26 December 2025, Friday

Related news

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025

കേരള ചരിത്രത്തിന് ശാസ്ത്രീയ അടിത്തറ പാകിയ ‘പെരുമാള്‍’

അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
April 26, 2025 9:47 pm

ചരിത്രരചനയ്ക്ക് ശാസ്ത്രത്തെ ഉപയോഗപ്പെടുത്തി പുതുവഴി കണ്ടെത്തിയ ചരിത്രകാരനായിരുന്നു ഡോ. എംജിസ് നാരായണന്‍.ചരിത്രത്തെ കെട്ടുകഥകളിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ചരിത്ര ഗവേഷണങ്ങൾക്ക് അതുല്യമായ സംഭവനകൾ നൽകിയ എംജിഎസ് രാഷ്ട്രീയ സാഹചര്യങ്ങളോട് നിരന്തരം കലഹിച്ചു. നിലപാടുകളിലെ കൃത്യതയും നിർഭയത്വവും അദ്ദേഹത്തിനെ വ്യത്യസ്തനാക്കി. പഠനങ്ങൾക്ക് ആശ്രയിച്ച ദത്തങ്ങളുടെ ശാസ്ത്രീയമായ തെരഞ്ഞെടുപ്പുകൾ കൊണ്ടും പ്രമാണ വൈപുല്യം കൊണ്ടും യുക്തിഭദ്രമായ നിലപാടുകൾകൊണ്ടും അദ്ദേഹത്തെ പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ളയുടെ ശിഷ്യ പരമ്പരയിലാണ് ഗണിക്കപ്പെടുന്നത്. നിരവധി ഗവേഷകർക്ക് അദ്ദേഹം വഴികാട്ടിയും ഏത് സംശയങ്ങൾക്കും വസ്തുനിഷ്ഠമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായുള്ള അഭയകേന്ദ്രവുമായി. 

ചരിത്ര ഗവേഷണം ഭൂതകാലത്തെ കുറിച്ചുള്ള കാല്പനിക പരികല്പനകൾക്ക് ഉപദാനങ്ങൾ കണ്ടെത്തുക എന്നതല്ലെന്ന് അദ്ദേഹം തന്റെ രചനകളിലൂടെ തെളിയിച്ചു. പലപ്പോഴും വസ്തുനിഷ്ഠത അദ്ദേഹത്തെ സ്വയം തന്നെ ആശയകുഴപ്പങ്ങളിലേക്കും വിവാദങ്ങളിലേക്കും നയിച്ചു. അപ്പോഴും ചരിത്രത്തോടുള്ള പ്രതിബദ്ധത കൈവിട്ടില്ല. തിരുത്തി പറയേണ്ടത് തിരുത്തി പറയാനും മടികാട്ടിയില്ല. ചരിത്രകാരന്മാർ ഏതെങ്കിലും ഭാഗത്ത് നിൽക്കണമെന്ന കീഴ് വഴക്കത്തെ അദ്ദേഹം അവഗണിച്ചു. ഒരു കള്ളിയിലും ഒതുങ്ങാത്ത ചരിത്രപണ്ഡിതനായിരുന്നു എംജിഎസ്. തന്റെ ഓരോ പ്രസ്താവനയ്ക്കും നിഗമനങ്ങൾക്കും ഒരുകൂട്ടം തെളിവുകൾ നൽകിക്കൊണ്ട് സാധൂകരണം നൽകുന്ന അദ്ദേഹത്തിന്റെ രചനാശൈലി പിൽക്കാല ഗവേഷകരിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല. ദന്തഗോപുരവാസിയായിരുന്ന ഒരു ചരിത്രാന്വേഷിയായിരുന്നില്ല എംജിഎസ്. ശാസ്ത്രീയബോധമുള്ള ചരിത്രകാരന്മാരെ പരിശീലിപ്പിച്ചെടുക്കുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങി. യുവഗവേഷകരെ വാർത്തെടുക്കുന്നതിലും അവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കുന്നതിലും അദ്ദേഹത്തിന്റെ മിടുക്ക് അപാരമായിരുന്നു.

ഇന്ത്യൻ അക്കാദമിക ചരിത്രമേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന ഡോ. എംജിഎസ് 200 ലേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. ചരിത്ര രംഗത്തും കേരളത്തിന്റെ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു. ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്. ഈ പഠനത്തിനുശേഷമാണ് പെരുമാൾ ഓഫ് കേരള എന്ന പുസ്തകം എഴുതിയത്. ശില താമ്ര ലിഖിതങ്ങൾ കണ്ടെത്തിയായിരുന്നു എംജിഎസിന്റെ ഗവേഷണം. കേരള ചരിത്ര ഗവേഷണത്തിൽ മികവ് തെളിയിച്ചു. അന്തർദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലെയും റഷ്യയിലെയും സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി പ്രവർത്തിച്ചു.മലയാളം, ഇംഗ്ലിഷ്, തമിഴ്, സംസ്കൃതം ഭാഷകളിലും ബ്രാഹ്മി, വട്ടെഴുത്ത്, ഗ്രന്ഥ ലിപികളിലും അവഗാഹമുള്ള എംജിഎസ് ശിലാരേഖ പഠനത്തിൽ പരിശീലനം നേടിയിരുന്നു. ചരിത്രത്തെയും രാഷ്ട്രീയത്തെയും സമൂഹത്തെയും സംബന്ധിച്ച തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ അദ്ദേഹം ഒരിക്കലും മടി കാട്ടിയില്ല. അദ്ദേഹത്തിന്റെ നിലപാടുകൾ പലപ്പോഴും വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിതുറന്നിട്ടുണ്ട്. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ മെംബർ സെക്രട്ടറിയും ചെയർമാനുമായിരുന്നു. 

യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡിസിൽ കോമൺവെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, യൂണിവേഴ്സിറ്റി ഓഫ് മോസ്കോ, ലെനിൻഗ്രാഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റൽ സ്റ്റ‍ഡീസ് എന്നിവടങ്ങളിൽ വിസിറ്റിങ് ഫെലോ, ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് ഫോറിൻ സ്റ്റ‍ിഡിസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വജ്സ് ആൻഡ് കൾച്ചേഴ്സിൽ പ്രഫസർ എമരിറ്റസ്, മഹാത്മാഗാന്ധി സർവകലാശാല, മാംഗ്ലൂൂർ സർവകലാശാല എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.