23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

ഇന്ത്യയുടെ മതനിരപേക്ഷ മനസ്സിനെ തകര്‍ക്കാന്‍ ഭരണഘടനാപദവി മറയാക്കരുത്: ബിനോയ് വിശ്വം

Janayugom Webdesk
തൃശൂര്‍
June 7, 2025 6:48 pm

ഇന്ത്യയുടെ മതനിരപേക്ഷമനസ്സിനെ തകര്‍ക്കാന്‍ ഭരണഘടനാപദവി മറയാക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പരിസ്ഥിതിദിനാചരണവുമായി ബന്ധപ്പെട്ട് രാജ്ഭവനില്‍ കഴിഞ്ഞദിവസം ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.


.
ഇന്ത്യയുടെ ദേശീയപതാകയും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് പ്രധാനപ്പെട്ടവയാണ്. ഇന്ത്യന്‍ ദേശീയതയുടെ അടയാളങ്ങളാണവ. ഇന്ത്യയുടെ ദേശീയപതാക ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുപോകും. ഇന്ത്യയുടെ ഭൂപടമല്ലാത്ത മറ്റൊരു ഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ കാവിക്കൊടിയേന്തി സിംഹപ്പുറത്തിരിക്കുന്ന സ്ത്രീയുടെ ചിത്രത്തെ വണങ്ങാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരുക്കമല്ല. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഒരാള്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞേക്കും. എന്നാല്‍, ഭരണഘടനാസ്ഥാപനായ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്ന ആള്‍ അത്തരത്തിലൊരു പ്രവൃത്തി ചെയ്താല്‍ അതിനെ എതിര്‍ത്തേ മതിയാകൂ. ഗവര്‍ണര്‍ പദവിയിലിരിക്കുന്നയാള്‍ ആര്‍ എസ് എസുകാരനായി തരംതാഴാന്‍ പാടില്ല. കേരള ഗവര്‍ണര്‍ രാജ്ഭവനെ കാവിവത്കരിക്കാന്‍ ശ്രമിച്ചത് വലിയ തെറ്റായിപ്പോയി. ആ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താന്‍ അദ്ദേഹം തയ്യാറാകേണ്ടതുണ്ട്. നമ്മുടെ മണ്ണും വെള്ളവും ഭൂപ്രകൃതിയുമാണ് ഭാരതമാതാവ്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഈ മഹത്തായ ആശയം ഉള്‍ക്കൊണ്ടാണ് ജൂണ്‍ ഏഴിന് സിപിഐയുടെ കേരളത്തിലെ എല്ലാ ബ്രാഞ്ച് കമ്മിറ്റികളിലും ദേശീയ പതാക ഉയര്‍ത്തി വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നത്. മന്ത്രി പി പ്രസാദിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിലൂടെ ആര്‍ എസ് എസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ബിനോയ് വിശ്വം ഓഫീസ് അങ്കണത്തില്‍ പേരത്തൈ നട്ടുതിനുശേഷമാണ് മടങ്ങിയത്. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, സിപിഐ നേതാക്കളായ കെ പി രാജേന്ദ്രന്‍, അഡ്വ. വി എസ് സുനില്‍കുമാര്‍, പി ബാലചന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.