15 December 2025, Monday

വികസനം വോട്ടായി മാറും

Janayugom Webdesk
June 19, 2025 4:15 am

വികസന രാഷ്ട്രീയം തന്നെയാണോ നിലമ്പൂരിലെ പ്രധാന ചർച്ച?
തീർച്ചയായും. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഈ നാടിനുണ്ടായ കുതിപ്പ് നിലമ്പൂരിലടക്കം ജനങ്ങൾ നേരിൽ കാണുകയല്ലേ. ബൃഹദ് പദ്ധതികൾ എത്രയെണ്ണമാണ് ഇവിടെ നടപ്പിലാക്കിയത്. ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാതാ വികസനം, കൂടംകുളം വൈദ്യുതി ലൈൻ, വിഴിഞ്ഞം തുറമുഖം എന്നിങ്ങനെ എത്രയെത്ര പദ്ധതികൾ. യുഡിഎഫ് ആയിരുന്നു ഭരണത്തിലെങ്കിൽ ഇതിലൊരെണ്ണം പോലും സാക്ഷാത്കരിക്കപ്പെടില്ലായിരുന്നു. തറക്കല്ലിട്ട ശേഷം വിശ്രമിക്കുമായിരുന്നു അവർ. ഇച്ഛാശക്തിയോടെ അവയെല്ലാം നടപ്പാക്കിയത് ഭരണത്തിൽ എൽഡിഎഫ് ആയിരുന്നതുകൊണ്ട് മാത്രമാണ്.
ക്ഷേമ പെൻഷൻ വർധിപ്പിച്ചതും സാധാരണ കുടുംബങ്ങൾക്ക് ആശ്വാസം പകരുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയതും എൽഡിഎഫ് സർക്കാരിന്റെ നേട്ടമാണ്. ഈ കേരളത്തിൽ ഒരിക്കലും സാധ്യമാവില്ലെന്ന് പറഞ്ഞ് മുൻ സർക്കാരുകൾ ഉപേക്ഷിച്ച പദ്ധതികളാണ് ഈ സർക്കാർ നടപ്പാക്കിയത്. ക്ഷേമ പെൻഷനുകൾ മുടക്കമില്ലാതെ വിതരണം ചെയ്തതിനെ അവഹേളിച്ച കോൺഗ്രസിനും യുഡിഎഫുകാർക്കും നിലമ്പൂരിലെ ജനത ഒരിക്കലും മാപ്പ് കൊടുക്കില്ല. അവർ യുഡിഎഫിന് കനത്ത തിരിച്ചടി നൽകും. 

ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പ്രവേശനം വലിയ ചർച്ചയാണല്ലോ?
മതരാഷ്ട്രം സ്ഥാപിക്കണമെന്ന നിലപാടുമായി പ്രവർത്തിക്കുന്ന അക്കൂട്ടരുമായി യുഡിഎഫ് എങ്ങനെ സഖ്യത്തിലായി എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. ഞാൻ മനസിലാക്കിയിട്ടുള്ള യുഡിഎഫ് അത്തരം ചിന്താഗതിയുള്ളവരുടെ ഒരു മുന്നണിയല്ല. മതേതര കാഴ്ചപ്പാട് പുലർത്തുന്നവരായിരുന്നു നേരത്തെ യുഡിഎഫ് നേതൃത്വത്തിലിരുന്നവർ. ഇപ്പോൾ മാറിച്ചിന്തിച്ചത് അവർക്ക് വലിയ ദോഷം ചെയ്യുമെന്ന് വോട്ടെണ്ണൽ കഴിയുമ്പോൾ മനസിലാകും. യുഡിഎഫിനകത്തും ലീഗിലുമൊക്കെ വലിയതോതിലുള്ള എതിർപ്പ് ഇക്കാര്യത്തിലുണ്ട്. പരമ്പരാഗത യുഡിഎഫ് വോട്ട് ബാങ്ക് ഈ ഒറ്റകാര്യം കൊണ്ടുമാത്രം മാറിച്ചിന്തിക്കുമെന്നതിൽ സംശയം വേണ്ട. 

വിശ്വാസികളുടെ സമൂഹം വർഗീയവാദികൾക്കെതിരായി ചിന്തിക്കുമെന്നാണോ പറഞ്ഞുവരുന്നത്?
തീർച്ചയായും. മതവിശ്വാസം നമ്മുടെ പൗരന്മാർക്ക് ഭരണഘടന ഉറപ്പുതരുന്ന അവകാശമാണ്. അതല്ലല്ലോ വാളും ശൂലവുമെടുത്ത് നടത്തുന്ന വിശ്വാസം. അതിനെ വർഗീയത എന്നേ വിശേഷിപ്പിക്കാനാകൂ. വർഗീയത മനുഷ്യർക്കിടയിൽ വലിയ ചേരിതിരിവ് സൃഷ്ടിക്കും. ഇത് എല്ലാ മേഖലകളിലും വ്യാപിക്കും. അതുകൊണ്ട് എന്തുവിലകൊടുത്തും നാം വർഗീയതയെ ചെറുക്കണം.

