27 December 2025, Saturday

Related news

December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025
June 18, 2025

ഷാജി എൻ കരുൺ അപൂർവ പ്രതിഭ

Janayugom Webdesk
April 29, 2025 5:00 am

മലയാള ചലച്ചിത്രത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച പ്രതിഭകളിൽ ഒരാളായിരുന്നു ഇന്നലെ വിടപറഞ്ഞ ഷാജി എൻ കരുൺ. സംവിധായകൻ, ഛായാഗ്രാഹകൻ, ഹ്രസ്വചിത്ര നിർമ്മാതാവ്, എഴുത്തുകാരൻ, സിനിമാ സംഘാടകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞു. 1952ൽ ജനിച്ച ഷാജി എൻ കരുൺ 19-ാം വയസിൽ ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. മലയാളത്തെ ലോകസിനിമയില്‍ അടയാളപ്പെടുത്തിയ അരവിന്ദൻ, കെ ജി ജോർജ്, എം ടി വാസുദേവൻ നായർ തുടങ്ങിയവർക്കൊപ്പം സിനിമാ യാത്ര ആരംഭിച്ച അദ്ദേഹം ഛായാഗ്രാഹണത്തിലൂടെയും സംവിധാനത്തിലൂടെയും തന്റേതായ ഇടം കണ്ടെത്തി. ഛായാഗ്രാഹകനെന്ന നിലയിലാണോ സംവിധായകനെന്ന നിലയിലാണോ ഷാജി എൻ കരുൺ മികച്ചതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാനാകാത്തവിധം രണ്ടിടങ്ങളിലും തന്റെ പ്രതിഭയെ അടയാളപ്പെടുത്തി. അരവിന്ദനൊപ്പം കാഞ്ചന സീത, കുമ്മാട്ടി, തമ്പ്, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് എന്നിങ്ങനെ മികച്ചചിത്രങ്ങളിൽ ഛായാഗ്രാഹകനായി ഷാജി എൻ കരുൺ പ്രവർത്തിച്ചു. അരവിന്ദൻ — ഷാജി എന്ന ദ്വന്ദം തന്നെ മലയാള ചലചിത്ര രംഗത്തുണ്ടായി. സാർവദേശീയ രംഗത്ത് നിരവധി അംഗീകാരങ്ങൾ ലഭിച്ച ഈ സിനിമകളുടെ പ്രവർത്തനങ്ങൾക്ക് ശേഷമായിരുന്നു സംവിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പിറവിയുണ്ടായത്. പിറവിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചലചിത്രത്തിന്റെ പേരെന്നതും യാദൃച്ഛികം. നാടകത്തിന്റെ അരങ്ങിൽ അത്ഭുതം തീർത്ത പ്രേംജിയുടെ അഭ്രപാളിയിലെ അഭിനയചാതുരി എല്ലാവരെയും വിസ്മയിപ്പിക്കുന്നതായി. പ്രേംജിയുടെ അഭിനയ മികവ് അപ്പാടെ അഭ്രപാളിയിലേക്ക് പകർത്തുന്നതിലും ഷാജിയുടെ സംവിധാന ചാതുര്യത്തിന് സാധ്യമായി. പ്രമേയത്തിന്റെ പ്രാധാന്യവും സംവിധാന മികവും കൊണ്ട് ശ്രദ്ധേയമായ ആദ്യ ചലച്ചിത്രം 1989ലെ ദേശീയ പുരസ്കാരങ്ങളിൽ നാലെണ്ണം സ്വന്തമാക്കി. കാൻ ഉൾപ്പെടെ 70ലധികം അന്താരാഷ്ട്ര, ദേശീയ ചലച്ചിത്രമേളകളിലേക്ക് പിറവി തെരഞ്ഞെടുക്കപ്പെട്ടു. 1989ലെ കാൻ, എഡിൻബർഗ്, ലോകോർണോ, ഹവായ്, ചിക്കാഗോ, 1991ലെ ബെർഗമോ, ഫ്രിബോർഗ്, 1991 ഫജ്ർ അന്താരാഷ്ട്ര ചലചിത്രമേളകളിലായി പിറവിക്ക് 31 പുരസ്കാരങ്ങൾ ലഭിച്ചു. ആദ്യ ചലചിത്രത്തിനുതന്നെ ഇത്രയധികം ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ചലചിത്ര പ്രതിഭ അപൂർവമായിരിക്കും. 

