2 January 2026, Friday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

വിജയദിനം

Janayugom Webdesk
May 11, 2025 5:00 am

മനുഷ്യഗുണങ്ങള്‍ കെട്ടുപോയ കഥകള്‍ ഓർമ്മകളെ വ്രണപ്പെടുത്തുമ്പോഴും മാനവ ധാർമ്മികത ഭീകരതയ്ക്കുമേല്‍ വിജയക്കൊടി പാറിക്കുമെന്നത് കാലം ബോധ്യപ്പെടുത്തുന്നുണ്ട്. മനുഷ്യവംശത്തിന്റെ പ്രയാണത്തില്‍ ഉയരെ നില്‍ക്കുന്ന സത്യമാണിത്. 1945 മേയ് ഒമ്പതിന് രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു. 1939 സെപ്റ്റംബർ ഒന്നിന് നാസി സൈന്യം പോളണ്ടിനെ ആക്രമിച്ചതോടെയായിരുന്നു യുദ്ധം ആരംഭിച്ചത്. 1941 ജൂൺ 22ന് സോവിയറ്റ് യൂണിയൻ ആക്രമിക്കപ്പെട്ടു. സോഷ്യലിസത്തിന്റെ നേട്ടങ്ങള്‍ നിലനിര്‍ത്തുക എന്ന മഹത്തായ ദൗത്യം സോവിയറ്റ് ജനത നിറവേറ്റി. ലോക നാഗരികതയെ നശിപ്പിക്കുന്നതിൽ നിന്ന് ഫാസിസ്റ്റ് ക്രൂരതയെ തടഞ്ഞു. യുദ്ധത്തിന്റെ തുടക്കത്തിനും 1945 ജനുവരി 31നും ഇടയിൽ സംഭവിച്ച 4.4 ദശലക്ഷം ജർമ്മൻ മരണങ്ങളിൽ 3.5 ദശലക്ഷം കിഴക്കൻ മേഖലയിലായിരുന്നു. സ്റ്റാലിൻ ഗ്രാഡ് യുദ്ധത്തിൽ ജർമ്മനികൾക്കുണ്ടായ ദുരന്തം 1940ലും 1944ലും ഫ്രാൻസില്‍ നടന്ന പോരാട്ടങ്ങളിലെ മനുഷനാശങ്ങള്‍ക്ക് സമാനമാണ് . 1940ലെ വേനലില്‍ സോവിയറ്റ് യൂണിയനെതിരെ ജർമ്മൻ അധിനിവേശം ആരംഭിച്ചപ്പോൾ, സോവിയറ്റുകൾക്ക് നേരിടേണ്ടി വന്നത് 3.8 ദശലക്ഷം സൈനികരെയും 7,000 കവചിത വാഹനങ്ങളെയുമായിരുന്നു. പാശ്ചാത്യ സഖ്യകക്ഷികളുടെ നോർമാണ്ടിയിലെ പോരാട്ടം 2,000 കവചിത വാഹനങ്ങളടങ്ങുന്ന 6,00,000 പേരുടെ സേനയില്‍ ഒതുങ്ങി.

