
എന്‍ഡിഎ ഭരണം കൈയാളുന്ന ബിഹാറില്‍ ക്രൂര ബലത്സംഗത്തിനിടെ ഗുരുതരമായി പരിക്കേറ്റ ദളിത് ബാലിക കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പതിനൊന്ന് വയസുകാരിയെ പട്ന എംയിസില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കാന്‍ വൈകിയതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. കഴിഞ്ഞ മാസം 26 നായിരുന്നു മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയും ഭരണപരമായ വീഴ്ചയും കാരണം ദളിത് ബാലിക മരണത്തിന് കീഴടങ്ങിയത്. രോഹിത് കുമാര്‍ സഹ്നി എന്ന യുവാവ് പെണ്‍കൂട്ടിയെ ബലാത്സംഗം ചെയ്യുകയും കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തിപരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കൂട്ടിയെ മുഫസര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുട്ടിയുടെ നില വഷളായതോടെ വിദഗ്ധ ചികിത്സയാക്കായി പട്ന മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. കുട്ടിയെ ആശുപത്രിക്ക് മുന്നില്‍ എത്തിച്ചുവെങ്കിലും കിടക്ക ഒഴിവില്ലെന്ന് പറഞ്ഞ് അഞ്ച് മണിക്കൂറോളം ആംബുലന്‍സില്‍ തന്നെ കിടത്തുകയായിരുന്നു.
വാര്‍ഡില്‍ കിടക്ക ഒഴിവില്ലെന്ന് പറഞ്ഞ് ജീവനക്കാര്‍ മറ്റ് വാര്‍ഡുകളില്‍ കിടക്ക ലഭ്യമാണോ എന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനായി ബന്ധുക്കള്‍ പല വാര്‍ഡുകളിലും കയറിയിറങ്ങി. അഞ്ച് മണിക്കൂറോളം പെണ്‍കുട്ടി ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ കിടന്നു. വൈകിട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ അഡ്മിറ്റ് ചെയ്തത്. എന്നാല്‍ തൊട്ടടുത്ത ദിവസം രാവിലെ കുട്ടി മരണത്തിന് കീഴടങ്ങി. പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ആംബുലന്‍സിലെ ഓക്സിജന്‍ കുറഞ്ഞുവെന്ന് പറഞ്ഞ് ജീവനക്കാര്‍ 2,000 രൂപ ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടിയെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയില്ലെന്ന് ഇരയുടെ അമ്മാവന്‍ വെളിപ്പെടുത്തി. വിഷയത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവും രംഗത്ത് വന്നു. ദളിത് പെണ്‍കുട്ടി നേരിട്ട ക്രൂരതയും ചികിത്സാ അവഗണയും മൂലം മരണം സംഭവിക്കുക എന്നത് നടക്കാന്‍ പാടില്ലാത്ത സംഭവമായിരുന്നു. ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ ദളിത്- ആദിവാസി ‑ന്യൂനപക്ഷ സമുദായ അംഗങ്ങളെ സംരക്ഷിക്കുന്നത് ഇങ്ങനെയാണോ എന്നും രാഹൂല്‍ ഗാന്ധി പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.