
“അച്ഛൻ കിളിയും അമ്മക്കിളിയും കുട്ടികളും സന്തോഷത്തോടെയായിരുന്നു ആ കൂട്ടിൽ താമസിച്ചത്. ഒരിക്കൽ ആഹാരം തേടിപ്പോയ അച്ഛൻ കിളി തിരികെ വന്നില്ല. സ്വന്തം സുഖം തേടി അച്ഛൻ കിളി പോയെന്ന തിരിച്ചറിവ് അമ്മക്കിളിയെ തകര്‍ത്തു. കരഞ്ഞു തളർന്ന അമ്മക്കിളി ഇനി എന്തെന്നറിയാതെ കുഞ്ഞിക്കിളികൾക്ക് കൂട്ടിരുന്നു.”
‘വിധി’ എന്ന ചെറുകഥയിൽ പ്രഭാകുമാരി ഇങ്ങനെ എഴുതി നിർത്തിയപ്പോൾ വായനക്കാരൻ അറിഞ്ഞിരുന്നില്ല അത് എഴുത്തുകാരിയുടെ ജീവിതമായിരുന്നെന്ന്. ജീവിതത്തിന്റെ കനല്‍ച്ചാലുകള്‍ നീന്തിയാണ് പ്രഭ എന്ന പ്രഭാകുമാരി എഴുത്തുകാരിയായത്. വറുതിയിൽ സ്വന്തം സ്വപ്നങ്ങൾ എരിഞ്ഞടങ്ങിയപ്പോഴും മറ്റുള്ളവർക്ക് സാന്ത്വനമായി മാറിയവളാണ് പ്രഭ. ജീവിതത്തിന്റെ നേരും നോവും എഴുത്തിലൂടെ സൃഷ്ടിച്ച പ്രഭാകുമാരി. വിധിയുടെ വിളയാട്ടത്തില്‍ തളരാതെ അഗ്നിപരീക്ഷണങ്ങളെ ആത്മധൈര്യംകൊണ്ട് നേരിട്ട വനിത. നെഞ്ചിലെ തീക്കനല്‍ കുത്തി നോവിക്കുമ്പോഴും സാന്ത്വനത്തിന്റെ ഭാണ്ഡവുമായി പാട്ടുംപാടി അശരണര്ക്കരികിലെത്തുന്ന ആശാവര്‍ക്കര്‍ പ്രഭകുമാരി.
സെക്കന്തരാബാദിലായിരുന്നു പ്രഭയുടെ ജനനം. അവിടുത്തെ ആർമി ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ ചന്ദ്രൻ പിള്ള. ഏഴുമക്കളിൽ മൂന്നാമത്തവളായിരുന്ന പ്രഭ. ഇമ്പമായി പാടുകയും കവിതകളെയും കഥകളേയും പ്രണയിക്കുകയും ചെയ്തിരുന്നവള്‍. പ്രഭയ്ക്ക് മൂന്ന് വയസുള്ളപ്പോഴാണ് കുടുംബം കൊട്ടാരക്കര കുളക്കടയിലേക്ക് താമസത്തിനെത്തുന്നത്. എന്നാല്‍ വിധി അവൾക്കായി ഒരുക്കി വെച്ചിരുന്നത് ദുരന്തങ്ങളുടെ പേമാരിയായിരുന്നു. പ്രഭ നാലിൽ പഠിക്കുമ്പോഴാണ് അച്ഛന് സുഖമില്ലാതാകുന്നത്. അച്ഛന് നട്ടെല്ലിൽ ട്യൂമർ ആണെന്നുള്ള വാർത്ത ആ കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു. അങ്ങനെ ചികിത്സകൾ പലയിടത്തായി. അതിനിടയിൽ പ്രഭയുടെ അമ്മ ഒരു കുഞ്ഞിനുകൂടി ജന്മം നൽകി. ചികിത്സയുടെ ആവശ്യത്തിനായി അച്ഛനമ്മമാര്‍ ആശുപത്രികൾ കയറിയിറങ്ങുമ്പോൾ ആ കുടിലിൽ കുട്ടികൾ തനിച്ചായിരുന്നു. ഇതോടെ സഹോദരങ്ങൾക്ക് കൂട്ടിരിക്കേണ്ട ചുമതല മൂത്ത സഹോദരിക്കായി.
ചികിത്സ കഴിഞ്ഞ് ചന്ദ്രൻപിള്ള വീട്ടിലെത്തിയപ്പോൾ നഷ്ടപ്പെട്ട ജീവിതം തിരികെ ലഭിക്കുമെന്ന് സന്തോഷത്തിലായിരുന്നു ആ കുടുംബം. എന്നാൽ വിധിയവരെ തോൽപ്പിച്ചു ഇരുട്ടിൽ നിന്നും കൂരരുട്ടിലേക്ക് ആ കുടുംബം വഴുതിവീണു. ചന്ദ്രൻപിള്ള കടുത്ത മദ്യപാനിയായി. മദ്യപാനത്തില്‍ സന്തോഷം കണ്ടെത്തിയ അയാൾ മക്കളെയും ഭാര്യയെയും നിരന്തരം ഉപദ്രവിച്ചു.
