17 December 2025, Wednesday

വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ സ്നേഹ സംഗീതയാത്രകള്‍

അനിൽമാരാത്ത്
June 22, 2025 4:26 am

ചിലജന്മങ്ങൾ സാർത്ഥകമാവുന്നത് അവരുടെ സൽകർമ്മങ്ങളിലൂടെയാണ്. സമൂഹത്തെ നേർവഴി കാണിക്കേണ്ടത് ‌നിയോഗമാണെന്ന് കരുതുന്നവർ. ജന്മസിദ്ധമായ കഴിവുകൾ പൊതുസമൂഹത്തിന് സമർപ്പിക്കുന്നവർ. ഈ ഗണത്തിൽ ചേർത്തുവയ്ക്കാവുന്ന സംഗീതജ്ഞനാണ് വെള്ളിക്കോത്ത് വിഷ്ണുഭട്ട്. സാമൂഹ്യപരിവർത്തനത്തിന് സംഗീതം ആയുധമാക്കിയ കലാകാരൻ. ഒരുജന്മവും പാഴാക്കാനുള്ളതല്ലെന്നും ആകുംവിധം സമൂഹത്തിലെ തിന്മകളെ കഴുകിക്കളയാനും ബോധവൽക്കരിക്കാനുമുള്ള നിശ്ചയദാർഢ്യം. ഭാഷാസംഗമഭൂമിയായ കാസർക്കോടിന്റെ സംഭാവനയാണ് ഈ ജനകീയ സംഗീതജ്ഞൻ. ജനനവും ജീവിതവും മഹാകവി പി കുഞ്ഞിരാമൻനായരുടെ വെള്ളിക്കോത്ത് അടിയോടി ഭവനത്തിന് ഒരുവിളിപ്പാടകലെ. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ ഇപ്റ്റയുടെ പതാകയുമായി കേരളത്തിൽ സ്നേഹസംഗീതയാത്ര നടത്തിയ വിഷ്ണുഭട്ടിന്റെ ഈണവും താളവും നിറഞ്ഞ ജീവിതയാത്രയിലേക്ക്.…

ബാല്യം


കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ബാല്യം. കുട്ടിക്കാലത്ത് രണ്ട് കാലുകളും ശോഷിച്ച് ബലക്കുറവുള്ളതായിരുന്നു. ബന്ധുക്കളും അതിഥികളും വീട്ടിൽ വന്നാൽ മേശയ്ക്കടിയിൽ ഒളിക്കും. ശാരീരിക പരിമിതി മറ്റുള്ളവർ കാണരുതെന്ന് ആഗ്രഹിച്ചു. മോട്ടൻ എന്ന വിളിയും ഒറ്റപ്പെടലും വേദനിപ്പിച്ചു. അമ്മയുടെ സാന്ത്വനപ്പെടുത്തുന്ന വാക്കുകളായിരുന്നു ഒരാശ്വാസം. മാതാപിതാക്കൾക്ക് എട്ട് മക്കൾ. നാല് സഹോദരിമാരും നാല് സഹോദരൻമാരും. അതിൽ ഇളയവൻ. വീടിനടുത്തുള്ള വെള്ളിക്കോത്ത് ഗവ. ഹൈസ്കൂളിൽ ഒന്ന് മുതൽ പത്ത് വരെ പഠനം. മറ്റു കുട്ടികൾ ഓടിച്ചാടികളിക്കുമ്പോൾ വിഷമത്തോടെ നോക്കി നില്‍ക്കും. നിക്കറിട്ട് നടക്കുന്ന കാലത്ത് ദാരിദ്ര്യത്തിന്റെ ചുടുകാറ്റേറ്റ് ക്ഷീണിതനാവുമ്പോൾ സഹപാഠികളുടെ ഉടുപ്പിന്റെ തിളക്കം കണ്ട് കൊതിതോന്നിയിട്ടുണ്ട്. മൂന്ന് വർഷത്തേക്ക് ഒറ്റ ഉടുപ്പായിരുന്നു. ജീവിത സാഹചര്യങ്ങളിൽ മനസ് നൊന്തതുകൊണ്ട് ഒരിക്കലും ആഗ്രഹങ്ങളുടെ പിറകിൽ പോയില്ല.

