
ചെർക്കളയിൽ ദേശീയപാത 66 തകർന്ന സംഭവത്തിൽ നിർമ്മാണം ഏറ്റെടുത്ത കരാർ കമ്പനിക്കെതിരെ നടപടിയുമായി ദേശീയ പാതാ അതോറിട്ടി. കരാര്‍ കമ്പനിയായ മേഘ എന്‍ജിനീയറിങ് ആന്റ് ഇൻഫ്രാസ്ട്രക്ചറിനെ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. ഒരുവര്‍ഷത്തേക്കാണ് കമ്പനിയെ വിലക്കിയതെന്ന് ദേശീയ പാത അതോറിട്ടി അറിയിച്ചു. ഒമ്പത് കോടി പിഴയും അടയ്ക്കണം.
കാസര്‍ക്കോട് ജില്ലയിലെ ചെങ്കള മുതൽ നീലേശ്വരം വരെയുള്ള രണ്ടാം റീച്ചിൽ ഉൾപ്പെടുന്ന ചെർക്കളയിൽ റോഡിന്റെ സുരക്ഷാ ഭിത്തി തകർന്നതടക്കമുള്ള സംഭവത്തിലാണ് നടപടി. അശാസ്ത്രീയമായ രൂപകല്പന, ഡ്രെയ്നേജ് സംവിധാനത്തിലെയും സംരക്ഷണ ഭിത്തി നിർമ്മാണത്തിലെയും അപാകത തുടങ്ങിയ കാര്യങ്ങൾ മൂലമാണ് തകർച്ചയുണ്ടായതെന്ന് ദേശീയപാതാ അതോറിട്ടി വ്യക്തമാക്കുന്നു. പിഴയടയ്ക്കാന്‍ നോട്ടീസും നൽകി.
ദേശീയപാതയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി ചെർക്കള സന്ദർശിക്കുമെന്നും പരിഹാര നിർദേശം നൽകുമെന്നും അതോറിട്ടി അറിയിച്ചു. ഇതിന് മുമ്പും ഈ റീച്ചിൽ നിർമ്മാണ കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായിരുന്നു. മേയ് 12ന് പിലിക്കോട് മട്ടലായി കുന്നിൽ മണ്ണിടിഞ്ഞ് ബംഗാൾ സ്വദേശിയായ തൊഴിലാളി മരിച്ചിരുന്നു. നിർമ്മാണത്തിലെ അശാസ്ത്രീയത കാരണമാണ് ഈ അപകടം ഉണ്ടായത്.
2022 ഒക്ടോബറിൽ പെരിയയിൽ പണിതുകൊണ്ടിരുന്ന അടിപ്പാതയുടെ മുകൾഭാഗം പൂർണമായും തകർന്നിരുന്നു. ചെർക്കള — പള്ളിക്കര രണ്ടാം റീച്ചിൽ തെക്കിൽ വളവിൽ പല തവണ മണ്ണിടിച്ചിലുണ്ടായി. 2024 ജൂൺ 27ന് രണ്ട് തവണ മണ്ണിടിഞ്ഞതോടെ രണ്ടാഴ്ചയോളം ഇതുവഴി ഗതാഗതം നിർത്തിവച്ചിരുന്നു. അച്ചടക്കവും അടുക്കും ചിട്ടയുമില്ലാത്ത നിർമ്മാണം, മെല്ലെപ്പോക്ക് തുടങ്ങിയ ആരോപണങ്ങൾ കമ്പനിക്കെതിരെ ഉയർന്നുവരുന്നുണ്ട്.
കാഞ്ഞങ്ങാട് മാവുങ്കാലിലും ചെമ്മട്ടംവയലിനുമിടയിലെ തകർന്ന സർവീസ് റോഡും കൂളിയങ്കാലിലെ തകർന്ന സർവീസ് റോഡും നിർമ്മിച്ചത് ഇതേ കമ്പനിയാണ്. നേരത്തെ ചെറുവത്തൂർ വീരമലക്കുന്നിൽനിന്ന് മണ്ണിടിച്ചു കടത്തിയതിന് കമ്പനിക്ക് മൈനിങ് ആന്റ് ജിയോളജി വകുപ്പ് 1.75 കോടി രൂപ പിഴ ചുമത്തിയിരുന്നു.
ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടിലൂടെ വാരിക്കോരി സംഭാവന നല്‍കിയതിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ കമ്പനി കൂടിയാണ് മേഘ എന്‍ജിനീയറിങ്. 966 കോടിയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനി ഇതില്‍ 585 കോടി ബിജെപിക്കാണ് നല്‍കിയത്. ഇതിന് പകരം രണ്ടുലക്ഷം കോടിയുടെ കരാറുകള്‍ മേഘ എന്‍ജിനീയറിങ്ങിന് ലഭിച്ചതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.