സമപ്രായക്കാർ കളിച്ചും ചിരിച്ചും നടക്കുമ്പോൾ പ്രഭയും സഹോദരങ്ങളും എരിയുന്ന വയറിൽ മുണ്ടുമുറുക്കിയുടുത്ത് കൊച്ചു കൊച്ചു ജോലികൾ ചെയ്യാൻ തുടങ്ങി. സാമ്പത്തിക ബാധ്യത കടുത്തപ്പോൾ അമ്മയുടെയും സഹോദരന്റെയും ഒപ്പം നാലാം ക്ലാസുകാരി പ്രഭയും ഇഷ്ടിക കളത്തിൽ കല്ല് ചുമക്കാൻ പോയി. കന്നുകാലികൾക്ക് ആവശ്യമായ പുല്ലുകൾ പറിച്ച് വീടുകളിൽ കൊണ്ട് വിറ്റ് അന്നന്നത്തെ ആഹാരത്തിനുള്ള വക കണ്ടെത്തി. എന്നാല്‍ മദ്യപിച്ചെത്തുന്ന ചന്ദ്രൻപിള്ള കയ്യിൽ കിട്ടുന്നതെല്ലാം വലിച്ചെറിഞ്ഞു. മക്കളുടെ ദുരവസ്ഥയില്‍ മനംനൊന്ത പ്രഭയുടെ അമ്മ കുട്ടികളുമായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇനിയും ലോകം കണ്ട് തീർക്കാത്ത ഒരുപാട് സ്വപ്നങ്ങളുമായി ജീവിക്കുന്ന പ്രഭ ജീവിക്കാനായി അമ്മയോട് കരഞ്ഞപേക്ഷിച്ചു. അവളുടെ കണ്ണുനീർ ആ അമ്മയുടെ മനസിനെ കൂടുതല്‍ പൊള്ളിച്ചു.
പ്രഭ പഠിക്കാൻ മിടുക്കിയായിരുന്നു. തന്റെ വിശപ്പിന് ശമനം കണ്ടെത്തിയിരുന്നത് മാഗസിനുകൾ വഴിയായിരുന്നു. അക്ഷരങ്ങൾ പെറുക്കി വെച്ച് അവൾ വായന തുടർന്നു. എന്നാൽ ഏഴാം ക്ലാസ് പൂർത്തിയാക്കാൻ അവൾക്കായില്ല. അപ്പോഴേക്കും അവളുടെ സ്വപ്നങ്ങൾക്ക് തിരശീല വീണിരുന്നു.
അങ്ങനെയിരിക്കെ ചന്ദ്രൻപിള്ള പെൻഷൻ ആവശ്യത്തിനായി തന്റെ മേലുദ്യോഗസ്ഥനും എഴുത്തുകാരനുമായ കുഴിത്തടത്തിൽ ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി. ചന്ദ്രൻ പിള്ളയുടെ കുടുംബത്തിന്റെ അവസ്ഥയിൽ മനംനൊന്ത ഗോപാലകൃഷ്ണൻ ഒരു കുട്ടിയെ അവർ നോക്കിക്കൊള്ളാം എന്ന് വാക്കുനൽകി. നറുക്ക് വീണത് പ്രഭയ്ക്കായിരുന്നു. അവൾ ആ വീട്ടുകാർക്ക് മകളെ പോലെയായിരുന്നു. പ്രഭയുടെ വിദ്യാഭ്യാസം തുടരാൻ പലതവണ ഗോപാലകൃഷ്ണൻ പ്രഭയുടെ വീട്ടുകാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ചെറിയ ജോലികളൊക്കെ ചെയ്ത് അവൾ അവിടെ തുടർന്നു. എന്നാൽ അക്ഷരങ്ങളോടുള്ള പ്രണയം അവൾ ഉപേക്ഷിച്ചിരുന്നില്ല. കൊട്ടാരക്കരയിലെ ഡയറ്റിന്റെ സമീപമുള്ള പറമ്പിലായിരുന്നു അവളുടെ കവിതകളുടെ ജനനം. പശുക്കൾക്കായി പുല്ലു പറിക്കാൻ അവൾ എന്നും ആ പറമ്പിൽ എത്തും. മധുരമായ അവളുടെ ശബ്ദത്തിലെ പാട്ടുകൾ കേൾക്കാൻ ഡയറ്റിലെ വിദ്യാർത്ഥിനികഴായിരുന്ന രമ്യയും സ്വപ്നയും ആശയും അവളെ കാത്തിരിക്കും. പ്രഭയുടെ പാട്ടുകൾ കേൾക്കും. പാട്ട് പാടുന്നത്തിന് പ്രതിഫലമായി അവര്‍ കുട്ട നിറയെ പുല്ലുകൾ പറിച്ച് നൽകും.
