
എന്നും തനിക്ക് ശരി എന്ന് ബോധ്യപ്പെടുന്ന പ്രത്യയശാസ്ത്രത്തിനൊപ്പം സഞ്ചരിക്കുന്ന സാഹിത്യ വിമര്‍ശകനാണ് ഡോ. എസ് എസ് ശ്രീകുമാര്‍. ആറാം തരത്തിൽ പഠിക്കുമ്പോൾ എസ് എസ് ശ്രീകുമാർ സ്കൂൾ ലീഡറാണ്. അന്ന് കുറച്ച് കൂട്ടുകാർ വന്നു പറഞ്ഞു അടുത്തുള്ള എല്ലാ സ്കൂളുകളിലും സമരമൊക്കെയുണ്ട് നമ്മുടെ സ്കൂളിൽ മാത്രമില്ല. നമുക്കും വേണം സമരം. അന്ന് അവരോട് പറഞ്ഞത് ഇങ്ങനെയാണ്, ‘എന്തെങ്കിലും പറഞ്ഞ് സമരം ചെയ്യാനൊന്നും പറ്റില്ല. വ്യക്തമായ കാരണം വേണം. അങ്ങനെയാണ് സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകം അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള സമരത്തിന് എസ് എസ് ശ്രീകുമാർ നേതൃത്വം നല്‍കുന്നത്. അന്ന് ശ്രീകുമാർ മുന്നിൽ നിന്ന് നയിച്ച സമരത്തെ അധ്യാപകന്റെ നേതൃത്വത്തിൽ ചൂരൽ ഉപയോഗിച്ചുള്ള പ്രയോഗം കൊണ്ട് നിഷ്പ്രഭമാക്കി. മുന്നിൽ നിന്ന് സമര നയിച്ച എസ് എസ് ശ്രീകുമാർ തിരിഞ്ഞു നോക്കുമ്പോൾ സമരത്തിനു വേണ്ടി വാദിച്ച ഒരാളെയും കാണാനില്ല. പൊതിരെ തല്ല് കിട്ടി എന്ന് മാത്രം. എസ് എസ് ശ്രീകുമാർ പുസ്തകങ്ങളെയും അക്ഷരങ്ങളെയും തന്റെ നൈസർഗിക താളമായി ഇക്കാലമത്രയും കൊണ്ടു നടന്നു. നൈതികതയോടൊപ്പം സഞ്ചരിച്ചു കൊണ്ട്, നിഷേധിയായിക്കൊണ്ട് അദ്ദേഹം സ്വയം കലഹിച്ചും ദാർശനിക വ്യവഹാരങ്ങൾക്ക് തിരുത്തൽ സൃഷ്ടിച്ചു കൊണ്ടും അദ്ദേഹം മുന്നേറി. എസ് എസ് ശ്രീകുമാറിന്റെ നിലപാടുകളിൽ ചിലർക്ക് പാരമ്പര്യ നിഷേധമായി തോന്നിയതിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. അദ്ദേഹത്തിന്റെ വാക്കുകൾ പലർക്കും അസ്വസ്ഥത സൃഷ്ടിച്ചു കാണും. ഒരിക്കലും ആൾക്കൂട്ടത്തിനൊപ്പമായിരുന്നില്ല എസ് എസ് ശ്രീകുമാറിന്റെ സഞ്ചാരം.
വിദ്യാർത്ഥി രാഷ്ട്രീയം കലാലയങ്ങളിൽ ശക്തമായിരുന്ന കാലം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലം എസ് എൻ കോളജിൽ ശക്തമായ പോലീസ് സന്നാഹമുണ്ട്. കോളജിന്റെ മൈതാനത്തിലൂടെ കത്തിജ്വലിച്ചു നിലക്കുന്ന സൂര്യനെ വകവെക്കാതെ മുണ്ടും ഷർട്ടും ധരിച്ച കൃശഗാത്രനായ ചെറുപ്പക്കാരൻ നടന്നുനീങ്ങുകയാണ്. മൈതാനത്തിന്റെ ഒത്ത നടുക്കെത്തിയപ്പോൾ മുഷ്ടി ചുരിട്ടി ചെറുപ്പക്കാരൻ മുദ്രാവാക്യം വിളി തുടങ്ങി, ‘പൊലീസ് കാമ്പസ് വിട്ട് പുറത്തുപോകുക വിദ്യാർത്ഥികളെ പഠിക്കാൻ അനുവദിക്കുക…’ നിമിഷ നേരം കൊണ്ട് ഒരു കൂട്ടം പൊലീസുകാർ വാഹനത്തിൽഎത്തി ചെറുപ്പക്കാരനെ കയറ്റി കൊണ്ടുപോയി. ഈ ആര്‍ജവമാണ് ഏത് പ്രതിസന്ധിയെയും തനിച്ച് നേരിടാന്‍ ഡോ. എസ് എസ് ശ്രീകുമാറിന് കരുത്തായത്. പിൽക്കാലത്ത് തന്റെ എഴുത്തിലും പ്രഭാഷണങ്ങളിലുമെല്ലാം ഈ നിശ്ചയദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചു.