സമീപകാലത്ത് ഉത്തരേന്ത്യയിലും മണിപ്പൂരിലുമൊക്കെ വലിയ തോതിൽ വർഗീയ ലഹള ഉണ്ടായിട്ടും കേരളം സുരക്ഷിതമായിരിക്കുന്നത് ഇടത് സർക്കാരിന്റെ സാന്നിധ്യം കൊണ്ടല്ലേ?
ആർക്കാണ് അക്കാര്യത്തിൽ സംശയം. മണിപ്പൂരിൽ ലഹളയുണ്ടായ ദിവസങ്ങളിൽ ഞാൻ അവിടെ പോയതാണ്. നടുക്കുന്ന കാഴ്ചകളാണ് കണ്ടത്. യന്ത്രങ്ങളും മറ്റും കൊണ്ടുവന്നാണ് ഒരുകൂട്ടം വർഗീയവാദികൾ ക്രിസ്ത്യൻ പള്ളികളുടെ ചമയങ്ങൾ തകർത്തത്. തികച്ചും ആസൂത്രിതമായിരുന്നു ആക്രമണം. അതേസമയം അത്തരക്കാർ നിരത്തിലിറങ്ങിയാൽ ആ നിമിഷം അടിച്ചമർത്തുന്ന സർക്കാരാണ് ഇവിടെയുള്ളത്. അതാണ് വ്യത്യാസം. ഒമ്പത് വർഷമായി നാമിത് കാണുന്നതല്ലേ. രണ്ടായിരത്തോളം പേരടങ്ങുന്ന ആൾക്കൂട്ടമാണ് പള്ളികൾ തകർത്തത്. എന്നാൽ അതിനോട് ചേർന്ന് പ്രവർത്തിക്കുന്ന പള്ളിവക സ്കൂളിൽ അവർ തൊട്ടില്ല, കാരണം അവരുടെ മക്കളും അവിടെ പഠിക്കുന്നവരാണ്. പാർലമെന്റിൽ ഞാനിക്കാര്യങ്ങൾ ഉന്നയിച്ചപ്പോൾ ഒഴിഞ്ഞുമാറിയ സമീപനമാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം സ്വീകരിച്ചത്. ബിജെപിയുടെ അറിവോടെയായിരുന്നു ആ ലഹളകൾ എന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്.
ദുരന്തഘട്ടങ്ങളിൽ കേന്ദ്രസഹായം നിഷേധിച്ച സന്ദർഭത്തിൽ പാർലമെന്റിൽ യുഡിഎഫ് എംപിമാർ നിശബ്ദരായിരുന്നുവെന്ന് ആരോപണമുണ്ട്?
അക്കാര്യം ശരിയാണ്. യോജിച്ച പോരാട്ടത്തിന് അവർ ഒരിക്കലും തയ്യാറായിട്ടുമില്ല. കേരളം അത്രയും പിന്നാക്കം പൊയ്ക്കോട്ടെ എന്ന മനോഭാവമാണ് യുഡിഎഫ് എംപിമാർക്ക്. 

വന്യജീവി ആക്രമണം വ്യാപകമാകുന്ന സാഹചര്യത്തിൽ കേന്ദ്ര ഇടപെടലല്ലേ വേണ്ടത്?
ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്രസർക്കാരാണ് വനം, വന്യജീവി നിയമം കൊണ്ടുവന്നത്. ബിജെപി സർക്കാർ നിയമം കുറേക്കൂടി കടുപ്പമേറിയതാക്കി. ചുരുക്കത്തിൽ ആ രണ്ട് കൂട്ടർക്കുമാണ് അതിൽ ഉത്തരവാദിത്തം. നിയമം പൊളിച്ചെഴുതാൻ കേന്ദ്രം തയ്യാറാവണം. എൽഡിഎഫ് അക്കാര്യം പലവട്ടം ആവശ്യപ്പെട്ടു. പക്ഷേ കോൺഗ്രസിന് മൗനമാണ്. വസ്തുതയറിയാതെ അവരിപ്പോഴും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്തെല്ലാം നുണപ്രചരണം നടത്തിയാലും നിലമ്പൂരിൽ എൽഡിഎഫ് മികച്ച ഭൂരിപക്ഷം നേടി വിജയിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.