14 December 2025, Sunday

പച്ചക്കറി വില കുതിക്കുന്നു

ബേബി ആലുവ
കൊച്ചി
June 4, 2025 9:11 pm

ചെറിയൊരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വീണ്ടും കുതിപ്പ്‌. മത്സ്യമേഖലയിലെ വിവിധ പ്രതിസന്ധികൾക്കു പുറമെ മൺസൂൺ ട്രോളിങ് നിരോധനം കൂടിയാകുന്നതോടെ മത്സ്യക്ഷാമം കടുക്കുന്നത് പച്ചക്കറി വില ഇനിയുമുയരാൻ കാരണമാകും. പതിവുപോലെ സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പച്ചക്കറിയെത്തുന്ന തമിഴ് നാട്ടിലെ കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇപ്പോഴത്തെയും വില വർധനവിന് കാരണം. ദിവസങ്ങൾക്ക് മുമ്പ് കിലോഗ്രാമിന് 60 — 65 രൂപ വിലയുണ്ടായിരുന്ന ബീൻസാണ് വിലയിൽ മുമ്പിൽ. ചില്ലറ വിപണിയിൽ 120 — 125 എന്ന നിലവാരത്തിലെത്തി. എങ്കിലും, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 200–210 ലേക്ക് എത്തിയിട്ടില്ല എന്നതിൽ ആശ്വാസമുണ്ട്. ഇഞ്ചി 100 രൂപയിലെത്തി. 

തക്കാളി, പയർ എന്നിവയ്ക്ക് ഏതാനും ദിവസം മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടി വിലയായി. പച്ചമുളകിനും വില കയറി. വിവിധ കേന്ദ്രങ്ങളിൽ വിലയുടെ കാര്യത്തിൽ ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും പൊതുവെ എല്ലാത്തിനും വില കൂടുതലാണ്. തമിഴ് നാട്ടിൽ ജെൻഫൽ ചുഴലിക്കാറ്റും കനത്ത മഴയും നാശം വിതച്ചതോടെ കഴിഞ്ഞ ഡിസംബറിലും കേരളത്തിൽ പച്ചക്കറി വിലയുയർന്നിരുന്നു. സാധാരണ ശബരിമല മണ്ഡലക്കാലത്ത് സംസ്ഥാനത്ത പച്ചക്കറി വിലയിൽ മാറ്റമുണ്ടാകാറുണ്ടെങ്കിലും എല്ലാത്തരം പച്ചക്കറി ഇനങ്ങൾക്കും വില ഇരട്ടിയലധികമായെങ്കിലും വില്ലനായത് വെളുത്തുള്ളിയാണ്. 300 രൂപയുണ്ടായിരുന്ന ഒരു കിലോ വെളുത്തുള്ളിയുടെ വില 400 ലധികമായി. 

മലബാർ മേഖലയിൽ മുരിങ്ങാക്കായുടെ വിലയും 400 കടന്നിരുന്നു. നേന്ത്രപ്പഴത്തിന് ആ സമയത്ത് വർധിച്ച 75–80 രൂപ വില ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. പച്ചക്കറിക്ക് വില കൂടുന്നതോടെ കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന സവാള, ഉരുളക്കിഴങ്ങ്, ചെറിയ ഉള്ളി എന്നിവയുടെ വിലയും ഉയരുന്നതാണ് സാധാരണ പതിവ്. ഇപ്പോഴത്തെ പോക്ക് പോയാൽ ഓണം സീസണാകുന്നതോടെ പച്ചക്കറി വിപണിയുടെ അവസ്ഥയെന്താകുമെന്ന ആശങ്ക ഉയരുന്നുണ്ട്‌. സപ്ലൈക്കോ, ഹോർട്ടി കോർപ്പ്, കൺസ്യൂമർ ഫെഡ് എന്നീ സർക്കാർ സംവിധാനങ്ങളിലാണ് സാധാരണ ജനങ്ങളുടെ പ്രതീക്ഷ. 

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.