23 January 2026, Friday

Related news

January 14, 2026
January 8, 2026
January 1, 2026
December 29, 2025
December 23, 2025
November 17, 2025
November 15, 2025
November 9, 2025
November 5, 2025
November 5, 2025

മികവിന്റെ കേന്ദ്രമാകാൻ കോതമംഗലം താലൂക്ക് ആശുപത്രി

Janayugom Webdesk
കോതമംഗലം
May 6, 2025 12:06 pm

പൊതുജനാരോഗ്യരംഗത്ത് ജില്ലയിലെ മികച്ച ആശുപത്രിയാകാൻ കോതമംഗലം താലൂക്ക് ആശുപത്രി ഒരുങ്ങുന്നു. പുതിയ വാർഡുകളുടെയും ബ്ലോക്കുകളുടെയും നിർമ്മാണം അന്തിമഘട്ടത്തിലാണ്. വൈകാതെ ഇവ ജനങ്ങൾക്ക് സമർപ്പിക്കുന്നതോടെ മികവിന്റെ കേന്ദ്രമായി ഈ ആശുപത്രി മാറും. ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് ആന്റണി ജോൺ എംഎൽഎയും മുനിസിപ്പൽ ചെയർമാൻ കെ കെ ടോമിയും പറഞ്ഞു. ആശുപത്രിയിൽ 11.15 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. നേത്ര ചികിത്സയ്ക്കുള്ള അത്യാധുനിക സജ്ജീകരണങ്ങൾ ഒരുക്കുന്ന പുതിയ ഓപ്പറേഷൻ തിയേറ്റർ, അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള പുതിയ വാർഡ് എന്നിവ പുതിയതായി നിർമ്മിക്കുന്നുണ്ട്. കൂടാതെ നിലവിലെ മുഴുവൻ കെട്ടിടങ്ങളും ആധുനികവത്കരിക്കുന്ന പ്രവർത്തനങ്ങളും നടന്നുവരുന്നു. ഇപ്പോൾ ആശുപത്രിയിൽ അനുഭവപ്പെടുന്ന സ്ഥല പരിമിതിയുടെ പ്രശ്നം പുതിയ കെട്ടിടങ്ങൾ വരുന്നതോടെ പരിഹരിക്കപ്പെടും. ഒ പിയിൽ എത്തുന്നവർക്ക് സൗകര്യപ്രദമായി ഡോക്ടർമാരെ സന്ദർശിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കൂട്ടിരിപ്പുകാർക്കായി വിശ്രമ കേന്ദ്രവും ഒരുക്കും. 

പഴയ കെട്ടിടങ്ങളിൽ മുഴുവൻ ഫയർ ലൈൻ, 30 ക്യാമറകളോടുകൂടിയ സിസിടിവി സംവിധാനം, ആശുപത്രിയിൽ എല്ലാ പൊതുസ്ഥലങ്ങളിലും സ്പീക്കർ എന്നിവ പ്രവത്തന സജ്ജമാക്കും. കഴിഞ്ഞ ഒരു വർഷത്തോളമായി നടക്കുന്ന ഈ പദ്ധതി അതിന്റെ അവസാന ഘട്ടത്തിലാണ്. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മൂന്ന് കോടി രൂപ ചെലവഴിച്ച് ഒ പി ബ്ലോക്ക് ആധുനീക നിലവാരത്തിൽ നവീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. കൂടാതെ എംഎൽഎ ഫണ്ടിൽ നിന്നും 3.50 കോടി ചെലവഴിച്ചുള്ള ഡയാലിസിസ് സെന്റർ കം കാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. എൽഡിഎഫ് നേതൃത്വം നൽകുന്ന കോതമംഗലം മുനിസിപ്പൽ കൗൺസിൽ അധികാരത്തിൽ വന്നതിന് ശേഷം എല്ലാ വർഷവും നഗരസഭ ഒരു കോടി രൂപയിൽ കുറയാത്ത തുക ചെലവഴിച്ചു കൊണ്ടുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ ആശുപത്രിയിൽ ഉറപ്പുവരുത്തുന്നുണ്ടെന്ന് ചെയർമാൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.