
ചരക്കു കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് അവ നീക്കം ചെയ്യുന്നതിന് സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഡ്രോൺ സർവേ അടക്കം നടത്തി ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവർത്തകരെ നിയോഗിച്ച് പ്ലാസ്റ്റിക് തരികൾ നീക്കാനാണ് തീരുമാനം. പൊലീസ്, ഫയര്‍ഫോഴ്സ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥര്‍ക്കാണ് ഏകോപനച്ചുമതല. സന്നദ്ധസേനയുടെ സുരക്ഷയ്ക്കും മാർഗനിര്‍ദേശങ്ങൾ നൽകി. അപകടകരമായ രീതിയിൽ ഒരു നടപടിയും സന്നദ്ധ പ്രവർത്തകർ സ്വീകരിക്കുന്നില്ലെന്ന് സൂപ്പർവൈസർമാർ ഉറപ്പാക്കണം. ജനങ്ങളുടെ സുരക്ഷ പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധനമേഖലുടെ സംരക്ഷണം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്കാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകുന്നതെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചേര്‍ന്ന വിദഗ്ധസമിതി പറഞ്ഞു.
തീരത്ത് അടിയുന്ന അപൂർവ വസ്തുക്കൾ, കണ്ടെയ്നർ എന്നിവ കണ്ടാൽ സ്വീകരിക്കേണ്ട മാർഗ നിര്‍ദേശങ്ങൾ സംബന്ധിച്ച് തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മത്സ്യ തൊഴിലാളികൾക്കും ഇതിനോടകം നിര്‍ദേശം നൽകിയിട്ടുണ്ട്. കൂടാതെ കപ്പൽ മുങ്ങിയ സ്ഥലത്തു നിന്ന് 20 നോട്ടിക്കൽ മൈൽ പ്രദേശത്ത് മത്സ്യബന്ധനം പൂർണമായും വിലക്കി. എണ്ണപ്പാട തീരത്തെത്തിയാൽ കൈകാര്യം ചെയ്യാനായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ഓയിൽ ബൂം അടക്കമുള്ളവ പ്രാദേശികമായി സജ്ജീകരിച്ച് എല്ലാ പൊഴി, അഴിമുഖങ്ങളിലും നിക്ഷേപിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആഗോള ദുരന്ത നിവാരണ വിദഗ്ധൻ ഡോ. മുരളി തുമ്മാരുകുടി, മാരിടൈം യൂണിവേഴ്സിറ്റി മുൻ പ്രൊഫസര്‍ ഡോ. ഒലോഫ് ലൈഡൻ, പരിസ്ഥിതി ആഘാത സാമ്പത്തികകാര്യ വിദഗ്ധൻ ശാന്തകുമാർ, പെട്രോളിയം കെമിക്കൽ അനാലിസിസ് വിദഗ്ധൻ ഡോ. ബാബു പിള്ള, തീര ശുചീകരണ, മാലിന്യ നിർമ്മാർജ്ജന വിദഗ്ധൻ മൈക്ക് കോവിങ്, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, പരിസ്ഥിതി വകുപ്പ് ഡയറക്ടർ, പൊല്യൂഷൻ കൺട്രോൾ ബോർഡ് ചെയർമാൻ, വിസിൽ ഡയറക്ടർ, ജില്ലാകളക്ടർമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.