17 December 2025, Wednesday

Related news

December 17, 2025
December 17, 2025
December 16, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025

കശ്മീരിലെ ടൂറിസം മേഖല തകര്‍ന്നു; 80 ശതമാനം ബുക്കിങ്ങും റദ്ദായി

Janayugom Webdesk
ശ്രീനഗര്‍
April 27, 2025 10:31 pm

പഹല്‍ഗാമിലെ ഭീകരാക്രമണം കശ്മീരിലെ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത ആഘാതമായി. ആക്രമണത്തെത്തുടര്‍ന്ന് മിക്ക വിനോദസഞ്ചാരികളും യാത്രാ പരിപാടികള്‍ റദ്ദാക്കുന്ന അവസ്ഥയാണ്. ആറു ദിവസത്തിനുള്ളില്‍ ഏകദേശം 80 ശതമാനത്തോളം ബുക്കിങ്ങുകളാണ് റദ്ദാക്കിയിരിക്കുന്നതെന്ന് കശ്മീർ ഹോട്ടൽ അസോസിയേഷൻ (കെഎച്ച്എ) കണക്കുകള്‍ പുറത്തുവിട്ടു. തിരക്കേറിയ സീസണില്‍ ആക്രമണം ഉണ്ടായത് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയതെന്ന് കെഎച്ച്എ ചെയർമാൻ മുഷ്താഖ് ചായ പറഞ്ഞു. ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് കശ്മീരിലെ അവധിക്കാലം റദ്ദാക്കി പ്രത്യേക വിമാനങ്ങളിലും ട്രെയിനുകളിലുമായി മടങ്ങിപ്പോയത്. നീണ്ടവര്‍ഷത്തെ പ്രതിസന്ധികള്‍ക്ക് ശേഷം അടുത്ത കാലത്താണ് കശ്മീരില്‍ വീണ്ടും വിനോദസഞ്ചാരികളുടെ വരവ് വര്‍ധിക്കാന്‍ തുടങ്ങിയതെന്ന് മുംബൈ ആസ്ഥാനമായുള്ള പൂജ ഹോളിഡേയ്‌സിന്റെ ഉടമ സതീഷ് വൈശ്യ പറയുന്നു.

കശ്മീര്‍ മാത്രമല്ല, ജമ്മു സന്ദര്‍ശിക്കാന്‍ പോലും ആളുകള്‍ ഇപ്പോള്‍ ഭയപ്പെടുകയാണെന്നും ഇവര്‍ പറയുന്നു. 2010ലെ കശ്മീർ കലാപം, 2014ലെ വെള്ളപ്പൊക്കം, 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കല്‍, 2019ലെ പുൽവാമ ആക്രമണം, ‘കശ്മീർ ബഹിഷ്കരിക്കുക’ എന്ന രീതിയില്‍ രാജ്യമൊട്ടാകെ വ്യാപക പ്രചരണം തുടങ്ങി നിരവധി സംഭവികാസങ്ങള്‍ക്കാണ് കശ്മീര്‍ ജനത സാക്ഷ്യം വഹിച്ചത്. ഇതെല്ലാം മറികടന്ന് സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയിട്ട് അധികമായിട്ടില്ല. വീണ്ടും ജനങ്ങള്‍ കശ്മീരിനെ സ്നേഹിച്ച് ഇവിടേക്കെത്തി. ഈ വര്‍ഷത്തില്‍ നിരവധി പേരാണ് കശ്മീരിലെത്തിയത്. എന്നാല്‍ ഒറ്റ ദിവസംകൊണ്ട് വീണ്ടും പഴയ സ്ഥിതിയിലേക്ക് പോയതായി വൈശ്യ മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷ ശക്തമാക്കി യാത്രക്കാരില്‍ ആത്മവിശ്വാസം ഉറപ്പിച്ചില്ലെങ്കില്‍ അത് സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ദോഷകരമാകുമെന്നും അദ്ദേഹം പറയുന്നു. അതേസമയം വന്‍ ദുരന്തത്തിന് വേദിയായ പഹല്‍ഗാമിലെ ബൈസരണിലേക്ക് വിനോദസഞ്ചാരികള്‍ വീണ്ടുമെത്തിത്തുടങ്ങി. തീവ്രവാദികള്‍ക്ക് നമ്മളെ ഭയപ്പെടുത്താന്‍ കഴിയില്ല. ഏത് വെല്ലുവിളിയെയും നേരിടാന്‍ നമ്മുടെ ദൃഢനിശ്ചയം ശക്തമാണെന്ന് ഭീകരര്‍ക്ക് കാട്ടിക്കൊടുക്കണമെന്ന് ശനിയാഴ്ച കുടുംബസമേതം പഹല്‍ഗാമിലെത്തിയ ബംഗളൂരുവില്‍ നിന്നുള്ള വിനോദ സഞ്ചാരി പറഞ്ഞു. തുടക്കത്തില്‍ ഭയമുണ്ടായിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഞങ്ങളെ സ്വീകരിച്ച രീതിയോടെ അത് പൂര്‍ണമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.