സംഗീതപഠനം


സംഗീതമുണ്ടെന്ന് തിരിച്ചറിഞ്ഞത് അച്ഛനാണ്. റേഡിയോയിൽ നിന്നുള്ള ലളിതഗാനങ്ങളും മൂത്ത ജ്യേഷ്ഠൻ നാരായണഭട്ട് ആലപിക്കാറുള്ള ഹിന്ദി സിനിമാ ഗാനങ്ങളും ശ്രദ്ധി ക്കുകയും കൂടെപാടുകയും പതിവായിരുന്നു. പ്രസിദ്ധ കർണാടക സംഗീത വിദ്വാൻ മാമ്പാടി നാരായണ ഭാഗവതർ വലിയച്ഛനാണ്. വീടിനടുത്തുള്ള കുണ്ടുവളപ്പിൽ നാരായണ ഭാഗവതരെ ഗുരുവായി സ്വീകരിച്ചു. സ്കൂൾപഠനവും സംഗീതപഠനവും ഒരുപോലെ കൊണ്ടുപോയി. നാട്ടിലെ പ്രതിഭ ബാലജനസംഖ്യത്തിലെ കൊച്ചുവേദികളിലും മത്സരങ്ങളിലും പാടി. അക്കാലത്ത് സിനിമാഗാനങ്ങളെയും ലളിതഗാന മത്സരവിഭാഗത്തിൽപ്പെടുത്തിയിരുന്നു. അതുകൊണ്ട് സംഗീതമത്സരങ്ങൾക്ക് കുട്ടികൾ ഏറെയുണ്ടായി. സ്കൂൾകലോത്സവത്തിൽ ‘വീണപൂവേ…’ എന്ന സിനിമാഗാനത്തിന് ഒന്നാം സമ്മാനം നേടി. അധ്യാപകർ പഠിപ്പിച്ച, ‘പച്ചമലയിൽ
പവിഴമലയിൽ…’ എന്ന ഗാനത്തോടായിരുന്നു ഏറെ ഇഷ്ടം. ഗുരുനാഥൻ വിദ്വാൻ പി കേളുനായരുടെ കൃതികൾ ചൊല്ലികേൾപ്പിച്ചു. സപ്തസ്വരപാഠാവലി സ്വായത്തമാക്കി. ശബ്ദം ഇഷ്ടപ്പെട്ടതുകൊണ്ടാകാം സ്നേഹത്തോടെ കഠിനസാധകം ചെയ്യിപ്പിക്കുമായിരുന്നു. വിദ്വാൻ പി യുടെ സംഗീത നാടകങ്ങളൊരുക്കാൻ നാട്ടിലെ സമപ്രായക്കാർ ഒത്തുചേർന്നു. അഭിനയിക്കണമെന്ന് ഗുരുനാഥന്റെ വാക്കുകൾ കേട്ടപ്പോൾ പൊട്ടിക്കരഞ്ഞുപോയി. അംഗീകരിച്ചതിന്റെയും ചേർത്തുനിർത്തിയതിന്റെയും കണ്ണീർകണങ്ങൾ.

ചെമ്പൈ സ്മാരക സംഗീത കോളജ്


പാലക്കാ ട്ഗവ. ചെമ്പൈ സ്മാരകസംഗീത കോളജിൽ നാലു വർഷം ഗാനഭൂഷണം ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കി. സുജാത, രാജലക്ഷ്മി, രമണി, വെങ്കിട്ടരാമൻ, ഭരതൻ, ആവണിശ്വേരംരാമചന്ദ്രൻ, സുകുമാരൻ എന്നീ സംഗീത അധ്യാപകർ ഓർമ്മയിലെന്നുമുണ്ട്.
പഠനകാലത്ത് സംസ്ഥാനതല ശാസ്ത്രീയ സംഗീതത്തിലും ലളിതഗാനമത്സരത്തിലും ഒന്നാമനായി. കോളജ് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായുള്ള മെഗാഗാനമേളയിൽ പാടി. കൂട്ടുകാരൻ വടകര പ്രേംകുമാറിന്റെ പാന്റ്സും ഷർട്ടും ഇട്ടുകൊണ്ടാണ് ശങ്കരാഭരണം സിനിമയിലെ ‘ഓംകാരനാദാനു…’ വേദിയിൽ പാടിയത്. നിറഞ്ഞ കരഘോഷം. സംഗീത കച്ചേരിയ്ക്ക് ഗാനന്ധർവൻ കെ ജെ യേശുദാസ് കോളജിൽ വന്നപ്പോൾ സംസാരിക്കാനും കൂടെനിന്ന് ഫോട്ടോയെടുക്കാനും കഴിഞ്ഞത് അന്നൊരു മഹാഭാഗ്യം.

