
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ എൻഡിഎ സർക്കാരും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യ സംസ്ഥാന സർക്കാരും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിൽ കുടുക്കിലായത് തമിഴ്‌നാട്ടിലെ കുട്ടികൾ. 2020ലെ പുതിയ വിദ്യാഭ്യാസ നയം (എൻഇപി) പ്രകാരം ത്രിഭാഷാ ഫോർമുല നടപ്പിലാക്കണമെന്ന് കേന്ദ്രം നിർബന്ധിക്കുന്നു, സംസ്ഥാനം അത് നടപ്പിലാക്കാൻ വിസമ്മതിക്കുന്നു. വിദ്യാഭ്യാസ അവകാശ (ആർടിഇ) നിയമ പ്രകാരമുള്ള കുട്ടികളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്ന സാഹചര്യത്തിലേക്കാണ് ഈ ഏറ്റുമുട്ടല്‍ നയിച്ചത്.
എൻഇപി സ്വീകരിക്കണമെന്ന് ഒരു സംസ്ഥാനത്തെയും നിർബന്ധിക്കാൻ കഴിയില്ലെന്ന് രണ്ടാഴ്ചമുമ്പ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പക്ഷേ ത്രിഭാഷാ നയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം ഫണ്ട് വിതരണം മരവിപ്പിച്ചത് വിദ്യാഭ്യാസ അവകാശം ലഭ്യമാക്കുന്നതിൽ കാലതാമസമുണ്ടാക്കി. ഇപ്പോൾ, 2,151 കോടിയുടെ വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവച്ചതിന് കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
എൻഇപി, പിഎം ശ്രീ പദ്ധതി എന്നിവയെ ഫണ്ട് വിതരണവുമായി ബന്ധിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഫെഡറലിസത്തിനുമേല്‍ അമിതാധികാരം പ്രയോഗിക്കുകയാണെന്ന് തമിഴ്‌നാട് ആരോപിച്ചു. ‘ഇത്തരം നിർബന്ധിത തന്ത്രങ്ങൾ നിയമപരമായി അനുവദനീയമോ സംസ്ഥാന നിയമനിർമ്മാണവുമായി പൊരുത്തപ്പെടുന്നതോ അല്ല. പ്രത്യേകിച്ച് സംസ്ഥാനം സ്വീകരിച്ച ദ്വിഭാഷാ ഫോർമുലയുടെ വെളിച്ചത്തിൽ’ എന്ന് സര്‍ക്കാര്‍ സമർപ്പിച്ച ഹർജിയിൽ പറയുന്നു. 2024–25ലെ സമഗ്ര ശിക്ഷാ പദ്ധതി (എസ്എസ്എസ്) പ്രകാരം വിദ്യാഭ്യാസ ഫണ്ടിൽ നിന്ന് 2,151 കോടി അനുവദിക്കണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെടുന്നത്. തടഞ്ഞുവച്ച തുകയുടെ ആറ് ശതമാനം പലിശയുൾപ്പെടെ 2291.3 കോടിയാണ് അവകാശപ്പെടുന്നത്.
എസ്എസ്എസിന് കീഴിലുള്ള “നിർബന്ധിത വിഹിതം” കേന്ദ്രം തടഞ്ഞുവച്ചത്, കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിഭ്യാഭ്യാസം അവകാശമാക്കിയ 2009ലെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിനെയും സംസ്ഥാനത്തെ 43.94 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെയും 2.21 ലക്ഷം അധ്യാപകരുടെയും 32,701 ജീവനക്കാരുടെയും ഭരണഘടനാപരമായ അവകാശങ്ങളെയും നിഷ്ക്രിയമാക്കിയെന്നും ഹർജിയിൽ പറയുന്നു.
ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രോജക്ട് അപ്രൂവൽ ബോർഡ് (പിഎബി) 2024 ഫെബ്രുവരിയിലെ യോഗത്തിൽ എസ്എസ് എസ് പ്രകാരം സംസ്ഥാനത്തിന് 3,585.99 കോടി രൂപ അംഗീകരിച്ചുവെന്നും അതിൽ 2,151.59 കോടി, 60:40 ഫോർമുലയെ അടിസ്ഥാനമാക്കിയുള്ള കേന്ദ്രവിഹിതമാണെന്നും തമിഴ്‌നാട് പറയുന്നു. പക്ഷേ കേന്ദ്രം ഒരു ഗഡു പോലും നല്‍കിയിട്ടില്ല. എൻഇപി 2020 പൂർണമായി അംഗീകരിക്കാനും പിഎം ശ്രീ പദ്ധതിക്കായുള്ള ധാരണാപത്രത്തിൽ ഒപ്പിടാനും സംസ്ഥാനം വിസമ്മതിച്ചതിനാലാണ് കേന്ദ്രം ഇങ്ങനെ ചെയ്തതെന്നും ആരോപിച്ചു.
