
അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) യിലെ ഇന്ത്യന്‍ പ്രതിനിധി കെ വി സുബ്രഹ്മണ്യത്തിന്റെ പുസ്തകം വാങ്ങാന്‍ പ്രമുഖ പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ പൊടിച്ചത് ഏഴരക്കോടി. ഔദ്യോഗിക പദവി വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ദുരുപയോഗം ചെയ്തതിന്റെ പേരിലാണ് ഐഎംഎഫിലെ കാലാവധി തീരും മുമ്പ് സുബ്രഹ്മണ്യത്തെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിച്ചതെന്നും വിവരങ്ങള്‍ പുറത്തുവന്നു.
ഇന്ത്യയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായ സുബ്രഹ്മണ്യത്തിന്റെ ’ ഇന്ത്യ അറ്റ് 100: എന്‍വിഷനിങ് ടുമാറോസ് ഇക്കണോമിക് പവര്‍ഹൗസ്’ എന്ന പുതിയ പുസ്തകത്തിന്റെ വില്പനയാണ് വിവാദത്തിലായിരിക്കുന്നത്. 2047ല്‍ ഇന്ത്യക്ക് എങ്ങനെ 55 ട്രില്യണ്‍ ഡോളര്‍ സമ്പദ്‍വ്യവസ്ഥയായി മാറാമെന്നാണ് പുസ്തകം പറയുന്നത്. തന്റെ പുസ്തകം വാങ്ങാന്‍ ചില സ്ഥാപനങ്ങളില്‍ സമ്മര്‍ദം ചെലുത്താന്‍ സുബ്രഹ്മണ്യന്‍ തന്റെ ഔദ്യോഗിക സ്ഥാനം ഉപയോഗിച്ചതായി ആരോപണമുണ്ട്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പുസ്തകത്തിന്റെ രണ്ടു ലക്ഷം കോപ്പികളാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വാങ്ങിക്കൂട്ടിയത്. ആകെ ചെലവായത് 7.25 കോടി രൂപ. ഈ പുസ്തകങ്ങള്‍ ഉപയോക്താക്കള്‍, സ്കൂള്‍, കോളജ്, ലൈബ്രറി തുടങ്ങിയ ഇടങ്ങളിലാണ് വിതരണം ചെയ്തത്. പുസ്തകത്തിന്റെ 1,89,450 പേപ്പർബാക്ക് കോപ്പികളും 10,422 ഹാർഡ്‌കവർ കോപ്പികളും യൂണിയന്‍ ബാങ്ക് വാങ്ങി. ഇവയ്ക്ക് യഥാക്രമം 3,50, 597 രൂപ വീതം വിലയുണ്ട്. സാധാരണ ഗതിയില്‍ ഇംഗ്ലീഷിലിറങ്ങുന്ന പുസ്തകങ്ങള്‍ 10,000 കോപ്പി പോലും വിറ്റഴിക്കാറില്ലാത്ത സമയത്താണ് ഇത്രയും കോടികള്‍ മുടക്കി ബാങ്ക് ഇവ വാങ്ങിയെന്നത് ദുരൂഹമാണെന്ന വിമര്‍ശനം വ്യാപകമായി ഉയരുന്നുണ്ട്.
ആറുമാസം കൂടി സേവനകാലാവധി ബാക്കിയിരിക്കെ കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ചിരുന്നു. എങ്കിലും, സുബ്രഹ്മണ്യത്തിന്റെ പുറത്തുപോകലിന്റെ കാരണങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2018 മുതല്‍ 21 വരെ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ സേവനം അനുഷ്ടഠിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു.
എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ സേവനം അവസാനിപ്പിക്കാന്‍ എടുത്ത തീരുമാനം ഇന്ത്യയുടേതാണെന്ന് ഐഎംഎഫ് പ്രതികരിച്ചു. അംഗരാജ്യങ്ങളോ രാജ്യങ്ങളുടെ ഗ്രൂപ്പുകളോ തെരഞ്ഞെടുക്കുന്ന 25 ഡയറക്ടര്‍മാര്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഇഡിമാര്‍) ഉള്‍പ്പെടുന്നതാണ് ഐഎംഎഫിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ്. ലോകബാങ്കിലെ ഇന്ത്യന്‍ പ്രതിനിധിയായ പരമേശ്വരന്‍ അയ്യരായിരിക്കും ഇനി ഐഎംഎഫിലും രാജ്യത്തെ പ്രതിനിധീകരിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.