19 December 2025, Friday

Related news

December 19, 2025
December 19, 2025
December 19, 2025
December 16, 2025
December 14, 2025
November 28, 2025
November 23, 2025
November 21, 2025
November 6, 2025
October 24, 2025

വലയിലായി ഇഡി; കൈക്കൂലിയില്‍ അന്വേഷണം ഊര്‍ജിതമാക്കി വിജിലന്‍സ്

സ്വന്തം ലേഖകന്‍
കൊച്ചി
May 18, 2025 11:36 pm

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ പുറത്തുവരുന്നത് വന്‍ അട്ടിമറികളുടെ ചരിത്രങ്ങളെന്ന് സൂചന. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പും ഔദ്യോഗിക പദവി ദുരുപയോഗവുമായി സംഭവം മാറിയേക്കുമെന്നാണ് വിലയിരുത്തല്‍.
ഇഡി അന്വേഷിച്ച കൂടുതല്‍ കേസുകളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ സംശയം. പണമിടപാടിലും അഴിമതിയിലും കൂടുതല്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും വിജിലന്‍സ് കരുതുന്നു. ഇക്കാരണത്താല്‍ ഇഡി അന്വേഷണം നടത്തിയിരുന്ന വിദേശ നാണ്യ ചട്ട ലംഘനക്കേസുകള്‍ വിശദമായി പരിശോധിക്കാനും വിജിലന്‍സ് തീരുമാനമെടുത്തിട്ടുണ്ട്. രാജ്യത്ത് പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളെയും എതിര്‍ശബ്ദമുയര്‍ത്തുന്നവരെയും ഭീഷണിപ്പെടുത്താന്‍ മോഡി സര്‍ക്കാര്‍ തുറന്നുവിട്ട ഇഡി അഴിമതിയുടെ കൊടുമുടിയാണെന്നും അതിന്റെ ശിഖരം മാത്രമാണ് കൊച്ചിയിലെ സംഭവം എന്നുമാണ് വ്യക്തമാകുന്നത്.
കേസുമായി ബന്ധപ്പെട്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യര്‍, ഇടനിലക്കാരായ വില്‍സണ്‍, മുരളി മുകേഷ് എന്നീ മൂന്നുപേരാണ് അറസ്റ്റിലായത്. ഇഡി സമന്‍സ് അയച്ച മറ്റ് പത്തോളം കേസുകളില്‍ ഈ സംഘം ഇടപെട്ട് കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലന്‍സ് സംശയിക്കുന്നു. ഇങ്ങനെയുള്ള കേസുകളില്‍ സമന്‍സ് ഇഡി ഓഫിസില്‍ നിന്ന് അയച്ചത് ഇമെയില്‍ വഴിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കത്ത് മുഖേന സമന്‍സുകള്‍ എന്തുകൊണ്ടാണ് അയയ്ക്കാത്തതെന്നും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. 

ഇഡി ഉദ്യോഗസ്ഥനും ഇടനിലക്കാരും തമ്മിലുള്ള കണ്ണിയായി പ്രവര്‍ത്തിച്ചത് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത്താണെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. ബിസിനസുകാര്‍ക്ക് നോട്ടിസ് നല്‍കി വിളിച്ചുവരുത്തുമ്പോള്‍ അതിന്റെ വിവരങ്ങള്‍ ഇഡി ഉദ്യോഗസ്ഥര്‍ രഞ്ജിത്തിനെ അറിയിക്കും. രഞ്ജിത് ഇക്കാര്യം വില്‍സണ്‍ വര്‍ഗീസിനെയും മുകേഷിനെയും അറിയിക്കും. അങ്ങനെയാണ് ബിസിനസുകാരുമായി ബന്ധപ്പെടുക. കൈക്കൂലി പണത്തിന്റെ 60 ശതമാനം ഇഡി ഉദ്യോഗസ്ഥന്‍ തന്നെ എടുത്തിരുന്നുവെന്നാണ് വില്‍സണ്‍ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം തെളിവില്ലാതാക്കാന്‍ കൈക്കൂലി ഇടപാടുകള്‍ക്കായുള്ള ആശയ വിനിമയം രഞ്ജിത്ത് നടത്തിയത് രഹസ്യ ആപ്പ് വഴിയാണെന്നും വിവരങ്ങളുണ്ട്. ഈ ആശയവിനിമയങ്ങള്‍ വീണ്ടെടുക്കുന്നത് കേസില്‍ നിര്‍ണായകമാകും. രഞ്ജിത്തിന്റെ ഫോണ്‍ കോടതിയുടെ അനുമതിയോടെ പരിശോധനയ്ക്കയയ്ക്കുവാനും അന്വേഷണ സംഘം ലക്ഷ്യംവയ്ക്കുന്നു. 

അതിനിടെ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഇഡി ഡയറക്ടര്‍ കൊച്ചി സോണല്‍ ഓഫിസിനോട് റിപ്പോര്‍ട്ട് തേടി. അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരായ ആരോപണം പരിശോധിക്കാനാണ് നിര്‍ദേശം. രഹസ്യസ്വഭാവത്തില്‍ അയക്കേണ്ട സമന്‍സ് വിവരം പുറത്തുപോയതിലും അന്വേഷണം നടത്തും. അഡീഷണല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി.
അതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റെടുത്ത കേസ് ഒതുക്കിതീര്‍ക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ഭീഷണിപ്പെടുത്തിയ ഇഡി ഉദ്യോഗസ്ഥന്റെ പേര് മാറിപ്പോയെന്ന് പരാതിക്കാരനായ അനീഷ് ബാബു പറഞ്ഞു. കേസിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയത് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് കുമാറാണെന്നും രാധാകൃഷ്ണന്‍ എന്ന പേര് മാറിപ്പറഞ്ഞതാണെന്നും അനീഷ് ബാബു പറഞ്ഞു. ചിത്രം കണ്ടപ്പോഴാണ് ആളെ തിരിച്ചറിഞ്ഞതെന്നും പരാതിക്കാരന്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.