
രാജ്യത്തെ ജാതി സംവരണം ട്രെയിന്‍ കമ്പാര്‍ട്ട്മെന്റ് പോലെയാണെന്ന് സുപ്രീം കോടതി. അകത്തുകയറിയവര്‍ മറ്റുള്ളവരെ കയറാന്‍ അനുവദിക്കാത്ത സ്ഥിതിയാണുള്ളതെന്നും ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഒബിസി സംവരണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിരീക്ഷണം.
2016–17 വര്‍ഷത്തിലാണ് മഹാരാഷ്ട്രയില്‍ അവസാനമായി തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാര്‍ത്ഥികളുടെ ഒബിസി ക്വാട്ട നിര്‍ണയിക്കുന്നത് സംബന്ധിച്ച നിയമപോരാട്ടമാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത്. 2021ൽ ഒബിസി വിഭാഗക്കാർക്ക് 27 ശതമാനം സംവരണം നടപ്പിലാക്കാനുള്ള മഹാരാഷ്ട്ര സർക്കാർ ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
മഹാരാഷ്ട്രയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നാലാഴ്ചയ്ക്കകം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഒബിസി ക്വാട്ട വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും കോടതി ഉത്തരവില്‍ പറയുന്നു. മുന്‍വര്‍ഷങ്ങളില്‍ നിലനിന്നിരുന്ന ഒബിസി സംവരണങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നാല് മാസത്തിനകം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണം. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ അത് സാധിച്ചില്ലെങ്കില്‍ കാലാവധി നീട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.