22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ആറ് പതിറ്റാണ്ടിനിടെ പാകിസ്ഥാന്റെ മൂന്ന് ആക്രമണങ്ങള്‍ ശക്തിദുര്‍ഗമായി ആദംപൂര്‍ വ്യോമത്താവളം

Janayugom Webdesk
ന്യൂഡല്‍ഹി
May 15, 2025 10:16 pm

ആറ് പതിറ്റാണ്ടിനിടെ മൂന്ന് ആക്രമണങ്ങള്‍. ശത്രുകള്‍ക്ക് പോറലേല്‍പ്പിക്കാനോ, കടന്നു ചെല്ലാനോ സാധിക്കാത്ത ശക്തിദുര്‍ഗം. പഞ്ചാബിലെ ആദംപൂര്‍ വ്യോമത്താവളത്തിന്റെ കരുത്താണിത്. 60 വര്‍ഷത്തിനിടെ മൂന്ന് ആക്രമണങ്ങള്‍ നടന്നെങ്കിലും ആദംപൂര്‍ പ്രതിരോധ മേഖല ഇപ്പോഴും എതിരാളികള്‍ക്ക് ബാലികേറാമലയായി തുടരുന്നു. പഞ്ചാബിലെ ജലന്ധറിനും ഹോഷിയാര്‍പൂരിനുമിടയിലാണ് രാജ്യത്തെ ഏറ്റവും മികച്ച വ്യോമത്താവളം. റഷ്യന്‍ നിര്‍മ്മിത മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 സംരക്ഷിക്കുന്ന ആദംപൂര്‍ മിഗ് 29 യുദ്ധ വിമാനങ്ങളുടെ കേന്ദ്രം കൂടിയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് പിന്നാലെ രാജ്യത്തോട് സംസാരിച്ച പ്രധാനമന്ത്രി ആദംപൂര്‍ വ്യോമത്താവളം സന്ദര്‍ശിക്കുകയും സൈനികരുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. ഇന്ത്യന്‍ വ്യോമസേനയുടെ മൂന്നു സ്ക്വാഡ്രണുകളുടെ പ്രധാന ബേസ് ആണ് ആദംപൂര്‍. നിര്‍ണായക നിമിഷങ്ങളില്‍ മിഗ് 29 കെ ഫൈറ്റര്‍ ജെറ്റ് യുദ്ധവിമാനങ്ങളും ഇവിടെ നിന്നാണ് പറന്നുയരുന്നതും തിരിച്ചിറങ്ങുന്നതും. ഓപ്പറേഷന്‍ സിന്ദൂര്‍ അടക്കം മൂന്നു തവണയാണ് ആദംപൂര്‍ ശത്രുക്കളുടെ കണ്ണിലെ കരടായി മാറിയത്. 1965ലെ ഇന്ത്യാ-പാക് യുദ്ധത്തിനിടെ ആദംപൂര്‍ വ്യോമത്താവളം തകര്‍ക്കാന്‍ പാകിസ്ഥാന്‍‍ 135 സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് കമാന്‍ഡോസിനെ നിയോഗിച്ചു. പാരച്യൂട്ട് വഴി ആദംപൂരിന് സമീപത്തെ മൂന്നു കേന്ദ്രങ്ങളില്‍ പറന്നിറങ്ങിയ പാക് കമാന്‍ഡോകളെ പഞ്ചാബ് ആംഡ് പൊലീസ് (പിഎപി) എത്തിച്ച കരസേനാ യൂണിറ്റ് വലയിലാക്കി സുരക്ഷാ കവചം തീര്‍ത്തു. ആദംപൂരിന് സമീപത്തെ ഗ്രാമത്തില്‍ പറന്നിറങ്ങിയ പാക് കമാന്‍ഡോകളെ ഗ്രാമവാസികളുടെ നായ്ക്കള്‍ തുരത്തിയോടിച്ച് തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്ന് അകറ്റിയെന്നാണ് ഹിസ്റ്ററി ഓഫ് ദി ഇന്ത്യ‑പാക് വാര്‍ 1965 എന്ന പ്രതിരോധ മന്ത്രാലയം രേഖയില്‍ പറയുന്നത്.

1971ലെ യുദ്ധത്തിലും ആദംപൂര്‍ ശത്രുക്കളുടെ പ്രധാന ലക്ഷ്യമായി. ചെങ്കിസ‌്ഖാന്‍ എന്ന പേരില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ പത്താന്‍കോട്ട് വ്യോമത്താവളത്തിന് സാരമായ കേടുപാട് സംഭവിച്ചു. നിരന്തര ആക്രമണത്തില്‍ റണ്‍വേ നശിച്ചു. പതിനാല് ദിവസത്തിനിടെ 30 വ്യോമാക്രമണങ്ങളാണ് പത്താന്‍കോട്ടിന് നേര്‍ക്ക് പാക് വ്യോമസേന അഴിച്ചുവിട്ടത്. ഹല്‍വാര വ്യോമത്താവളവും ആക്രമണത്തിനിരയായി. എന്നാല്‍ ആദംപൂരിന് നേരെ കാഞ്ചിവലിക്കാന്‍ പാക് വ്യോമസേന വിറച്ചു. 1971ലെ ഇന്ത്യ‑പാക് യുദ്ധ ചരിത്രം എന്ന പ്രതിരോധ മന്ത്രാലയത്തിന്റെ പുസ്തകത്തില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ആദംപൂരില്‍ നിന്നും പറന്നുയര്‍ന്ന വ്യോമസേനയുടെ ഏഴാം സ്ക്വാഡിലെ മിറാഷ് ജെറ്റുകള്‍ ടൈഗര്‍ ഹില്‍, മുന്തേ ധാലേ, ടോളോലിങ് എന്നീ പാക് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചോതി. ഏറ്റവുമൊടുവില്‍ ഓപ്പറേഷന്‍ സിന്ദൂറിനിടെ ആദംപൂര്‍ വ്യോമത്താവളം ആക്രമിക്കാനുള്ള പാക് പദ്ധതി നിര്‍വീര്യമാക്കാന്‍ ഇന്ത്യന്‍ പ്രതിരോധ സേനയ്ക്കായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.