1940ൽ ആറാഴ്ചകൾക്കുള്ളിൽ ഫ്രാൻസ് കീഴടക്കിയ നാസി യൂണിറ്റുകൾ കിഴക്കൻ മുന്നണിയിലെ യുദ്ധങ്ങളിൽ നശിപ്പിക്കപ്പെട്ടു. എന്നാല്‍ പുതിയ സൈനികരെ ഉള്‍പ്പെടുത്തി യൂണിറ്റുകള്‍ പുനർനിർമ്മിച്ചു. സോവിയറ്റ് യൂണിയന് 27 ദശലക്ഷം പൗരന്മാരെ നഷ്ടപ്പെട്ടു. മറ്റേതൊരു രാജ്യത്തെയും അപേക്ഷിച്ച് ഏറ്റവും കൂടുതലാണിത്. യുദ്ധ ക്യാമ്പുകളിലും കോൺസെൻട്രേഷൻ ക്യാമ്പുകളിലുമായി അനേകായിരങ്ങള്‍ കൊല്ലപ്പെട്ടു. ആക്രമണകാരികൾ കൂട്ടക്കൊല ചെയ്തവരും പട്ടിണിക്കിട്ട് കൊന്നവരും വേറെ. ഹിറ്റ്ലറുടെ ആക്രമണം മറ്റേതൊരു രാജ്യത്തിന്റെയും ചരിത്രവുമായി തട്ടിക്കുമ്പോഴും വലിയ തോതിലുള്ളതാണ്. ഏകദേശം 4.5 ദശലക്ഷം സൈനികര്‍ അടങ്ങുന്നതായിരുന്നു നാസി സൈന്യം. ബലമേകി ബോംബർ വിമാനങ്ങളും, ടാങ്കുകളും, തോക്കുകളും. സോവിയറ്റ് യൂണിയനെ ആക്രമിക്കുന്നതുവരെ ഇവര്‍ ഒരു പരാജയവും നേരിട്ടിരുന്നില്ല. നാസി ആക്രമണത്തിന് മുന്നിൽ ആരംഭത്തില്‍ സോവിയറ്റ് ചെമ്പടയ്ക്ക് പിൻവാങ്ങേണ്ടിവന്നു. എന്നാൽ 1941 അവസാനത്തോടെ ലെനിൻ ഗ്രാഡ്, മോസ്കോ, സ്റ്റാലിൻ ഗ്രാഡ് എന്നിവയെ ബന്ധിപ്പിക്കുന്ന അതിര്‍ത്തിയില്‍ ശത്രുവിനെ തടഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തില്‍ നിർണായകമായിരുന്നു 1942 മേയ് മുതൽ 1943 ഫെബ്രുവരി വരെ നീണ്ടുനിന്ന സ്റ്റാലിൻ ഗ്രാഡ് യുദ്ധം. ദശലക്ഷക്കണക്കിന് നാസി സൈനികരെ സോവിയറ്റ് ചെമ്പട വളഞ്ഞു. ആരംഭം മുതൽ തന്നെ നാസി ജർമ്മനിയുടെ പ്രധാന ശത്രുവായിരുന്നു സോവിയറ്റ് യൂണിയൻ. 

ലോക മഹായുദ്ധത്തിന്റെ ആരംഭത്തീയതി കണക്കാക്കപ്പെടുന്നതിന് വളരെ മുമ്പുതന്നെ സോവിയറ്റ് സൈനികർ സ്പെയിനിലെ ജർമ്മൻ, ഇറ്റാലിയൻ ഫാസിസ്റ്റുകൾക്കെതിരെയും മഞ്ചൂറിയയിലെ ജാപ്പനീസ് സൈനികതയ്ക്കെതിരെയും രക്തരൂക്ഷിതമായ പോരാട്ടങ്ങൾ നടത്തിയിരുന്നു. മുതലാളിത്ത ശക്തികളുടെ പ്രീണന കാലഘട്ടത്തിലുടനീളം സോവിയറ്റ് സര്‍ക്കാര്‍ നാസി ആക്രമണത്തിനെതിരെ ശക്തമായ ചെറുത്തുനില്പ് നടത്തി. ചെക്കോസ്ലോവാക്യയുടെ പ്രതിരോധത്തിനായി ഒരു ദശലക്ഷം സോവിയറ്റ് സൈനികരെ വാഗ്ദാനം ചെയ്യാൻ പോലും സജ്ജമായി. ചെക്കോസ്ലോവാക്യ ആഗ്രഹിച്ചെങ്കിലും, പോളിഷ് സര്‍ക്കാര്‍ അവരുടെ രാജ്യത്തിലൂടെ സോവിയറ്റ് സൈന്യത്തിന്റെ ഗതാഗതമോ വിതരണമോ അനുവദിച്ചില്ല. സ്റ്റാലിൻ ഗ്രാഡ് യുദ്ധത്തിൽ നാസി സേനയ്ക്ക് പിൻവാങ്ങേണ്ടി വന്നു. അവരുടെ പ്രധാന കമാൻഡറെയും ലക്ഷക്കണക്കിന് സൈനികരെയും യുദ്ധത്തടവുകാരായി പിടികൂടി. 1943 ഫെബ്രുവരിയോടെ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഗതിമാറിത്തുടങ്ങി. 1944 ആയപ്പോഴേക്കും സോവിയറ്റ് ചെമ്പട കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളിലേക്ക് പ്രവേശിച്ച് നാസികളെയും ഫാസിസ്റ്റ് സൈന്യങ്ങളെയും പിന്തിരിപ്പിച്ചു. ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ഒന്നിനുപുറകെ ഒന്നായി അട്ടിമറിക്കപ്പെട്ടു. 1945 ഏപ്രിലിൽ, സോവിയറ്റ് സൈന്യം ജർമ്മനിയിലും തുടർന്ന് ബെർലിനിലും പ്രവേശിച്ചു. ഹിറ്റ്ലർ 1945 ഏപ്രിൽ 30ന് ആത്മഹത്യ ചെയ്തു. 1945 മേയ് എട്ടിന് ജർമ്മൻ സൈന്യം സോവിയറ്റ് ചെമ്പടയ്ക്കും ഒമ്പതിന് സഖ്യസേനയ്ക്കും കീഴടങ്ങി. അങ്ങനെ രണ്ടാം ലോക മഹായുദ്ധത്തിന്റെ തിരശീല വീണു. മഹായുദ്ധങ്ങളിൽ കൊല്ലപ്പെട്ട കമ്മ്യൂണിസ്റ്റുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. 

