുട്ടലുകളും നടക്കുകയുണ്ടായി. 2025ല്‍ ഇതിന് സമാനമായിട്ടാണ് പലസ്തീന്‍ — ഇസ്രയേല്‍ യുദ്ധവും റഷ്യ — ഉക്രെയ്ന്‍ ഏറ്റുമുട്ടലുകളും നടന്നുവരുന്നത്. 1930കളിലെ പ്രാദേശിക യുദ്ധങ്ങള്‍ ഒരുഘട്ടം പിന്നിട്ടതോടെ കൂടുതല്‍ ഗുരുതരമാവുകയും ആഗോള ഏറ്റുമുട്ടലുകളായി രൂപാന്തരപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ജര്‍മ്മനിയും ഓസ്ട്രിയയും ചെക്കോസ്ലോവാക്യയും കീഴടക്കി സ്വന്തം വരുതിയിലാക്കുകയും പോളണ്ടിനെതിരായി തുടക്കമിട്ട യുദ്ധത്തിലൂടെ ഒരു പാന്‍ യൂറോപ്യന്‍ യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു.
സോവിയറ്റ് യൂണിയന്‍ മൂന്ന് ബാര്‍ട്ടിക്ക് രാഷ്ട്രങ്ങളായ എസ്റ്റോണിയ, ലാറ്റ്‌വിയ, ലിത്വാനിയ എന്നിവ കയ്യടക്കി. പോളണ്ടിന്റെ ഒരു ഭാഗം സ്വന്തം ഭൂപ്രദേശത്തോടെ കൂട്ടിച്ചേര്‍ത്തതോടൊപ്പം ഫിൻ‍ലന്‍‍ഡ് പിടിച്ചടക്കാനുള്ള ശ്രമം നടത്തുകകൂടി ചെയ്തു. ജപ്പാന്‍, ചൈനീസ് ഭൂപ്രദേശത്തിന്റെ വലിയൊരുഭാഗം പിടിച്ചെടുത്തതിനുശേഷം പോള്‍ഹാര്‍ബറിനെതിരായി ആക്രണം അഴിച്ചുവിട്ടതോടൊപ്പം ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ബര്‍മ്മ തുടങ്ങിയവയ്ക്കുപുറമെ പസഫിക് മേഖലയിലെ ഏതാനും ദ്വീപുകളും കയ്യടക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണല്ലോ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുകയും ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അതിമാരകമായ ന്യൂക്ലിയര്‍ ബോംബ് വര്‍ഷിച്ചതിലൂടെ 125 ദശലക്ഷം ജനതയെ കൂട്ടക്കൊലക്കിരയാക്കുകയും ചെയ്തതും വിവിധ രാജ്യങ്ങളുടെ ഭൂപടങ്ങളുടെ തന്നെ തിരുത്തിയെഴുതലിലേക്ക് നയിച്ചതും.

ആധുനിക കാലഘട്ടത്തില്‍ തീരുവ — വ്യാപാരയുദ്ധങ്ങളാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ നിരന്തരം നടന്നുവരുന്നത്. തീര്‍ത്തും നശീകരണ സ്വഭാവമുള്ളവയാണ് ഈ യുദ്ധങ്ങള്‍ എന്ന് അതില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബോധ്യമുണ്ടെങ്കിലും വിട്ടുനില്‍ക്കാന്‍ ഒരു രാജ്യവും സന്നദ്ധമാകുന്നില്ല. ഉദാഹരണത്തിന് ഒരു ചെറിയ രാജ്യമായ ശ്രീലങ്ക സ്വന്തം ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ അടച്ചിടുകയും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ എന്തായിരിക്കും സംഭവിക്കുക? ശ്രീലങ്കന്‍ ജനത തന്നെ അതിന്റെ പ്രതികൂല ആഘാതം ഏല്‍ക്കേണ്ടതായിവരും. അതേ മണ്ടന്‍ നയം മറ്റു രാജ്യങ്ങള്‍ കൂടി പിന്തുടരുന്നുവെങ്കില്‍ മുഴുവന്‍ ലോകരാഷ്ട്രങ്ങളും ലോകജനത ആകെയും അതിന്റെ ആഘാതത്തിന് വിധേയമാവും. 1930കളില്‍ നടന്നതും ഇതായിരുന്നു.

