22 January 2026, Thursday

ശബരി റെയിൽവേ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ഊർജ്ജം; വിഴിഞ്ഞം തുറമുഖം വരെ നീട്ടണം: ഹിൽഡെഫ്

Janayugom Webdesk
തിരുവനന്തപുരം
June 5, 2025 2:43 pm

കേരളത്തിന്റെ ദീർഘകാല സ്വപ്ന പദ്ധതിയായ അങ്കമാലി-ശബരിമല റെയിൽപാത യാഥാർത്ഥ്യമാക്കാനുള്ള കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ തീരുമാനം കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുത്തൻ ഊർജ്ജം പകരുന്നതായി ഹിൽ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെൻ്റ് ഫൗണ്ടേഷൻ (ഹിൽഡെഫ്) ജനറൽ സെക്രട്ടറി അശ്വന്ത് ഭാസ്കർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ തീരുമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
അങ്കമാലി മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ആക്ഷൻ കമ്മിറ്റികളുടെയും ഹിൽഡെഫിൻ്റെയും നിരന്തരമായ പരിശ്രമങ്ങളാണ് ഈ തീരുമാനത്തിലെത്തിക്കാൻ സർക്കാരുകളെ പ്രേരിപ്പിച്ചത്. പദ്ധതിക്കായി കേന്ദ്ര വിദഗ്ധ സംഘം കേരളത്തിൽ എത്തുമെന്നും, ഭൂമി ഏറ്റെടുക്കൽ നടപടികളോടെ ഔദ്യോഗിക പ്രവൃത്തികൾ ജൂലൈ മാസത്തിൽ ആരംഭിക്കുമെന്നുമുള്ള റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി വി അബ്ദുറഹ്മാൻ്റെ പ്രഖ്യാപനം മലയോര ജനത ആവേശത്തോടെയാണ് കേട്ടത്.

ശബരി റെയിൽവേ എന്നത് കേരളത്തിന് ലഭിക്കുന്ന പുതിയൊരു റെയിൽവേ പദ്ധതി മാത്രമല്ല, മറിച്ച് രാജ്യത്തിൻ്റെ തന്നെ പദ്ധതിയാണ്. ടൂറിസം, വാണിജ്യം, തീർത്ഥാടനം തുടങ്ങി എല്ലാ മേഖലകളിലും രാജ്യത്തിന് മുന്നേറാൻ കഴിയുന്നതാണ് നിർദിഷ്ട ശബരി റെയിൽവേ. നിർദിഷ്ട ശബരിമല വിമാനത്താവളം കൂടി യാഥാർത്ഥ്യമാകുമ്പോൾ ലോകത്തിൻ്റെ ഭൂപടത്തിൽ നമ്മുടെ മലയോര പ്രദേശം ഇടംപിടിക്കുമെന്നും ഹിൽഡെഫ് വിലയിരുത്തുന്നു. പദ്ധതി കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയൊരു ദിശാബോധം നൽകുമെന്നതിൽ സംശയമില്ല. പതിറ്റാണ്ടുകളായി കേരള ജനത നെഞ്ചേറ്റിയ ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതിലൂടെ ശബരിമല തീർത്ഥാടകർക്കും മലയോര നിവാസികൾക്കും ലഭിക്കുന്ന ഗുണങ്ങൾ സ്വപ്നതുല്യമാണ്.

നിലവിൽ എരുമേലിയിൽ അവസാനിക്കുന്ന രീതിയിലാണ് ശബരിമല റെയിൽപാതയുടെ ആസൂത്രണം. ഇത് ശബരിമല തീർത്ഥാടകർക്ക് ഏറെ ഗുണകരമാകുമെങ്കിലും, കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളുടെ വികസന സാധ്യതകളെ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിൽ ഇത് പരിമിതപ്പെടുത്തുന്നുവെന്ന് ഹിൽഡെഫ് ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞം തുറമുഖം അതിവേഗം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, രണ്ടാംഘട്ടമായി മാത്രമേ എരുമേലിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ശബരി റെയിൽവേ നീട്ടുകയുള്ളൂ എന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിൻതിരിയണമെന്ന് ഹിൽഡെഫ് ആവശ്യപ്പെട്ടു. വിഴിഞ്ഞം പോർട്ട് പൂർത്തീകരണത്തോടെതന്നെ ശബരി റെയിൽവേ പദ്ധതിയും തിരുവനന്തപുരം വിഴിഞ്ഞം വരെ പൂർത്തീകരിക്കാനുള്ള നടപടികളും സർക്കാർ കൈക്കൊള്ളണമെന്നും അവർ അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ വികസനത്തിന് വഴിവയ്ക്കുന്ന ശബരി റെയിൽവേയും ശബരിമല വിമാനത്താവളവും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഹിൽഡെഫ് മുന്നിട്ടിറങ്ങുമെന്നും അശ്വന്ത് ഭാസ്കറും, കോ-ഓർഡിനേറ്റർ സക്കറിയ ദത്തോസും അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.