26 December 2025, Friday

Related news

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025

വിദേശപഠന വായ്പ; മലയാളികള്‍ കടക്കെണിയില്‍

കെ രംഗനാഥ്
തിരുവനന്തപുരം
April 25, 2025 10:51 pm

വിദേശത്ത് ജോലി സ്വപ്നം കണ്ട് അന്യരാജ്യങ്ങളില്‍ പഠിക്കാന്‍ ബാങ്കുവായ്പയെടുത്ത രണ്ടരലക്ഷത്തിലേറെ മലയാളി കുടുംബങ്ങള്‍ ജപ്തിഭീഷണിയില്‍. വിദേശത്തു പഠിച്ചിട്ടും ജോലി കിട്ടാതെ മടങ്ങേണ്ടി വരുന്ന തൊഴിലാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനത്താണ് കേരളം എന്ന് രാജ്യസഭയില്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് മലയാളി വിദ്യാര്‍ത്ഥികള്‍ പഠന വായ്പയെടുത്ത 11,872.81 കോടി രൂപയാണ് തിരിച്ചടയ്ക്കാനാവാതെ ജപ്തിഭീഷണി നേരിടുന്നതെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി വെളിപ്പെടുത്തിയിട്ടുണ്ട്. വിദേശപഠനത്തിന് സംസ്ഥാനത്തെ 2,57,699 വിദ്യാര്‍ത്ഥികളാണ് വായ്പയെടുത്തിട്ടുള്ളതെന്നും സമിതി കണക്കാക്കുന്നു. പഠനം പൂര്‍ത്തിയാക്കുകയും വിസാകാലാവധി കഴിയുകയും ഇതിനിടെ വിദേശ ജോലി സ്വപ്നം പൊലിയുകയും ചെയ്തതോടെയാണ് തൊഴില്‍രഹിത വിദ്യാര്‍ത്ഥികളുടെ തിരിച്ചൊഴുക്ക് ശക്തമാകുന്നത്. യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭ്രാന്തന്‍ കുടിയേറ്റ നയംമൂലം അവിടെ നിന്നും പതിനായിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണുള്ളതെന്ന ഔദ്യോഗികമായ കണക്കുകളും പുറത്തുവരുന്നു. കാനഡ, യുകെ, ഓസ്ട്രേലിയ, അറബ് രാജ്യങ്ങള്‍, ജര്‍മ്മനി എന്നിവിടങ്ങളിലെ സ്വദേശിവല്‍ക്കരണം തീവ്രമായതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ വിദേശപഠനത്തിന് 11,872.81 കോടി രൂപയാണ് വായ്പയെടുത്തതെങ്കില്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയിലെ വിദേശപഠന വായ്പ 6,158.22 കോടിയും മൂന്നാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശില്‍ 5,168.34 കോടിയുും തെലങ്കാനയില്‍ 5,103.77 കോടിയുമാണ്. വായ്പാ കുടിശിക വര്‍ധിച്ചതോടെ ബാങ്കുകള്‍ സര്‍ഫ്രാസി നിയമപ്രകാരം വായ്പയ്ക്ക് ഈടായി ലഭിച്ച സ്ഥാവരജംഗമ സ്വത്തുക്കള്‍ ജപ്തി ചെയ്ത് വായ്പ കുടിശിക ഈടാക്കാനുള്ള നടപടികളും വ്യാപകമായി ആരംഭിച്ചത് പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു. വിദേശ ജോലി സ്വപ്നം കണ്ട് പഠനം പൂര്‍ത്തിയാക്കിയും കുടിയേറ്റ നിയമങ്ങള്‍മൂലം പൂര്‍ത്തിയാക്കാനാവാതെ വരികയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്കിന് വരുംനാളുകളില്‍ ശക്തിയേറുന്നതോടെ കടക്കയത്തില്‍ മുങ്ങുന്ന കുടുംബങ്ങളുടെ സംഖ്യയും കുത്തനെ ഉയരും.

വായ്പയ്ക്കായി പണയപ്പെടുത്തിയ വസ്തുക്കളുടെ ജപ്തി നടപടികള്‍ക്കെതിരെ സ്റ്റേ വാങ്ങാന്‍ കോടതികളെ സമീപിക്കുന്നവരുടെ എണ്ണവുമേറുന്നു. എന്നാല്‍ തല്‍ക്കാലം ഒരു സ്റ്റേ നല്കാമെന്നല്ലാതെ വായ്പ തിരിച്ചുപിടിക്കാനുള്ള ജപ്തി നടപടികള്‍ ഒഴിവാക്കണമെന്ന് വിധിക്കാന്‍ സര്‍ഫ്രാസി നിയമപ്രകാരം കോടതികള്‍ക്കു പരിമിതിയുമുണ്ട്. മാറിവരുന്ന ലോക സാഹചര്യങ്ങള്‍ക്കനുസരിച്ച് ആസൂത്രണമില്ലാതെ വിദേശപഠന സ്വപ്നലോകത്തേക്ക് എടുത്തുചാടുന്നതാണ് ഇപ്പോഴത്തെ രൂക്ഷമായ ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികള്‍ അഭിപ്രായപ്പെടുന്നു. വിദേശപഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളില്‍ നല്ലൊരു പങ്കും ശരാശരിക്ക് താഴെ മികവ് പുലര്‍ത്തുന്നവരാണ്. തൊഴില്‍ സാധ്യതകളില്ലാത്ത കോഴ്സുകള്‍ വിദേശപഠനത്തിന് തെരഞ്ഞെടുക്കുന്നതും അബദ്ധമായി മാറുന്നുവെന്നും വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി വൃത്തങ്ങള്‍ കരുതുന്നു.

25 ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് പലരും വായ്പയെടുക്കുന്നത്. വായ്പകള്‍ തിരിച്ചടയ്ക്കുമ്പോള്‍ അത് 40 ലക്ഷം രൂപ മുതല്‍ 60 ലക്ഷം വരെയാകും. ഇത്ര കനത്ത പലിശയ്ക്ക് വായ്പയെടുത്ത് പഠിച്ച ശേഷം തൊഴില്‍രഹിതരായി മടങ്ങുന്നവര്‍ സൃഷ്ടിക്കുന്ന സാമൂഹ്യ‑സാമ്പത്തിക ആഘാതങ്ങളും ചില്ലറയല്ലെന്നാണ് വിദേശ തൊഴില്‍ വിപണി നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.