
രാജ്യത്തെ സെന്‍സസ് നടപടികള്‍ വൈകുന്നത് 12 കോടി ജനങ്ങളെ ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടതായി റിപ്പോര്‍ട്ട്. സബ്സിഡി സാധനങ്ങള്‍ ലഭിക്കാതെ ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് കേന്ദ്രസര്‍ക്കാര്‍ അവരെ തള്ളിവിടുകയാണ്.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം (എന്‍എഫ്എസ്എ) സര്‍ക്കാര്‍ 80.6 കോടി പേര്‍ക്ക് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കുന്നുണ്ട്. ഇത് യഥാര്‍ത്ഥ കണക്കിനെക്കാള്‍ 8.1 ദശലക്ഷം കുറവാണ്. ഗ്രാമങ്ങളിലെ 75 ശതമാനത്തിനും നഗരങ്ങളിലെ 50 ശതമാനത്തിനും റേഷന്‍ ലഭിക്കുന്നെന്നാണ് എന്‍എഫ്എസ്എ പറയുന്നത്.
ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയില്‍ നിന്ന് ജനങ്ങളെ ഒഴിവാക്കുന്നുണ്ടോ എന്ന് പ്രതിപക്ഷം പാര്‍ലമെന്റില്‍ ചോദിച്ചതിന് ജനസംഖ്യാ സെന്‍സസ് പ്രകാരമുള്ള ഡാറ്റ പ്രസിദ്ധീകരിച്ച ശേഷമേ പദ്ധതിയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തണോ, ഒഴിവാക്കണോ എന്ന കാര്യം തീരുമാനമാകൂ എന്നാണ് മറുപടി നല്‍കിയത്. ഏപ്രില്‍ 30ന് സെന്‍സസിനൊപ്പം ജാതി തിരിച്ചുള്ള കണക്കും എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും എന്ന് നടത്തുമെന്ന് വ്യക്തത വരുത്തിയില്ല. അടുത്തവര്‍ഷം സെന്‍സസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് അഞ്ച് വര്‍ഷം കഴിഞ്ഞായിരിക്കും ഇത് പ്രസിദ്ധീകരിക്കുക. കോവിഡ് കാലം വരെ രാജ്യത്ത് ഓരോ 10 കൊല്ലം കൂടുമ്പോഴും കൃത്യമായി സെന്‍സസ് നടത്തിയിരുന്നു.
ഇന്ത്യ സ്പെന്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 10 കോടി ആളുകള്‍ പൊതുവിതരണ സംവിധാനത്തില്‍ നിന്ന് ഒഴിവായി. 2011ലെ ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള ഏകദേശം 80 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2025ല്‍ 920 ദശലക്ഷത്തിലധികം ആളുകളെ പൊതുവിതരണ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധനായ ജീന്‍ ഡ്രെസ് പറഞ്ഞു. സെന്‍സസ് വൈകുന്നത് കാരണം 12 കോടി പേരെ അന്യായമായി ഒഴിവാക്കിയതായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പൊതുവിതരണ സംവിധാനം നടത്തുന്നത്. 2023–24ല്‍ സംസ്ഥാനങ്ങള്‍ക്ക് 8,700 കോടിയിലധികം രൂപ കേന്ദ്രം അനുവദിച്ചു. ലഭ്യമായ ഏറ്റവും പുതിയ സെന്‍സസ് (2011) അടിസ്ഥാനമാക്കി യോഗ്യരായ കുടുംബങ്ങളെ കണ്ടെത്തുമെന്ന് എന്‍എഫ് എസ്എ പറയുന്നു.
സൗജന്യ ധാന്യ വിതരണം നടക്കുന്നുണ്ടെങ്കിലും പോഷകാഹാരക്കുറവ് നിലനില്‍ക്കുന്നുണ്ടെന്ന് വികസന സാമ്പത്തിക വിദഗ്ധ ദിപ സിന്‍ഹ പറഞ്ഞു. പൊതുവിതരണ സംവിധാനത്തിന് പുറത്ത് വലിയൊരു വിഭാഗം ജനങ്ങളുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ആഗോള വിശപ്പ് സൂചികയില്‍ വര്‍ഷങ്ങളായി ഇന്ത്യയുടെ പ്രകടനം ആശങ്കാജനകമാണ്. പോഷകാഹാരക്കുറവ്, കുട്ടികളിലെ വിളര്‍ച്ച, ശിശുമരണനിരക്ക് എന്നിവയനുസരിച്ച് 2024ല്‍ ഇന്ത്യയെ 105-ാം സ്ഥാനത്തെത്തിച്ചു. മൊത്തം 127 രാജ്യങ്ങളിലെ കണക്കാണെടുത്തത്. 2023ല്‍ 125 രാജ്യങ്ങളില്‍ 111-ാം സ്ഥാനമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.