ഈ ദുരനുഭവത്തിന്റെ തനിയാവര്‍ത്തനം ഇനിയും നടക്കുമോ? ട്രംപിന്റെ രണ്ടാം വരവും തീരുവായുദ്ധത്തിന്റെ പുനരവതാരവും മറ്റുനയപ്രഖ്യാപനങ്ങളും അതേപടി ആവര്‍ത്തിക്കപ്പെടുന്നപക്ഷം മറിച്ചെന്തെങ്കിലും ഫലത്തിലേക്ക് രാജ്യങ്ങളെ നയിക്കുമോ എന്ന് വിലയിരുത്തേണ്ട ഘട്ടത്തിലാണ് നാമെല്ലാം. 1930കളിലെ വ്യാപാരയുദ്ധങ്ങള്‍ക്ക് ആഗോളസ്വഭാവം ഇല്ലാതാക്കാന്‍ അവസരമൊരുക്കിയത് രണ്ടാം ലോകയുദ്ധമായിരുന്നു. നിലവില്‍ ലോകത്തിന്റെ വിവിധ മേഖലകളില്‍ അരങ്ങേറുന്ന സെെനിക ഏറ്റുമുട്ടലുകളും തീരുവ — വ്യാപാര യുദ്ധങ്ങളും അവസാനിപ്പിക്കുന്നതിനും മറ്റൊരു ആഗോള യുദ്ധം വേണ്ടിവരുമോ എന്ന ചോദ്യമാണ് നമ്മെ അലട്ടുന്ന പ്രശ്നം.

നമ്മുടെ ആശങ്ക വര്‍ധിപ്പിക്കുന്നതിനിടയാക്കുന്ന ഏതാനും ചില ഘടകങ്ങള്‍ കൂടിയുണ്ട്. ഇതിലൊന്നാണ് അണുവായുധ നിര്‍മ്മാണത്തിന്റെയും ശേഖരത്തിന്റെയും അഭൂതപൂര്‍വമായ പെരുപ്പവും ഗതിവേഗവും. ഇപ്പോള്‍ത്തന്നെ എട്ട് രാജ്യങ്ങള്‍ സ്വന്തം അണുവായുധ ശേഖരത്തിന്റെ വലിപ്പം പരസ്യപ്രഖ്യാപനം നടത്താന്‍ സന്നദ്ധമായിട്ടുണ്ട്. ഇവര്‍ക്കു പുറമെ, ഏതാനും രാഷ്ട്രങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ജനാധിപത്യ ഭരണകൂടങ്ങളല്ല അധികാരത്തിലിരിക്കുന്നത്, ഏകാധിപത്യ ഭരണകൂടങ്ങളാണ്. ഇക്കൂട്ടത്തില്‍ അരഡസനിലേറെ രാജ്യങ്ങള്‍ അയല്‍രാജ്യങ്ങളുമായി സെെനിക ഏറ്റുമുട്ടലുകളില്‍ എത്തിയിട്ടുമുണ്ട്.

രണ്ടാമതൊരു ഘടകം കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വിപത്താണ്. 1930കളില്‍ ഈവിധത്തിലൊരു ഭീഷണി നിലനിന്നിരുന്നില്ല. ആധുനിക കാലഘട്ടത്തില്‍ അത്യുഷ്ണമോ, വരള്‍ച്ചയോ, അതിശെെത്യമോ, മഞ്ഞുവീഴ്ചയോ, വെള്ളപ്പൊക്കമോ, കടലാക്രമണമോ ഇല്ലാത്ത ഒരു വര്‍ഷമെങ്കിലും നമുക്ക് ഓര്‍മ്മയിലുണ്ടായിരിക്കില്ല. കാലാവസ്ഥയില്‍ കൂടെക്കൂടെയുണ്ടാകുന്ന മാറ്റങ്ങള്‍, ഭൂമിക്കും മനുഷ്യജീവനും നിലനില്പിന്റെ വെല്ലുവിളികള്‍ മാത്രമല്ല, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും കൃത്യമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്.
കാലാവസ്ഥാ വ്യതിയാനവും അതിലേക്ക് നയിക്കുന്ന പ്രകൃതിവിഭവ ദുര്‍വിനിയോഗവും സംബന്ധിച്ച വിഷയത്തില്‍, നമ്മുടെ ശാസ്ത്രസമൂഹത്തിനിടയില്‍ 97 ശതമാനം ഏകാഭിപ്രായമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ നീല്‍ഡിഗ്രാസ് ടൈസണ്‍ അഭിപ്രായപ്പെടുന്നു. ശേഷിക്കുന്ന മൂന്ന് ശതമാനം പേരുടെ അഭിപ്രായമാണ് കാലാവസ്ഥാ വ്യതിയാനം മൂലം ഉളവാകുന്ന ദുരന്തങ്ങളില്‍ നിന്നും മുതലെടുപ്പ് നടത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഈ വിഭാഗമാണെങ്കില്‍ കാലാവസ്ഥാ വ്യതിയാനം മൂലം വികസനയത്നങ്ങള്‍ ഗുരുതരമായ പ്രതിസന്ധികളില്‍ അകപ്പെടുന്നുണ്ടെന്ന് അംഗീകരിക്കാന്‍ സന്നദ്ധവുമല്ല.