പിന്നീടുണ്ടായ അദ്ദേഹത്തിന്റെ എല്ലാ ചലച്ചിത്രങ്ങളും മറ്റുള്ളവരുടെ ചലച്ചിത്രങ്ങളോടെന്നതുപോലെ പരസ്പരവും മത്സരിക്കുന്നവയായിരുന്നു. അതിനാൽതന്നെ അദ്ദേഹത്തിന്റെ സിനിമകളിൽ ഏറ്റവും മികച്ചത് ഏതാണെന്ന് കണ്ടെത്തുക പ്രയാസകരമാണ്. ദുഃഖം എന്ന വികാരത്തെ പ്രമേയമാക്കിയ രണ്ടാമത്തെ ചിത്രമായ സ്വം ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. പിന്നീട് ആ പ്രതിഭയിൽ നിന്നുണ്ടായ വാനപ്രസ്ഥം, സ്വപാനം, നിഷാദ്, കുട്ടിസ്രാങ്ക് എന്നിവയിലും പ്രത്യേകമായ ഷാജി എൻ കരുൺ ടച്ച് നിലനിർത്താനും ദേശീയ, സാർവദേശീയ അംഗീകാരങ്ങൾ തന്റെ പേരിൽ കുറിക്കുന്നതിനും സാധിച്ചു. പ്രേംജിക്കു ശേഷം മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ സ്റ്റാറുകളെ അഭിനയിപ്പിച്ച് അവരുടെ സിദ്ധി കൊമേഴ്സ്യൽ സിനിമകൾക്കുമപ്പുറത്താണെന്ന് ബോധ്യപ്പെടുത്തുന്നതിനും അദ്ദേഹത്തിലെ സംവിധായകന് സാധിച്ചു. പുതുതലമുറ നായകരെ ഉള്‍പ്പെടുത്തി സൃഷ്ടിച്ച ഓള്, പ്രതിഭയുടെ തിളക്കത്തിന് പ്രായഭേദമില്ലെന്ന് വിളംബരപ്പെടുത്തി. നിരവധി ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്ത അദ്ദേഹത്തിന് നിർമ്മാതാവ് എന്ന നിലയിൽ 1996ൽ രാഷ്ട്രപതിയിൽ നിന്നുള്ള സ്വർണ മെഡൽ കൂടാതെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിന്നുള്ള ബഹുമതികളും ലഭിച്ചു. ഛായാഗ്രാഹകൻ, സംവിധായൻ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾക്കൊപ്പം ചലചിത്രമേളകളുടെ സംഘാടകൻ, ജൂറി അംഗം എന്നീ നിലകളിലും കയ്യൊപ്പ് ചാര്‍ത്തി. പത്മശ്രീ ഉൾപ്പെടെ നിരവധി പൗരത്വ അംഗീകാരങ്ങളും ലഭിച്ചു. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സംഘാടനത്തിൽ അടുത്തകാലം വരെ അദ്ദേഹത്തിന്റെ നേതൃത്വപരമായ പങ്കാളിത്തമുണ്ടായി. 

പരമ്പരാഗത രീതികൾക്കൊപ്പം ചലച്ചിത്ര മേഖലയിലെ നവീന പ്രവണതകളെയും അദ്ദേഹം അഭിസംബോധന ചെയ്തു. അവയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും വിപുലമായ ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്ത അദ്ദേഹം സർക്കാർ പിന്തുണയുള്ള ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്നതിലും കേരള ചലചിത്ര വികസന കോർപറേഷൻ, അക്കാദമി, ചലചിത്രമേള എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചു. തന്റെ ചലച്ചിത്രങ്ങളിലൂടെ രാഷ്ട്രീയം സംസാരിച്ച സംവിധായകൻ കൂടിയായിരുന്ന അദ്ദേഹം അതില്‍ നിഷ്പക്ഷനായിരുന്നില്ല. എന്നുമാത്രമല്ല രാഷ്ട്രീയ പക്ഷപാതിത്വം പ്രകടിപ്പിക്കുന്നതിലും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. ഇതൊക്കെ കൊണ്ടുതന്നെ വേറിട്ടുനിന്ന പ്രതിഭാസമായിരുന്നു ഷാജി എൻ കരുൺ എന്ന പ്രതിഭ. ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയെങ്കിലും താൻ സൃഷ്ടിച്ച സിനിമകളിലൂടെ അദ്ദേഹം നമുക്കിടയിൽ ജീവിക്കുക തന്നെ ചെയ്യും. 

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.