സംഗീതഅധ്യാപകൻ


സംഗീത പരീക്ഷയിൽ ഉന്നതമായി പാസായെങ്കിലും തുടർ പഠനമെന്ന ആഗ്രഹം നടന്നില്ല. സ്കൂൾ സംഗീതാധ്യാപകനെന്ന നിലയിൽ ഉപജീവനമാർഗത്തിന് വഴിയൊരുക്കാനുളള കണക്കുകൂട്ടലുകളിലായിരുന്നു കുടുംബം. പഠിച്ച വെള്ളിക്കോത്ത് ഗവ.ഹൈസ്കൂളിൽ താല്‍ക്കാലിക സംഗീത അധ്യാപകനായി. ആറുമാസത്തിനു ശേഷം നീലേശ്വരം രാജാസ് ഹൈസ്കൂളിൽ നാലുവർഷം. പിന്നെ പിഎസ് സി വഴി കാസർകോട് ഗേൾസ് ഹൈസ്കൂളിൽ സ്ഥിര നിയമനം. ഒമ്പത് ഭാഷകളിൽനിന്നുള്ള പദങ്ങളിൽ, പ്രാർത്ഥനാഗീതം രൂപപ്പെടുത്തി. വിരമിക്കുന്നതിനു മുമ്പ് വീണ്ടും വെള്ളിക്കോത്ത് ഗവ. ഹൈസ്കൂളിലേക്ക്. മഹാകവി പി കുഞ്ഞിരാമൻനായർക്കും വിദ്വാൻ പി കേളുനായർക്കും സ്മരണാഞ്ജലിയായി ഇവരുടെ കവിതകൾ വിദ്യാർത്ഥികളും അധ്യാപകരുമടക്കം 1111 പേർആലപിച്ചു.

ഇപ്റ്റ സ്നേഹസംഗീതയാത്ര


ദീർഘകാലമായി മനസിൽ ഇടംപിടിച്ച ഒരാശയമായിരുന്നു സംസ്ഥാനതലത്തിൽ സ്‌നേഹ സംഗീത യാത്രയെന്നത്. ആഗ്രഹം പലരെയും അറിയിച്ചിരുന്നെങ്കിലും പലരീതിയിലുള്ള തടസങ്ങൾ നേരിട്ടു. അവസാനമാണ് കാസർക്കോട്ടെ കമ്മ്യൂണിസ്റ്റ് പാർട്ടി ജില്ലാ കമ്മിറ്റിയുടെ മുതിർന്ന നേതാക്കളെ സമീപിക്കുന്നത്. തുടര്‍ന്ന് ഇപ്റ്റയുടെ സസ്ഥാന കമ്മിറ്റി സ്നേഹസംഗീതയാത്ര ഏറ്റെടുത്തു. 1995 ജനുവരി ഒന്നിന് കാഞ്ഞങ്ങാട്ടെ മഹാകവി, പി കുഞ്ഞിരാമൻനായർ, വിദ്വാൻ പി കേളുനായർ എന്നീ മഹത്തുക്കളുടെ പാദസ്പർശമേറ്റ മണ്ണിൽവച്ച് ഇപ്റ്റ സംസ്ഥാന പ്രസിഡന്റ് ഒഎൻവിയിൽ നിന്ന് തംബുരു സ്വീകരിച്ചാണ് സംഗീതയാത്ര ആരംഭിച്ചത്. കാസർക്കോട് ജില്ലയിലെ സിപിഐ നേതൃത്വവും പി മുരളീധരൻമാസ്റ്റർ, ഹാർമോണിസ്റ്റ് നാരായണൻ, ഉണ്ണികൃഷ്ണൻ, ബാലൻ, റെജി അലക്സാണ്ടർ, ഭരതൻ, ഗോപി തുടങ്ങിയവരും യാത്രയുടെ ഒരുക്കങ്ങൾക്ക് കൂട്ടായി നിന്നു.