തമിഴ്‌നാടിന് ദ്വിഭാഷാ നയമാണുള്ളത്- തമിഴും ഇംഗ്ലീഷും. 1968ല്‍ സംസ്ഥാന നിയമസഭയിൽ ഈ വിഷയത്തിൽ പ്രമേയം പാസാക്കിയതുമുതൽ ഹിന്ദി അടിച്ചേല്പിക്കുന്നതിനെ അവർ നിരന്തരം എതിർക്കുന്നു. 2006ലെ തമിഴ്‌നാട് വിദ്യാഭ്യാസ നിയമം ഒന്ന് മുതൽ 10-ാം ക്ലാസ് വരെ തമിഴ് നിർബന്ധമായും പഠിപ്പിക്കണമെന്ന് നിഷ്കർഷിക്കുന്നു. 2010ലെ തമിഴ്‌നാട് യൂണിഫോം സിസ്റ്റം ഓഫ് സ്കൂൾ എജ്യുക്കേഷൻ ആക്ട് എന്ന മറ്റൊരു നിയമവുമുണ്ട്. ഈ നിയമനിർമ്മാണങ്ങളെ കേന്ദ്രം എൻഇപി — 2020 നടപ്പിലാക്കുന്നതിനായി ദുർബലപ്പെടുത്തുകയാണ്. എൻഇപി നയം മാത്രമാണ്. അതിന് സംസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഭരണപരമോ നിയമനിർമ്മാണപരമോ ആയ അവകാശമില്ല. തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാൾ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മേയ് ഒമ്പതിനാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ തമിഴ്‌നാട്, പശ്ചിമ ബംഗാൾ, കേരള സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചത്. ഒരു സംസ്ഥാനത്തെയും അതിനായി നിർബന്ധിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. എൻഇപിയുമായി ബന്ധപ്പെട്ട ഒരു സംസ്ഥാനത്തിന്റെ നടപടിയോ നിഷ്ക്രിയത്വമോ ഏതെങ്കിലും മൗലികാവകാശത്തെ ലംഘിക്കുകയാണെങ്കിൽ മാത്രമേ ഇടപെടാന്‍ കഴിയൂ എന്ന് ജസ്റ്റിസുമാരായ ജെ ബി പർഡിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് വ്യക്തമാക്കിയത്. തമിഴ്‌നാട്ടിലെ ബിജെപി നേതാവായ അഭിഭാഷകനായിരുന്നു പൊതുതാല്പര്യ ഹർജി സമർപ്പിച്ചത്.
എസ്എസ്എസ് പ്രകാരം കുടിശികയായ 2151.59 കോടി അനുവദിക്കണമെന്ന് മേയ് 16ന്, തമിഴ്‌നാട് സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിൽ ആർടിഇ അടിസ്ഥാനമാക്കിയ 617 കോടിയും ഉൾപ്പെടുന്നു. 2024–25 വർഷത്തേക്കുള്ള മുഴുവൻ ഫണ്ടും 2025–26 സാമ്പത്തിക വർഷത്തെ ആദ്യഗഡുവും അനുവദിക്കണമെന്നാണ് തമിഴ്‌നാട് അഭ്യർത്ഥിച്ചത്. ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെ കഴിഞ്ഞ രണ്ട് വർഷമായി സ്വകാര്യ സ്കൂളുകൾക്ക് ആർടിഇ റീഇംബേഴ്സ്‌മെന്റ് ഫണ്ട് വൈകിപ്പിച്ചതിന് സംസ്ഥാന സർക്കാരിനെ വിമർശിച്ചുവരികയാണ്. പദ്ധതി അംഗീകാര ബോർഡ് (പിഎബി) യോഗത്തിൽ 2025–26 വർഷത്തേക്കുള്ള നിർദേശവും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു. ഇതനുസരിച്ചാണ് കേന്ദ്രത്തിന്റെ വിഹിതം 2151.59 കോടി രൂപയായി നിശ്ചയിച്ചത്.
2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്വകാര്യ സ്കൂളുകളിൽ പ്രവേശനം ആരംഭിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്യുന്ന ഹർജിയിൽ ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ മദ്രാസ് ഹൈക്കോടതി മേയ് 15ന് തമിഴ്‌നാട് സർക്കാരിനോട് നിർദേശിച്ചിരുന്നു. മറുമലർച്ചി മക്കൾ ഇയക്കം പ്രസിഡന്റ് വി ഈശ്വരൻ ആണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പ്രവേശന പ്രക്രിയ മേയ് 20ന് അവസാനിക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ജൂൺ രണ്ടിന് വീണ്ടും തുറക്കും. എന്നാല്‍ ലക്ഷക്കണക്കിന് പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം തമിഴ്‌നാട് സർക്കാർ പൂർണമായും അവഗണിച്ചു. പ്രവേശന പ്രക്രിയ സംബന്ധിച്ച് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം, സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾക്കായി പ്രാഥമികതല സീറ്റുകളിൽ 25 ശതമാനം സംവരണം ചെയ്യുകയും സൗജന്യ വിദ്യാഭ്യാസം നൽകുകയും ചെയ്യാന്‍ ബാധ്യസ്ഥരാണ്. അതേസമയം തമിഴ്‌നാടിന് വിദ്യാഭ്യാസ ഫണ്ടുകൾ അനുവദിക്കുന്നതു സംബന്ധിച്ച് കേന്ദ്രം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി അന്‍പിൽ മഹേഷ് പൊയ്യാമൊഴി പറഞ്ഞു. “കേന്ദ്രം ആർടിഇ ഫണ്ടുകൾ അനുവദിക്കണം. അനുവദിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്”- അദ്ദേഹം പറഞ്ഞു.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.