ന്യൂറംബർഗിലെ യുദ്ധക്കുറ്റകൃത്യങ്ങളുടെ വിചാരണവേള മനുഷ്യൻ എത്രത്തോളം മനുഷ്യത്വരഹിതനാണെന്ന് വ്യക്തമാക്കുന്നതായി. സോവിയറ്റ് സമ്പദ്ഘടനയ്ക്കുണ്ടായ ആഘാതം മാരകമായിരുന്നു. ആയിരക്കണക്കിന് ഫാക്ടറികളും മില്ലുകളും നശിപ്പിക്കപ്പെട്ടു, വയലുകൾ വരണ്ടുണങ്ങി, എണ്ണമറ്റ പട്ടണങ്ങളും ഗ്രാമങ്ങളും നശിപ്പിക്കപ്പെട്ടു. എന്നിട്ടും പരാജയം അംഗീകരിച്ചില്ല. അവർ തങ്ങൾക്കും ജീവൻ പണയപ്പെടുത്തി പ്രതിരോധിച്ചവർക്കും വേണ്ടി നിലകൊണ്ടു. ‘തൊഴിലാളികളും കർഷകരും സ്വന്തം സോവിയറ്റ് ശക്തിക്കുവേണ്ടിയും അധ്വാനിക്കുന്ന ജനങ്ങളുടെ ഭരണത്തിനുവേണ്ടിയും മനുഷ്യ അധ്വാനത്താൽ സൃഷ്ടിക്കപ്പെട്ട എല്ലാത്തിനുവേണ്ടിയും പോരാടുകയാണെന്ന് തിരിച്ചറിയുമ്പോള്‍ അത്തരമൊരു രാഷ്ട്രത്തെ ഒരിക്കലും പരാജയപ്പെടുത്താൻ കഴിയില്ല’ — ലെനിന്‍ ചൂണ്ടിക്കാട്ടി. സോവിയറ്റ് യൂണിയനിലെ തൊഴിലാളിവർഗവും അധ്വാനിക്കുന്ന ജനങ്ങളും പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം സോഷ്യലിസം കെട്ടിപ്പടുക്കുന്നതിലും പ്രയത്നം തുടർന്നു. 1939 മാർച്ചിൽ നടന്ന സിപി
എസ്‌യുവിന്റെ 18-ാം കോൺഗ്രസിൽ, സോവിയറ്റ് യൂണിയൻ സോഷ്യലിസ്റ്റ് സമൂഹത്തിന്റെ നിർമ്മാണം പൂർത്തീകരണഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്ന് ഊന്നിപ്പറഞ്ഞു. തീവ്രമായ യുദ്ധസാഹചര്യങ്ങളുടെ 1938 മുതൽ 1940 വരെയുള്ള വർഷങ്ങളിലും ഉന്നത പഠന കോളജുകളുടെ ശരാശരി വാർഷിക ഫലം 1.5 മടങ്ങ് വളര്‍ച്ചപ്രകടമാക്കി. സകല പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പ്രത്യേകിച്ച് യുദ്ധത്തിലും അതിന്റെ വിജയപരിസമാപ്തിയിലും സോഷ്യലിസ്റ്റ് നിർമ്മാണം തുടർന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.