ഹാർമോണിയം വായിച്ചുകൊണ്ടാണ് സംഗീത യാത്രയിലുടനീളം പാടിയിരുന്നത്. അകമ്പടിക്ക് മറ്റൊരു ഹാർമോണിയവുമായി നാരായണനും ട്രിപ്പിൾഡ്രമും തബലയുമായി ഭരതനുംകണ്ണനും സുധാകരനുമായിരുന്നു. ഒഎൻവി, പി കെ ഗോപി, ഏഴാച്ചേരിരാമചന്ദ്രൻ, കണിയാപുരം രാമചന്ദ്രൻ എന്നിവരുടെ കവിതകൾക്ക് പുറമെ യുവകവികളായിരുന്ന എ പി സുരേഷ്കുമാർ, നാലപ്പാടംപത്മനാഭൻ, ദിവാകരൻ വിഷ്ണുമംഗലം, ഒ ബാലൻ, കന്നട കവികളായ കുഞ്ചിനടുക്കശങ്കർ,പ്രസാദ്, ഷോണി നാരായണഭട്ട് എന്നിവരുടെ രചനകൾക്ക് ഈണം നല്‍കിയ പാട്ടുകളും കവിതകളുമാണ് ആലപിച്ചിരുന്നത്. സ്നേഹാദരങ്ങളുമായി ജാതി-മത‑രാഷ്ട്രീയത്തിനതീതമായി മുന്നോട്ട് വന്നത്, ആയിരങ്ങളുടെ മുന്നിൽ നേരിട്ടു പാടിയത്, ഉപഹാരങ്ങൾ ലഭിച്ചത് എല്ലാം ഓർമ്മയുടെ ചെപ്പിൽ എന്നുമുണ്ട്. കേരളത്തിൽ 150സ്വീകരണ കേന്ദ്രങ്ങൾ. ഒരു ദിവസം നാലും അഞ്ചും പരിപാടികൾ. മുൻകൂട്ടി തന്നെ വിപുലമായ സ്വാഗത സംഘങ്ങൾ ഓരോ കേന്ദ്രത്തിലും രൂപികരിച്ചിരുന്നു. സ്വീകരിക്കാൻ ഇപ്റ്റയുടെ നേതൃത്വത്തിൽ കലാകാരൻമാരും സാംസ്കാരിക പ്രവർത്തകരും പൊതുജനങ്ങളും. തുടക്കം മുതൽ ഒടുക്കം വരെ ഒരു കവചമായി കമ്മ്യൂണിസ്റ്റ്പാർട്ടിയും. ജനുവരി30ന് തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ ഒരു സ്വപ്നസാക്ഷ്ത്കാരത്തിന്റെ ആഹ്ലാദപെരുമഴ മനസിൽ നിറഞ്ഞ് ഒഴുകി. യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടന്ന സമാപന സമ്മേളനം അടൂർഗോപാലകൃഷ്ണൻഉദ്ഘാടനംചെയ്തു. ഒഎൻവി അധ്യക്ഷത വഹിച്ചു. തമിഴ് സാഹിത്യകാരനായ പൊന്നീലൻ,നീലമ്പേരൂർ മധുസൂദനൻനായർ, പിരപ്പൻകോട് മുരളി, പെരുമ്പുഴ ഗോപാലകൃഷ്ണൻ, ബാലൻതിരുമല എന്നിവർ സംസാരിച്ചു. കെ എ ചന്ദ്രഹാസൻ യാത്രാനുഭവം പങ്കുവെച്ചു. ഇപ്റ്റയുടെ സ്നേഹോപഹാരം യാത്രാംഗങ്ങൾ ഒഎൻവിയിൽ നിന്ന് സ്വീകരിച്ചു.


