11 January 2026, Sunday

സിബിഐ അന്വേഷണം നിയമ വിരുദ്ധം : സുപ്രീംകോടതയില്‍ അപ്പീലുമായി കെ എം ഏബ്രഹാം

Janayugom Webdesk
തിരുവനന്തപുരം
April 29, 2025 12:56 pm

ആരോപണങ്ങൾ നിഷേധിച്ചും, സിബിഐ അന്വേഷണത്തിനെതിരെയും, അന്വേഷണം ശരിയായ രീതിയിലല്ല എന്ന് ആരോപിച്ചും കെ എം എബ്രഹാം.സുപ്രീംകോടതിയിൽ . അദ്ദേഹം സുപ്രീം കോടതിയില്‍ സമർപ്പിച്ച അപ്പീലിലാണ് ആരോപണങ്ങൾ നിഷേധിക്കുന്നത്. സിബിഐ അന്വേഷണം നിയമ വിരുദ്ധമെന്ന് ഹർജിയിൽ പറയുന്നു.മുന്‍കൂര്‍ പ്രൊസിക്യൂഷന്‍ അനുമതി ഇല്ലാതെ സിബിഐക്ക് അന്വേഷിക്കാനാവില്ല. ഇക്കാര്യം പരിഗണിക്കാതെയാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് നിർദേശം നൽകിയത്.

അഴിമതി നിരോധന നിയമം അനുസരിച്ചുള്ള അന്വേഷണം സംസ്ഥാന വിഷയമാണ്. മതിയായ കാരണങ്ങളില്ലാതെ സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാവില്ല. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അവഗണിച്ചാണ് സിബിഐ അന്വേഷണ ഉത്തരവെന്നും ഉന്നത സ്ഥാനത്തിരുന്ന ഉദ്യോഗസ്ഥനെന്നത് സിബിഐ അന്വേഷണത്തിന് മതിയായ കാരണമല്ല എന്നും എബ്രഹാം പറയുന്നു.കൊല്ലത്തെ ഷോപ്പിങ് കോംപ്ലക്സ് തന്റെ സഹോദരങ്ങളുടേത് കൂടിയാണെന്നും എബ്രഹാം പറയുന്നു. പരാതിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഹര്‍ജിക്ക് കാരണം തന്നോടുളള പകയാണ്. 

പരാതിക്കാരനെതിരെ നേരത്തെ നിയമ നടപടി സ്വീകരിച്ചിരുന്നു. ഇതാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിക്ക് പിന്നില്‍ എന്ന് എബ്രഹാം പറയുന്നു. വിജിലന്‍സ് പരിശോധിച്ചത് 2009 മുതല്‍ 2015 വരെയുള്ള വരുമാനമാണെന്നും 2000 മുതല്‍ 2009 വരെയുള്ള വരുമാനം കൂടി പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും എബ്രഹാം ഹർജിയിൽ പറയുന്നു. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ശല്യക്കാരനായ വ്യവഹാരിയാണെന്നും ഈ ചരിത്രം പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടിയെന്നും കെഎം എബ്രഹാം അപ്പീലിൽ പറയുന്നു.

ഏപ്രിൽ 26നാണ് അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് പ്രകാരമായിരുന്നു കേസ്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. സംഭവത്തില്‍ കെ എം അബ്രഹാമിന്റെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാനൊരുങ്ങുകയാണ് സംഘം. 12 വര്‍ഷത്തെ സ്വത്ത് വിവരങ്ങളാണ് അന്വേഷിക്കുക.തിരുവനന്തപുരത്തും മുംബൈയിലും വാങ്ങിയ ഫ്‌ലാറ്റുകളും കൊല്ലം കടപ്പാക്കടയിലെ ഷോപ്പിംഗ് കോംപ്ലക്‌സും അന്വേഷണ പരിധിയില്‍ വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.