മലയാളത്തിൽ മാർക്സിയൻ നിരൂപണത്തിന് പ്രസക്തിയില്ല എന്ന അഴീക്കോടിന്റെ വാദത്തെ ഖണ്ഡിച്ചു കൊണ്ടാണ് ഡോ. എസ് എസ് ശ്രീകുമാർ തന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. വാസ്തവത്തിൽ സി പി അച്യുതമേനോൻ മുതൽ പുരോഗമനപരമായ ലിബറൽ സ്വഭാവമുള്ള വിമർശന പാരമ്പര്യം നമുക്ക് കാണാൻ കഴിയും. കൊടുങ്ങല്ലൂർ കൊച്ചുണ്ണിതമ്പുരാന്റെ കല്യാണി നാടകത്തെ മുൻനിർത്തി അച്യുതമേനോൻ ഇക്കാര്യം പറയുന്നുണ്ട്. ഇതേ ധാരയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയിലെത്തുമ്പോൾ സോഷ്യലിസ്റ്റ് ആഭിമുഖ്യത്തിലേക്കും കേസരി എ ബാലകൃഷ്ണപിള്ളയുടെ കാലത്ത് ഭൗതികവാദപരവുമാകുന്നത്. ലിബറൽ ചിന്താന്താരയിൽ നിന്ന് സോഷ്യലിസത്തിലേക്കും തുടർന്ന് മാർക്സിയൻ ദർശനങ്ങളിലേക്കുമുള്ള പ്രയാണമാണത്. പുരോഗമന നിരൂപണപ്രസ്ഥാനത്തിന്റെ വരവോടെയാണ് നിരൂപണ രംഗത്ത് കാതലായ മാറ്റങ്ങൾ ഉണ്ടാകുന്നത്. പുരോഗമനനിരൂപണത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച കുട്ടികൃഷ്ണമാരാർ ഉൾപ്പെടെ പിൽക്കാലത്ത് ഇതിനെ അംഗീകരിച്ചു. അഴീക്കോട് ഒരിക്കലും പുരോഗമന വാദത്തെ അംഗീകരിച്ചില്ല. ഇടതുപക്ഷ വേദികളിൽ അദ്ദേഹം ഇടത് ചിന്തയോട് ആഭിമുഖ്യമുള്ള ചില വാഗ്ധോരണികൾ സൃഷ്ടിക്കുക മാത്രമായിരുന്നു. സൈദ്ധാന്തികമായി അദ്ദേഹം പുരോഗമന വാദത്തെ അംഗീകരിച്ചില്ല. സി പി അച്യുതമേനോൻ മുതൽ മലയാള നിരൂപണ സാഹിത്യത്തെ സ്വാധീനിച്ചത് പുരോഗമന വിമർശനമാണെന്ന് സ്ഥാപിക്കുകയാണ് ഡോ. എസ് എസ് ശ്രീകുമാർ തന്റെ ഗവേഷണ പ്രബന്ധത്തിലൂടെ നടത്തിയത്. എം എൻ വിജയൻ ഉൾപ്പെടെ എസ് എസ് ശ്രീകുമാറിന്റെ ഗവേഷണത്തിന്റെ സാധുതയെപ്പറ്റി ചോദിച്ചിരുന്നു. പരമ്പരാഗത ഗവേഷണചട്ടക്കൂടുകളെ മുൻ നിർത്തിയാണ് അദ്ദേഹം പറഞ്ഞത്. വാസ്തവത്തിൽ എസ് എസ് ശ്രീകുമാറിന്റേത് അഴീക്കോട് അവതരിപ്പിച്ച ദാർശനികതയെ യുക്തിഭദ്രമായി ഖണ്ഡിക്കുന്നതായിരുന്നു. എസ് എസ് ശ്രീകുമാറിന്റെ അഭിപ്രായത്തിൽ സി ജെ തോമസിനെ പോലുള്ളവർക്ക് പ്രകടമായ മാർക്സിയൻ ഭൂതകാലമുണ്ടായിരുന്നു. സി ജെ രചിച്ച ‘വിലയിരുത്തൽ’ എന്ന ഗ്രന്ഥം ഇത് വെളിപ്പെടുത്തുന്നു. സി ജെ തോമസ് കാരൂരിന്റെ കഥകളെ വിമർശിക്കുന്നത് ശ്രദ്ധേയമാണ്. കാരൂർ കഥകൾ സാധാരണക്കാരന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ടെങ്കിലും അത് വേണ്ടത്ര പുരോഗമനപരമായിരുന്നില്ല തൊഴിലാളിയുടെയും കർഷകരുടെയും പ്രശ്നങ്ങൾ അവതരിപ്പിച്ചില്ലെന്ന് സി ജെപറയുന്നു. വിമോചന സമരത്തിന് ശേഷമാണ് സി ജെയുടെ നിലപാടിൽ മാറ്റങ്ങൾ വന്നുതുടങ്ങിയത്.
മലയാളനിരൂപണ സാഹിത്യത്തിലെ കറകളഞ്ഞ മാർക്സിയൻധാരയായിരുന്നു ഡോ. എസ് എസ് ശ്രീകുമാർ സൃഷ്ടിച്ചത്. അദ്ദേഹം തന്റെ ഗവേഷണം ആരംഭിക്കുന്നത് മലയാളത്തിലെ തലയെടുപ്പുള്ള നിരൂപകന് സുകുമാർ അഴീക്കോടിനെ ഖണ്ഡിച്ചുകൊണ്ടാണ്. സാഹിത്യത്തിലെ പുരോഗമനപരമായ പാരമ്പര്യത്തെ അസംബന്ധമായി കരുതിയ ആളാണ് സുകുമാർ അഴീക്കോട്. മലയാളനിരൂപണ സാഹിത്യത്തോട് അദ്ദേഹം ചെയ്തദ്രോഹമാണത്. ഒരുപക്ഷെ അഴീക്കോടിന്റെ ഗവേഷണ മാർഗദർശിയായ ഡോ. പി കെ നാരായണപിള്ളയുടെ സ്വാധീനം കൊണ്ടായിരിക്കാം. തിരുവിതാംകൂർ രാജവംശത്തിനോട് പ്രത്യേക താല്പര്യമുള്ള ആളൊന്നുമല്ല അഴീക്കോട് എന്ന് നമുക്കറിയാം. എന്നിട്ടും മലയാള വിമർശന സാഹിത്യത്തിന്റെ പിതാവ് കേരള വർമ്മ വലിയകോയിതമ്പുരാനാണെന്ന് തന്റെ ഗവേഷണ പ്രബന്ധത്തിൽ അഴീക്കോട് സമർത്ഥിച്ചു. അഴീക്കോടിന് സി പി അച്യുതമേനോനെ അറിയാഞ്ഞിട്ടല്ല. മാർഗദർശിയായ ഡോ. പി കെ നാരായണപിള്ള പ്രബന്ധത്തിൽ ഒപ്പിടാത്തതു കാരണം അങ്ങനെയൊരു നിഗമനം എഴുതാൻ അഴിക്കോട് നിർബന്ധിക്കപ്പെടുകയായിരുന്നു. അഴിക്കോടിന്റെ വിമർശനമെല്ലാം യാഥാസ്ഥിതികമായ സ്വഭാവത്തോട് കൂടിയതായിരുന്നു. അതുപോലെ കേസരിയെ അഴീക്കോട് അംഗീകരിച്ചില്ല. എന്നാൽ വടക്കുംകൂർരാജരാജവർമ്മയെ പോലുള്ളവരെ ഉയർത്തി കാണിക്കുന്നു. അഴീക്കോട് യാഥാസ്ഥിതിക നിരൂപണ പാരമ്പര്യത്തെയാണ് അടയാളപ്പെടുത്തിയത്. സൗന്ദര്യാത്മക നിരൂപണത്തെ പോലും അഴീക്കോട് അംഗീകരിച്ചില്ല. കുട്ടികൃഷ്ണമാരാർ പുരോഗമനസാഹിത്യത്തെ അംഗീകരിച്ചത് അഴീക്കോട് ഒരിടത്തും പരാമർശിച്ചില്ല. യാഥാസ്ഥിതികമായശുദ്ധകലാ വാദപരമായ സമീപനമാണ് അഴിക്കോട് സ്വീകരിച്ചത്. ഇങ്ങനെ കാരിരുമ്പിന്റെ ബലമുള്ള അക്ഷരങ്ങള്‍ കൊണ്ടാണ് തന്റെ നിരീക്ഷണങ്ങല്‍ എസ് എസ് ശ്രീകുമാര്‍ അവതരിപ്പിക്കുന്നത്.