ഒഎൻവി, കെ എ ചന്ദ്രഹാസൻ


ഒഎൻവിയോട് എന്നും ആരാധനയായിരുന്നു. ഇപ്റ്റ സംസ്ഥാന പ്രസിഡന്റുകൂടിയായ അദ്ദേഹവുമായി അടുത്ത് ഇടപെടാൻ സ്നേഹസംഗീതയാത്ര ഒരുനിമിത്തവും ഭാഗ്യവുമായി. മുന്നൊരുക്കങ്ങളുമായി അദ്ദേഹം അയച്ച കത്തുകൾ ഇന്നും സൂക്ഷിക്കുന്നു. ഇപ്റ്റ അദ്ദേഹത്തിന്
ഒരു വികാരവും ആവേശവുമായിരുന്നു. വാക്കുകളിൽ പ്രകടമായിരുന്നു. ഇപ്റ്റയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ചന്ദ്രഹാസന്, യാത്ര തീരുമാനിച്ചതു മുതൽ അവസാനിക്കുന്നവരെ വിശ്രമമില്ലാത്തനാളുകളായിരുന്നു. അദ്ദേഹത്തിന്റെ അസാധാരണ സംഘടനാ പാടവം തന്നെയായിരുന്നു യാത്രയുടെ വിജയത്തിന്റെ ഒരു ഘടകം. എല്ലാറ്റിനും കൃത്യയും സൂക്ഷ്മതയും. എന്നെക്കുറിച്ചുളള അദ്ദേഹത്തിന്റെ കരുതലും ജാഗ്രതയും മനസിനെ വല്ലാതെ സ്വാധീനിച്ചു.
എൻ സി മമ്മൂട്ടിമാഷ്, ഇ ചന്ദ്രശേഖരൻ, പെരുമ്പുഴഗോപാലകൃഷ്ണൻ, ടി വി ബാലൻ, കെ ജി കോമളൻ, ബാലൻ തിരുമല, കറുത്തമ്പു, തൃക്കരിപ്പൂർ വേണു തുടങ്ങിയവരുടെ പിന്തുണയും എടുത്തുപറയേണ്ടതാണ്.

ശിഷ്യന്റെ വേർപാട്


ഒരു യാത്രയിലാണ് ഓട്ടോഡ്രൈവറായ റെജിഅലക്സാണ്ടറെ പരിചയപ്പെടുന്നത്. ഓട്ടോറിക്ഷയുടെ വേഗതകുറയുന്നത് പാട്ടുപഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കാനണെന്ന് ബോധ്യമായി. ഒഴിവുസമയം പാട്ട് പഠിക്കാൻ അനുവാദം നൽകിയതിലുള്ള സന്തോഷം ആ മുഖത്ത് തെളിഞ്ഞുകണ്ടു. സംഗീതപഠനം തുടരുന്നതോടൊപ്പം സംഗീതവേദികളിൽ പാടാനുള്ള അവസരം നല്‍കി. കെപിഎസി നാടകഗാനങ്ങൾ നന്നായി പാടുന്നത് കേട്ട് സ്വരമാധുര്യത്താൽ അനുഗ്രഹിച്ചെന്ന് മറ്റു സംഗീതവിദ്യാർത്ഥികൾ പറയുമായിരുന്നു.

ഇപ്റ്റ സ്നേഹസംഗീതയാത്രയിൽ അംഗമാക്കി. യാത്രയിൽ എന്റെ എല്ലാ കാര്യങ്ങൾക്കും സഹായിയായി നിന്നു. യാത്രയ്ക്ക് ശേഷം റെജിയെ കുറെകാലത്തിന് കണ്ടില്ല. അപ്രതീക്ഷിതമായി ഒരു ദിവസം പ്രത്യക്ഷപ്പെട്ടു. ആകെ തളർന്ന മുഖഭാവം. കുടുംബപ്രശ്നങ്ങളുടെ പ്രയാസങ്ങൾ പങ്കുവെച്ചു. സംഗീതരംഗത്ത പഴയതുപോലെ നിന്നാൽ എല്ലാ ദു:ഖങ്ങളും മറക്കാനാവുമെന്ന് ആശ്വസിപ്പിച്ചാണ് യാത്രയാക്കിയത്. പിന്നെ
കേട്ടത് റെജിയുടെ മരണവാർത്തയാണ്. സ്വന്തം അമ്മാവന്റെ വെട്ടേറ്റായിരുന്നു പാട്ടുകാരനായ പ്രിയ ശിഷ്യന്റെ മരണം.


