24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

മരുന്നുക്ഷാമം രൂക്ഷമാകും

 പ്രമേഹ രോഗികള്‍ നെട്ടോട്ടമോടുന്നു 
 ഇന്ത്യക്കുള്ള മരുന്ന് വിതരണം നിര്‍ത്താന്‍ നോവ നോര്‍ഡിസ്ക്
Janayugom Webdesk
ന്യൂഡല്‍ഹി
May 6, 2025 10:21 pm

ജീവിതശൈലി രോഗമായ പ്രമേഹം രാജ്യത്ത് വര്‍ധിക്കുന്നതിനിടെ ഇതിനുള്ള ഫലപ്രദമായ മരുന്ന് വിതരണം അവസാനിപ്പിച്ച് നിര്‍മ്മാണ കമ്പനി. ഡെന്മാര്‍ക്ക് കമ്പനിയായ നോവ നോര്‍ഡിസ്കാണ് ഇന്ത്യക്കുള്ള ഇന്‍സുലീന്‍ വിതരണം റദ്ദാക്കിയത്. അടുത്ത ആറുമാസത്തിനകം ഇന്‍സുലിന്‍ നിര്‍മ്മാണം പൂര്‍ണമായി അവസാനിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. വിപണിയിലുള്ള മരുന്ന് തീരുന്നതോടെ പ്രമേഹ രോഗികള്‍ കടുത്ത പ്രതിസന്ധിയിലേക്ക് വഴുതിവീഴും. 

ലോകത്ത് ഏറ്റവും അധികം വില്‍ക്കപ്പെടുന്ന വില കുറഞ്ഞ ഹ്യൂമന്‍ ഇന്‍സുലീന്‍ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചതോടെയാണ് ഇന്‍സുലീന്‍ പ്രതിസന്ധി ഇന്ത്യയെയും പ്രതികൂലമായി ബാധിക്കുക. ഇന്ത്യയിലെ പത്തോളം പ്രമേഹ രോഗികളുടെ സംഘടന വിഷയത്തില്‍ ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍ തേടിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടത്തരം-മധ്യവര്‍ഗ രാജ്യങ്ങളായ ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ് നോവ നോര്‍ഡിസ്ക്. വിലക്കുറവും ഫലപ്രദവുമെന്ന് വിദഗ്ധര്‍ കണ്ടെത്തിയ നോവ നോര്‍ഡിസ്കിന്റെ അഭാവം രാജ്യത്തെ പ്രമേഹ രോഗികളെ ഗുരുതരമായി ബാധിക്കും. 

രണ്ടുതരം ഇന്‍സുലീനാണ് വിപണിയില്‍ ഇപ്പോള്‍ ലഭ്യമാകുന്നത്. കുത്തിവയ്പിലൂടെ നല്‍കുന്ന ഹ്യൂമന്‍ ഇന്‍സുലീനും അനലോഗും. പ്രമേഹ രോഗികള്‍ സ്വയം ഇന്‍സുലീന്‍ ഉല്പാദിപ്പിക്കുകയോ ചെറിയ അളവില്‍ ഉല്പാദിപ്പിക്കുകയോ ചെയ്യുന്നവരെ ടൈപ്പ് വണ്‍ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടൈപ്പ് ടു വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും ആവശ്യമുള്ളതിനേക്കാള്‍ കുറഞ്ഞ അളവിലാണ് ഉല്പാദിപ്പിക്കുക. 

ടൈപ്പ് വണ്‍ വിഭാഗത്തില്‍ വരുന്ന രോഗികളാണ് ഇന്‍സുലീനെ പൂര്‍ണമായി ആശ്രയിക്കുന്നത്. ടൈപ്പ് ടുവില്‍ കുത്തിവയ്ക്കാവുന്ന ഇന്‍സുലീന്‍ ആവശ്യമായി വരിക വിരളമാണ്. നോവ നോര്‍ഡിസ്ക് ഉല്പാദിപ്പിക്കുന്ന ടൈപ്പ് വണ്‍ മരുന്നിന്റെ നിര്‍മ്മാണമാണ് കമ്പനി അവസാനിപ്പിക്കുന്നത്. ഇത് രാജ്യത്തെ ലക്ഷക്കണക്കിന് പ്രമേഹ രോഗികളെ പ്രതികൂലമായി ബാധിക്കും. ഞങ്ങള്‍ക്ക് ഇത് ഭക്ഷണം, വെള്ളം, വായു എന്നിവ പോലെ വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രമേഹ രോഗിയായ ഡല്‍ഹി സ്വദേശി ഹര്‍ഷ് കോലി പ്രതികരിച്ചു. ടൈപ്പ് വണ്‍ ഗണത്തില്‍ പെടുന്നവര്‍ക്ക് നോവ നോര്‍ഡിസ്ക് വളരെ ഫലപ്രദമായിരുന്നു. നിര്‍മ്മാണം അവസാനിപ്പിക്കാനുള്ള കമ്പനി തീരുമാനം ലക്ഷക്കണക്കിന് രോഗികളെ ബാധിക്കും. വിഷയത്തില്‍ ലോകാരോഗ്യ സംഘടനയും കേന്ദ്ര സര്‍ക്കാരും ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സമാന ആവശ്യം ഉന്നയിച്ച് ഡയബറ്റീസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും രംഗത്ത് വന്നു. 4,500 കോടിയുടെ നോവ നോര്‍ഡിസ്ക് മരുന്നാണ് പ്രതിവര്‍ഷം ഇന്ത്യന്‍ വിപണിയിലൂടെ വിറ്റുപോകുന്നത്. വിലക്കുറവും ഫലപ്രദവുമെന്ന് അംഗീകരിക്കപ്പെട്ട ഹ്യൂമന്‍ ഇന്‍സുലീന്‍ ലഭ്യമാക്കാന്‍ ആവശ്യമായ ഇടപെടല്‍ ലോകാരോഗ്യ സംഘടനയും ഇന്ത്യയും നടത്തണമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. അനൂപ് മിശ്ര പ്രതികരിച്ചു. വിഷയത്തില്‍ അന്താരാഷ്ട്ര ആരോഗ്യ ഏജന്‍സികളുടെയും ഇന്ത്യയുടെയും ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമേഹ രോഗികള്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.