കെ പി അപ്പനിലേക്ക് വരുമ്പോൾ അദ്ദേഹം ഒരിക്കലും പുരോഗമന വിമർശനം നടത്തിയിരുന്നില്ല എന്ന് എസ് എസ് ശ്രീകുമാര്‍ നിരീക്ഷിക്കുന്നു. വിമർശന സാഹിത്യത്തിൽ ശുദ്ധസൗന്ദര്യത്തിന്റെ വക്താവായിരുന്നു അദ്ദേഹം. വിമർശനത്തിൽ ഒരു മൂല്യനിർണയത്തിന്റെ സാധ്യത തുറന്നിടുകയായിരുന്നു കെ പി അപ്പൻ. എതിരാളികളെ പ്രകോപിപ്പിക്കുന്ന വിധമുള്ള ആശയ അന്തരീക്ഷം ഉണ്ടാക്കിയത് കെ പി അപ്പനാണ്. പലർക്കും പറയാനുള്ളത് അപ്പൻ സാറിന്റെ ക്ലാസിനെ പറ്റിയാണ്. കേൾവിക്കാരെ ലഹരിപിടിപ്പിച്ച് ഇരുത്താൻ മാത്രമേ അതിനു കഴിയുമായിരുന്നുള്ളു. വാസ്തവത്തിൽ അദ്ദേഹം ഒരു മാർക്സിസ്റ്റ് വിരുദ്ധനാണ്. അപ്പൻ സാറിന്റെ ക്ലാസിൽ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അദ്ദേഹം തികച്ചും ജനാധിപത്യവിരുദ്ധമായ രീതിയിലാണ് പ്രതികരിച്ചതെന്ന് ശ്രീകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. സംവാദത്തിന്റെ സാധ്യതയെല്ലാം കെടുത്തിക്കളയും. എങ്കിലും എസ് എസ് ശ്രീകുമാറിന്റെ പിഎച്ച്ഡി തിസീസിനെ പറ്റി കെ പി അപ്പൻ ഒരിക്കൽ ചോദിച്ചു. മലയാള സാഹിത്യത്തിലെ മാർക്സിയൻ വിമർശനമാണ് വിഷയം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു, ‘ശ്രീകുമാർ ഗവേഷണം നടത്തുന്നത് മികച്ച വിഷയത്തിലാണ്. മലയാളത്തിലെ മികച്ച തിസീസായി അത് മാറും. നീണ്ട പത്ത് വർഷം കൊണ്ടാണ് പിഎച്ച്ഡി തിസീസ് പൂർത്തിയാക്കിയത്. സോവിയറ്റ് യൂണിയന്റെ തകർച്ച തിസീസ് രചനയെ കാര്യമായി ബാധിച്ചു. മാർക്സിയൻ ദർശനത്തെ ശക്തമായി എതിർക്കുന്നവർ പറയുന്ന വാദങ്ങളെ സൂക്ഷ്മവിശകലനത്തിന് വിധേയമാക്കി. ഇതിനുള്ള വസ്തുനിഷ്ഠമായ മറുപടിയായി മാറി മലയാള സാഹത്തിലെ മാർക്സിയൻ സ്വാധീനം എന്ന ഗവേഷണ പ്രബന്ധം.