ശാസ്ത്ര സാങ്കേതികവിദ്യയുടെ മുന്നേറ്റം ആഗോള സമ്പദ്‌വ്യവസ്ഥയുടെ അതിവേഗ പുരോഗതിക്ക് താങ്ങും തണലുമായാവര്‍ത്തിച്ചിട്ടുണ്ടെന്നത് അംഗീകരിക്കുമ്പോള്‍ത്തന്നെ നിര്‍മ്മിത ബുദ്ധി (എഐ)യുടെ അതിപ്രസരം മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ എത്രമാത്രം പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുമെന്നത് പ്രവചനാതീതമായി തുടരുകയാണ്. അണുവായുധ മേഖലയില്‍ എഐയുടെ വരവ് എത്രമാത്രം ഗുരുതരമായ മാനമായിരിക്കും സൃഷ്ടിക്കുക എന്നത് ഒരുപക്ഷേ ഹൗഡിനിക്കുപോലും ഊഹിച്ചെടുക്കാന്‍ കഴിയുമായിരുന്നില്ല. സാമ്പത്തിക ക്രമത്തില്‍ ചിട്ടയായ പ്രവര്‍ത്തനത്തിനുതന്നെ ഒരു വിലങ്ങുതടിയായിരിക്കുകയാണ് നിര്‍മ്മിതബുദ്ധി എന്ന ശാസ്ത്രവിജ്ഞാന ശാഖ. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് അറുതി വരുത്താന്‍ എഐക്ക് എന്തെങ്കിലും സംഭാവന ചെയ്യാന്‍ കഴിയുമെന്നതിനും ഉറപ്പില്ല. നവീനമായ കാര്‍ഷിക വിളകള്‍ക്കും കാര്‍ഷിക രീതികള്‍ക്കും രൂപം നല്‍കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നാശങ്ങള്‍ക്കും ഭക്ഷ്യക്ഷാമം പോലുള്ള ദുരന്തങ്ങള്‍ക്കും അന്ത്യം കുറിക്കുന്നതിനും മനുഷ്യസമൂഹത്തിന്റെ ഉന്മൂലനത്തില്‍ നിന്നും രക്ഷപ്രാപിക്കുന്നതിനും നിര്‍മ്മിത ബുദ്ധിയുടെ സഹായത്തിലൂടെ കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണ്.

ചുരുക്കത്തില്‍ യുഎസ് പ്രസിഡന്റ് പദവിയിലേക്കുള്ള ട്രംപിന്റെ രണ്ടാം വരവ് വെളിവാക്കുന്നത് സ്വന്തം ബുദ്ധിയില്‍ ഉദിക്കുന്നവിധം സാമ്പത്തിക, വ്യാപാര, തീരുവ, നികുതി നയങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്റെ ഫലം ലോക സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമെന്നാണ്. അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുപോലെ ട്രംപിന്റെ കാഴ്ചപ്പാടില്‍, അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ സാമാന്യം മെച്ചപ്പെട്ട നിലവാരത്തിലെത്തിയിരിക്കുന്നതിനാല്‍ തീരുവ വര്‍ധന, സാമ്പത്തിക മാന്ദ്യത്തിലേക്ക് ആഗോള സമ്പദ്‌വ്യവസ്ഥയെ നയിച്ചാലും കുഴപ്പമില്ല. ഇതിനുപുറമെ നിര്‍മ്മിത ബുദ്ധിയും പ്രാദേശികതലത്തിലുള്ള സൈനിക ഏറ്റുമുട്ടലുകളും കാലാവസ്ഥാ വ്യതിയാനങ്ങളും കൂടിയാവുമ്പോള്‍ ലോക ജനതയെ ഉറ്റുനോക്കുന്നത് 1930കളിലെ സ്ഥിതിവിശേഷം തന്നെയാണോ എന്ന ആശങ്കയാണ്.

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.