18 December 2025, Thursday

ജയൻ സിനിമയിലെത്തിച്ചു മകൻ സംവിധായകനാക്കി

അജയ് തുണ്ടത്തിൽ
June 15, 2025 3:40 am

പഠിക്കുന്ന കാലത്ത് നടൻ ജയനോടു തോന്നിയ കടുത്ത ആരാധനയാണ് സത്യത്തിൽ രഞ്ജിത്തിനെ സിനിമയോട് അടുപ്പിച്ചത്. നോട്ടുബുക്കിൽ നിറയെ ജയന്റെ പടങ്ങൾ വെട്ടി ഒട്ടിക്കുക, അദ്ദേഹത്തിന്റെ എല്ലാ സിനിമകളും തീയറ്ററിൽ പോയി ഫസ്റ്റ് ഷോ കാണുക, അങ്ങനെയാണ് സിനിമയോടുള്ള ഭ്രമം രഞ്ജിത്തിന്റെ തലയ്ക്ക് പിടിക്കുന്നത്. ആ ഭ്രമം കാലക്രമേണ മമ്മൂട്ടി, മോഹൻലാൽ എന്നിവരിലേക്ക് പടർന്നു. ചെന്നൈയിലും കോയമ്പത്തൂരും പഠിച്ചിരുന്നതിനാൽ തമിഴ് പടങ്ങളോടും വല്ലാത്തൊരിഷ്ടം രഞ്ജിത്തിനുണ്ട്. എഴുത്തുകാരനായിട്ടാണ് സിനിമയിൽ രഞ്ജിത്തിന്റെ തുടക്കം. പല ചിത്രങ്ങൾക്കും രചന നിർവഹിച്ചെങ്കിലും മമ്മൂട്ടി നായകനായ ഫയർമാനു വേണ്ടി എഴുതിയത് ചലച്ചിത്ര മേഖലയിൽ തന്റേതായൊരു മേൽവിലാസം സൃഷ്ടിക്കാൻ രഞ്ജിത്തിനെ സഹായിച്ചു. മമ്മൂട്ടിയുടെ ഫാൻ ബോയ് ആയ രഞ്ജിത്ത്, ഫയർമാന്റെ സംവിധായകൻ ദീപു കരുണാകരൻ വഴിയാണ് മമ്മൂട്ടിയെ പരിചയപ്പെടുന്നതും അടുക്കുന്നതും.
ഫയർമാൻ കഴിഞ്ഞെങ്കിലും മമ്മൂട്ടിയുമായുള്ള ബന്ധം രഞ്ജിത്ത് വിട്ടിട്ടില്ല. അതിനു കാരണമുണ്ട്, രഞ്ജിത്ത് അയക്കുന്ന മെസേജുകൾക്ക് ഉടനടി മറുപടി അയച്ച് ഞെട്ടിക്കുന്ന മമ്മൂട്ടിയുടെ ആറ്റിറ്റ്യൂഡിനെക്കുറിച്ച് സംസാരിക്കുമ്പോൾ രഞ്ജിത്തിന്റെ കണ്ഠം സന്തോഷത്താൽ ഇടറും. രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെപ്പറ്റി സന്ദേശമയച്ചപ്പോഴും ഉടനടിയെത്തി മെഗാതാരത്തിന്റെ മറുപടി, “എല്ലാ ആശീർവാദങ്ങളും ആശംസകളും നേരുന്നു.”
നേരറിയും നേരത്ത് യഥാർത്ഥത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്യാൻ ഉദ്ദേശിച്ചതായിരുന്നില്ല. ഒരു റിയൽ ലൈഫ് ഇൻസിഡന്റിൽ നിന്നും ഇൻസ്പയറായി എഴുതി തുടങ്ങിയതാണ്. എഴുത്ത് പൂർത്തിയായപ്പോൾ എങ്ങനെയുണ്ടന്നറിയാൻ മകൻ രോഹിത്തിനോടു സംസാരിച്ചു. മകനാണ് ഈ സബ്ജക്ട് അച്ഛൻ തന്നെ സംവിധാനം ചെയ്യണമെന്ന് നിര്‍ദേശിച്ചത്. വളരെ ബുദ്ധിമുട്ടി ഗംഭീരമായി എഴുതിയ സിനിമയെ മറ്റൊരാൾക്ക് ഏൽപ്പിക്കുന്നതിനോടു മകന് തീരെ താല്പര്യമുണ്ടായിരുന്നില്ല. വേണ്ടപ്പെട്ട കൂട്ടുകാരും അതേ അഭിപ്രായം പറഞ്ഞപ്പോൾ രഞ്ജിത്ത് നേരറിയും നേരത്തിന്റെ സംവിധായകനായി മാറി. ഇതുപോലെ കാമ്പുള്ള വിഷയം കിട്ടിയാൽ സംവിധാന ചുമതല ഏറ്റെടുക്കാൻ രഞ്ജിത്ത് ഇനിയും തയ്യാറാണ്.

രഞ്ജിത്ത് രചന നിർവഹിച്ച മുൻ ചിത്രം ഡയൽ 100 നു വേണ്ടിയായിരുന്നു നേരറിയും നേരത്തിന്റെ നിർമ്മാതാവ് എസ് ചിദംബരകൃഷ്ണനുമായി ആദ്യം ബന്ധപ്പെടുന്നത്. അന്ന് ചില സാങ്കേതിക കാരണങ്ങളാൽ അത് സാധ്യമായില്ല. ഡയൽ 100 ന് മറ്റൊരു പ്രൊഡ്യൂസർപണം മുടക്കുകയും ചെയ്തു. നേരറിയും നേരത്ത് കഥ ഒരു വിധം സെറ്റായപ്പോൾ ചിദംബരകൃഷ്ണനെ വെറുതെ ഫോണില്‍ ബന്ധപ്പെട്ടു. അന്നേരം അദ്ദേഹം ഡൽഹിയിലായിരുന്നതിനാൽ തിരുവനന്തപുരത്തെത്തുമ്പോൾ വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഒരു മാസം കഴിഞ്ഞ് തിരുവനന്തപുരത്തെത്തിയപ്പോൾ ചിദംബരകൃഷ്ണൻ കൃത്യമായി രഞ്ജിത്തിനെ വിളിക്കുകയും തമ്മിൽ കാണുകയും കഥ ചർച്ച ചെയ്യുകയും ചെയ്തു. കഥ, ചിദംബരകൃഷ്ണന് നന്നേ ബോധിച്ചു. ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയ്ക്കും. പിന്നെ കാര്യങ്ങൾ ത്വരിതഗതിയിലായിരുന്നു മുന്നോട്ട് പോയത്.

ചിത്രത്തിലെ നായികാ കഥാപാത്രമായ അപർണയ്ക്കു വേണ്ടി ചുരുങ്ങിയത് 18 പേരോടാണ് രഞ്ജിത്ത് കഥ പറഞ്ഞത്. എല്ലാവർക്കും കഥ ഇഷ്ടപ്പെട്ടെങ്കിലും പ്രതിഫലം, ഡേറ്റ് ക്ളാഷ് അങ്ങനെ പല കാരണങ്ങളാൽ ആരെയും അപർണയിൽ ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറുടെ “ഫറാഷിബ് ലയാണങ്കിലോ” എന്ന ചോദ്യം രഞ്ജിത്തിന്റെ നായികയെ തേടിയുള്ള അലച്ചിലിന് ഫുൾസ്റ്റോപ്പിട്ടു. ഫറായുടെ ചിത്രങ്ങളെല്ലാം കണ്ടിരുന്ന രഞ്ജിത്തിന് ഫറായിൽ വല്ലാത്തൊരു കോൺഫിഡൻസ് തോന്നിയിരുന്നു. കഥ കേട്ട ഫറാ പെട്ടെന്ന് തന്നെ അപർണയിലേക്ക് പരകായപ്രവേശം നടത്തി. ഫറായുടെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രമായിരിക്കും അപർണയെന്ന കാര്യത്തിൽ സംവിധായകന് പൂർണ വിശ്വാസം. അഭിറാം രാധാകൃഷ്ണനും സ്വാതിദാസ് പ്രഭുവുമാണ് നായകതുല്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജിത്തിന്റെ സംവിധാന മനസറിഞ്ഞ് അവരും പെർഫോം ചെയ്തപ്പോൾ രഞ്ജിത്തിന് നേരറിയും നേരത്ത് പകർന്നത് തികഞ്ഞ ചാരിതാർത്ഥ്യം. റോഷ്നി രഞ്ജിത്താണ് ഭാര്യ. മകൻ രോഹിത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.