മാഹി കോളേജിൽ അധ്യാപനം ആരംഭിച്ചതുമുതലാണ് മുകുന്ദനൊപ്പമുള്ള യാത്ര ആരംഭിക്കുന്നത്. എം മുകുന്ദനും ഡോ. എസ് എസ് ശ്രീകുമാറും തമ്മിലുള്ള ആത്മബന്ധം സർഗാത്മകതയുടെ മറ്റൊരു കാഴ്ചയായിരുന്നു. എം മുകുന്ദൻ സൃഷ്ടിച്ച മയ്യഴി എന്ന ദേശത്തിന്റെ ആഖ്യാനത്തെ എസ് എസ് ശ്രീകുമാറിന്റെ നിരൂപണത്തിലൂടെ കോളനിയനന്തര പഠനത്തിന്റെ അനന്തസാധ്യതകളിലേക്ക് വഴിതെളിച്ചു. വിമർശകനും നോവലിസ്റ്റും തമ്മിലുള്ള സവിശേഷ രസതന്ത്രം വായനക്കാർക്ക് വേറിട്ട അനുഭവമായിരുന്നു. പ്രിയസുഹൃത്ത് ശ്രീകുമാറിന്റെ യാത്രയയപ്പ് ചടങ്ങിന് മുകുന്ദൻ സ്വയം കാറോടിച്ചാണ് കോളജിലെത്തിയത്.
മലയാളത്തിലെ തുടക്കക്കാരായ നോവലെഴുത്തുകാരുടെ കൃതികളെ സൈദ്ധാന്തികമായി അപഗ്രഥിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ അക്കാദമിക അടയാളങ്ങളായി മാറി. അദ്ദേഹത്തിന്റെ അധ്യാപനം മാഹി കോളജിൽ മാത്രമായത് ശരിക്കും കേരളത്തിലെ മറ്റ് കലാലയങ്ങൾക്ക് വലിയ നഷ്ടം തന്നെയായിരുന്നു.
എഴുത്തിലായാലും ജീവിതത്തിലായാലും ആത്മസമർപ്പണമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. വിഷയങ്ങളെ സൈദ്ധാന്തികമായി സമീപിക്കുകയും നാം പ്രാദേശികം എന്നു മാത്രം കരുതുന്നവയ്ക്ക് ലോകവീക്ഷണണത്തിന്റെ പശ്ചാത്തലത്തില്‍ ആവിഷകരിക്കുന്നത് ആരെയും അത്ഭുതപ്പെടുത്തും. മുകുന്ദന്റെ ആഖ്യാനങ്ങളിലെ പ്രാദേശികതയെപ്പറ്റി പറയുമ്പോൾ തന്നെ അതിന്റെ ആഗോള സാധ്യതയിലേക്കുള്ള വാതായനങ്ങളാണ് ശ്രീകുമാറിന്റെ പഠനങ്ങൾ.
എസ് എസ് ശ്രീകുമാറിനൊപ്പം ഗവേഷണം ചെയ്യുന്ന വിദ്യാർത്ഥികളുടെ അഭിപ്രായത്തിൽ എല്ലാവർക്കും പ്രിയങ്കരനായ മാർഗദർശിയാണ് അദ്ദേഹം. ഗവേഷക വിദ്യാർത്ഥികളിലെ അറിവിനെ സൈദ്ധാന്തികമായി അപഗ്രഥിക്കാനും അത് എങ്ങനെ ഗവേഷണത്തിൽ മികച്ച നിലയിൽ ഉപയോഗപ്പെടുത്താൻ കഴിയും എന്ന നിലയിലുള്ള അദേഹത്തിന്റെ ഇടപെടൽ കുട്ടികളിൽ എന്തെന്നില്ലാത്ത ആത്മവിശ്വാസമാണ് ഉണ്ടാക്കുക. ഒരിക്കൽ പോലും അദ്ദേഹ പരിചയപ്പെടുത്തുമ്പോൾ എന്റെ കീഴിൽ ഗവേഷണം നടത്തുന്നു എന്ന് പറയാറില്ല. എനിക്കൊപ്പം ഗവേഷണം ചെയ്യുന്നു എന്നാണ് ഭാഷ്യം. മാർഗദർശിയുടെ സാധ്യതകളെ തന്റെ ശിഷ്യരിൽ ഒരു ആധിപത്യം സ്ഥാപിക്കുവാനുള്ള ഒന്നായി അദ്ദേഹം കണ്ടില്ല. മറിച്ച് ഗവേഷകരിലെ അന്വേഷണത്വരയും വൈജ്ഞാനികമായ അടിത്തറയും ഉറപ്പിക്കുന്നതിനു വേണ്ടി വേണ്ടുവോളം സ്വാതന്ത്ര്യം അദ്ദേഹം അവർക്ക് നല്കി. ഗവേഷണം മൗലികമാക്കണമെങ്കിൽ നല്ല അക്കാദമിക് സ്വാതന്ത്ര്യം അനിവാര്യമാണ്. എസ് എസ് ശ്രീകുമാർ ഇങ്ങനെയൊരു സ്വാതന്ത്ര്യം നല്കുന്നതിൽ ഒരു സങ്കോചവും കാണിച്ചില്ല.
