
യുവാവിന്റെ കാലിലുണ്ടായ മുറിവ് പഴുത്ത് വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്നതോടെ നിത്യ വൃത്തിക്ക് പോലും വകയില്ലാത്ത നിർധന കുടുംബം ചികിൽസാ സഹായത്തിനായി കേഴുകയാണ്. മാന്നാർ കുട്ടമ്പേരൂർ വൈശാഖത്തിൽ വിനയൻ (38) എന്ന യുവാവിന്റെ കാൽ വിരലുകളാണ് മുറിവ് പഴുത്ത് വ്രണമായതോടെ മുറിച്ച് മാറ്റേണ്ടി വന്നത്. കടവും മറ്റും വാങ്ങി ഇതുവരെ നടത്തിയ ചികിൽസാ ചിലവിന്റെ ബാധ്യതകളും ജീവിതത്തിലെ ദൈനം ദിന ചിലവുകളും ഈ നിർധന കുടുംബത്തിന് താങ്ങാൻ കഴിയുന്നതിനുമപ്പുറമാണ്. ഈ അവസ്ഥയിലും വിനയന്റെ തുടർ ചികിൽസയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് കണ്ണീരോടെ ഈ കുടുംബം.
മരംവെട്ട് തൊഴിലാളിയായിരുന്ന വിനയന്റെ പിതാവ് വിജയൻ ജോലിക്കിടയിൽ ഉണ്ടായ അപകടത്തെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ആളാണ്. 10 വയസുകാരിയായ വിനയന്റെ ഏക മകളുടെ പഠന ചെലവിനും വിനയന്റെ ചികിത്സാ ചിലവുകൾക്കും നിത്യവൃത്തിക്കുമായി വീടുകളിലും കടകളിലും ക്ലീനിംഗ് ജോലി ചെയ്യുകയാണ് വൃദ്ധയായ മാതാവ് ലളിത. സ്വകാര്യ സ്ഥാപനത്തിൽ ഡെലിവറി ബോയിയായ സഹോദരൻ വീനീതിന്റെയും തുച്ഛമായ വരുമാനത്തിലുമാണ് ഈ കുടുംബം പട്ടിണിയില്ലാതെ കഴിയുന്നത്.
കുട്ടിക്കാലത്ത് സ്കൂളിൽ വെച്ച് ഉണ്ടായ ഒരു അപകടത്തെ തുടർന്ന് വിനയന്റെ കാലിന് മാരകമായ പരിക്ക് പറ്റുകയും ഇതിനെ തുടർന്ന് മജ്ജ തെന്നിമാറുകയും കാലുകളിലേക്കുള്ള രക്തയോട്ടം നിലക്കുകയും ചെയ്തിരുന്നു. കാലിന് സ്വാധീനക്കുറവ് ഉണ്ടായിരുന്നെങ്കിലും വിനയൻ ഓട്ടോ ഓടിച്ച് ജീവിത ചെലവുകൾക്കുള്ള വരുമാനം കണ്ടെത്തിയിരുന്നു. ആറുവർഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ആ ജോലി ഉപേക്ഷിച്ചു. വാദ്യ കലാകാരനായ വിനയൻ പിന്നീട് മേളത്തിന് പോയി കിട്ടുന്ന വരുമാനം കുടുംബത്തിന്റെ ആശ്രയമായി.മേളത്തിന് പോകുമ്പോൾ ഏറെ ദൂരം നടന്ന് സ്വാധീന കുറവുള്ള കാൽപാദത്തിൽ തഴമ്പ് വരികയും അത് പൊട്ടിയുണ്ടായ മുറിവ് പഴുത്ത് രണ്ടുമാസം മുമ്പ് വിരലുകൾ മുറിച്ചു മാറ്റേണ്ടിവന്നതോടെ വിനയന്റെ ജീവിതം കൂടുതൽ ദുരിതത്തിലായി. പ്രാഥമിക കാര്യങ്ങൾക്ക് പോലും ഭാര്യ സിന്ധുവാണ് വിനയന് താങ്ങായുള്ളത്.മാവേലിക്കര ഗവ.ആശുപത്രിയിലെ ചികിൽസ മാത്രമാണ് ഇപ്പോൾ വിനയന് ആശ്രയം. അമൃത മെഡിക്കൽ കോളേജിൽ അടിയന്തിര സർജറി നിർദേശിച്ചെങ്കിലും ജീവിക്കാൻ പോലും വകയില്ലാതെ കഷ്ടപ്പെടുന്ന കുടുംബത്തിന് അത് ചിന്തിക്കാൻ പോലും കഴിയുന്നില്ല. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഭാര്യ സിന്ധുവിന്റെ പേരിൽ ഫെഡറൽ ബാങ്ക് പുന്നമൂട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്
സിന്ധു
THE FEDERAL BANK LTD
Br: PUNNAMOOD
A/c No: 17230100096373
IFSC : FDRL0001723
Gpay No: 080752 51582
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.