ജനകീയസംഗീത യാത്രകൾ


1987ലാണ് കാസർക്കോട് ജില്ലയിൽ ജനകീയ സംഗീതയാത്രകൾക്ക് തുടക്കമിടുന്നത്. ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ വരൾച്ച ദുരിതാശ്വാസ പദ്ധതിയിലേക്ക് പണം സ്വരൂപിക്കാനായിരുന്നു തുടക്കം. ശുചിത്വസന്ദേശം, സാക്ഷരതാപ്രചരണം,
ദേശീയോദ്ഗ്രന്ഥനസന്ദേശം, വർഗീയവിരുദ്ധം, മതമത്രിസന്ദേശം, കൊലപാതകരാഷ്ട്രീയത്തിനെതിരെ, മദ്യത്തിനും മയക്കുമരുന്നിനുമെതിരെ, സ്ത്രീപീഡനത്തിനെതിരെ, എയ്ഡ്സ് ബോധവല്‍ക്കരണം, പരിസ്ഥിതിസരംക്ഷണം, യുദ്ധവിപത്ത്, ജലസംരക്ഷണം, ട്രാഫിക്ബോധവല്‍ക്കരണം, തീവ്രവാദത്തിനെതിരെ തുടങ്ങിയ സംഗീതയാത്രകൾ ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംഗീതഉ പകരണങ്ങളുടെ അകമ്പടിയോടെയും കലാകാരൻമാരുടെ സഹകരണത്തോടുമായിരുന്നു യാത്രകളെല്ലാം.

സിനിമയിൽ

ഇപ്റ്റയുടെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് പത്മശ്രീ മധു നിർമ്മിച്ച ബാലചിത്രമായ ‘മിനി‘യിൽ രണ്ട് ഗാനങ്ങൾക്ക് സംഗീതം നല്‍കാൻ അവസരം ലഭിച്ചു. ഒഎൻവി രചിച്ച ‘വരൂ…വരൂ… പൊന്നുണ്ണികളെ…’, ‘തളിർത്ത മുന്തിരിവള്ളികൾ നീട്ടും…’ എന്നീ ഗാനങ്ങൾക്കാണ് സംഗീതം നല്‍കിയത്. ഇപ്റ്റ സ്നേഹസംഗീതയാത്രയുടെ സമാപനത്തിലാണ് മധുവിനെ പരിചയപ്പെടുന്നത്. അദ്ദേഹം ഒഎൻവിയുമായി ആലോചിച്ചാണ് സംഗീതം ചെയ്യാൻ ചുമതലപ്പെടുത്തിയത്.

പുരസ്കാരങ്ങൾ

സംഗീത അധ്യാപകനുള്ള ദേശീയ അവാർഡ്, കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ്, അധ്യാപക കലാവേദി അവാർഡ്, സമാധാന പുരസ്കാരം, നെഹ്റുയുവകേന്ദ്ര യുവജനപുരസ്കാരം, ഗാനശ്രീ അവാർഡ്, കീർത്തിമുദ്ര പുരസ്കാരം, രത്ന പുരസ്കാരം, മദറു പുരസ്കാരം, ഗുരു പുരസ്കാരം, വീണവാദിനി പുരസ്കാരം, ജെസി പുരസ്കാരം, എക്സ്‌ലന്റ്‌അവാർഡ്, ജൂനിയർ ചേമ്പർ അവാർഡ്, പി എൻ പണിക്കർ അവാർഡ്‌, കന്നഡ ചുഡുക സാഹിത്യപരിഷത്ത് പുരസ്കാരം, കന്നഡ പയസ്വിനി പുരസ്കാരം. ഗുരുരത്നപുരസ്കാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.