തലശ്ശേരിയിലെ കാവുംഭാഗത്തെ വീട്ടിൽ പതിറ്റാണ്ടുകളോളം തനിച്ചു കഴിയുമ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു തേടിയെത്തുന്ന പുസ്തകങ്ങളെ അദ്ദേഹം സ്വന്തം സുഹൃത്താക്കി മാറ്റി. കോവിഡ് അതിരൂക്ഷമായ കാലം എസ് എസ് ശ്രീകുമാർ തലശ്ശേരിയിലെ വീട്ടിൽ തനിച്ചായിരുന്നു. ലോക് ഡൗണിനെ തുടർന്ന് തന്റെ വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല. തനിച്ച് വീട്ടിൽ ഇത്രയും ദിവസം തള്ളി നീക്കുക അതികഠിനം തന്നെ. അദ്ദേഹത്തിന്റെ വാക്കിലോ പ്രവൃത്തിയിലോ അത്തരം ആശങ്കയുടെനിഴൽ പോലുമില്ലായിരുന്നു. ഇതെങ്ങനെ ഇത്രയും സ്വാഭാവികതയോടെ കാലത്തിനൊപ്പം സഞ്ചരിക്കാൻ കഴിയുന്നു എന്ന് അന്ന് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. വീട്ടിനുള്ളിലെ ഓരോ മുറിയും വിവിധ മേഖലകളായി തരം തിരിച്ച ഗ്രന്ഥശാലകളാണ്. ആനന്ദിന്റെ ‘ഗോവർധനന്റെ യാത്രകളിൽ’ പുരാണങ്ങളിൽ നിന്നും ഇതിഹാസങ്ങളിൽ നിന്നും കഥാപാത്രങ്ങൾ ഇറങ്ങിവന്ന് ഗോവർധനോടൊപ്പം ചേരുന്നുണ്ട്. അതാണ് ഇവിടെയും സംഭവിക്കുന്നത്. നിരവധി നോവലുകളിൽ നിന്ന് കഥാപാത്രങ്ങളും, നിരൂപണ ഗ്രന്ഥങ്ങളിൽ നിന്നും നിരൂപകരും കാലത്തെ നിഷ്പ്രഭമാക്കി ഭൂതവർത്തമാനങ്ങളിലൂടെ ഡോ. എസ് എസ് ശ്രീകുമാറിനോട് സംവദിക്കുകയാണ്. എസ് എസ് ശ്രീകുമാർ തന്റെ ദാർശനി ചിന്തകൾക്ക് കൂടുതൽ ശക്തി പകർന്ന് യാത്ര തുടരുകയാണ്. വിരമിച്ചതിന് ശേഷം കേരളത്തിലെ കാമ്പസുകളിലെ പ്രഭാഷണ വേദികളിലും അക്കാദമിക് ചർച്ചകളിലും അദ്ദേഹം സജീവമാണ്.
ഡോ. എസ് എസ് ശ്രീകുമാറിന്റെ പ്രതിഭയെ നമുക്ക് ഇനിയും വേണ്ടത്ര ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ല. മാർക്സിയൻ നിരൂപണത്തെ ലോക കാഴ്ചപ്പാടിനനുസരിച്ച് മലയാളത്തിന് പരിചയപ്പെടുത്തിയ അദ്ദേഹത്തിന്റെ ചിന്തകൾ ഭാഷയുടെ സൈദ്ധാന്തിക അടിത്തറ രൂപപ്പെടുത്തും എന്നതിൽ സംശയമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.