” നിറയുന്ന മനസുമായി കനിയുന്ന ദൈവമേ
വരംപൊരുളായി അനുഗ്രഹിക്കേണമേ”
13ാമത്തെ വയസിൽ പ്രഭ ആദ്യമായി കുറിച്ച വരികളാണിവ. തന്നെ ഒരുപാട് ഇഷ്ടപ്പെടുന്ന ഡയറ്റിലെ ചേച്ചിമാർ എഴുതികഴിഞ്ഞു ഉപേക്ഷിക്കുന്ന ബുക്കുകളും മഷി തീർന്ന പേനകളും ശേഖരിച്ചു. തന്റെ മനസിലെ വേദന അവള് ഡയറ്റിനുള്ളിൽ നിന്നിരുന്ന പുളിവാക മരത്തിന്റെ ചുവട്ടിൽ ഇരുന്നെഴുതി. നെഞ്ചിനുള്ളിലെ എരിയുന്ന നെരിപ്പൊടിൽ അവൾ സൂക്ഷിച്ചിരുന്ന വാക്കുകൾ കവിതകളായി പുറത്തുവന്നു. എഴുതി തീർന്ന ബുക്കിലെ ചെറിയ സ്ഥലങ്ങളിൽ നന്നായി തെളിയാത്ത പേന ഉപയോഗിച്ച് അവൾ അതെല്ലാം കുറിച്ചു. എന്നിട്ട് ആരും കാണാതെ അവ മരപ്പൊത്തിൽ ഒളിപ്പിച്ചു.
പ്രഭ വീട്ടുവേലക്കാരിയായി ജീവിതം തുടർന്നു. മൂന്നു വർഷത്തിനു ശേഷം കുഴിത്തടത്തിൽ നിന്നും മറ്റൊരു വീട്ടിൽ ജോലിക്കായെത്തി. ഒരു 15കാരിക്ക് എന്ത് ചെയ്യാനാകുമെന്ന ചോദ്യത്തിന് എല്ലാം ചെയ്യണം എന്നതായിരുന്നു വീട്ടുകാരുടെ ഭാഷ്യം. കുഞ്ഞിനെ നോക്കണം വീട്ടിലെ എല്ലാ പണികളും ചെയ്യണം ചുരുക്കത്തിൽ എല്ല് മുറിയെ പണിയെടുക്കണം. എന്നാൽ തുടർന്ന് പഠിക്കണം, ഒരുപാട് എഴുതണം എന്നൊക്കെയുള്ള അവളുടെ ആഗ്രഹങ്ങൾ തിരമാലകൾ പോലെ മനസിൽ ശക്തമായി അലയടിച്ചു. ആ ആഗ്രഹം അവളെ തയ്യൽ പഠനത്തിൽ കൊണ്ടെത്തിച്ചു. തരക്കേടില്ലാതെ തയ്ക്കും എന്നായപ്പോൾ കണ്ടവരും കേട്ടവരും തുണികളുമായി പ്രിഭയ്ക്കരികിലെത്തി.
പ്രഭയ്ക്ക് 18 വയസുള്ളപ്പോഴാണ് മാതൃശിശു സംരക്ഷണ പദ്ധതിയായ എംഎസ്എസ് രൂപം കൊള്ളുന്നത്. അംഗനവാടി ടീച്ചർക്ക് ആയിരുന്നു ഇതിൽ പ്രവർത്തിക്കാൻ ആവശ്യമായവരുടെ പേരുവിവരങ്ങൾ കൊടുക്കേണ്ട ചുമതല. അപ്പോഴേക്കും പ്രഭ നാട്ടിൽ അറിയപ്പെടുന്ന എഴുത്തുകാരിയായി മാറിയിരുന്നു. അതുകൊണ്ട് തന്നെ ടീച്ചർ മറ്റൊന്നും ആലോചിക്കാതെ പ്രഭയെ തന്നെ എംഎസ്എസ് പ്രവർത്തകയായി തെരഞ്ഞെടുത്തു. തന്റെ വിദ്യാഭ്യാസ യോഗ്യത ജോലിക്ക് തടസമാകുമെന്നത് പ്രഭയെ നിരന്തരം അലട്ടി.
അങ്ങനെ ഇരിക്കെയാണ് വിനോദ് പ്രഭയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ അവര്‍ ഒരുമിച്ച് അതിജീവിച്ചു. എന്നാല്‍ വിധി വീണ്ടും ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. പ്രഭ തന്റെ ആദ്യത്തെ കുട്ടിക്ക് ജന്മം നൽകിയതിന് ശേഷം അവൾക്ക് മനസിനെ നിയന്ത്രിക്കാനായില്ല. വിഷാദം അവളുടെ മനസിനെ കവര്‍ന്നെടുത്തു. ബാധിച്ചിരിക്കുന്നത് പ്രസവാനന്തരം സ്ത്രീകൾക്ക് ഉണ്ടാകുന്ന വിഷാദ രോഗമാണെന്നും അതിൽ നിന്നും മുക്തയാകാൻ പ്രഭ തന്നെ ശ്രമിക്കണമെന്നും ഡോക്ടർ നിർദേശിച്ചു. ശ്രമങ്ങൾ വിഫലമായില്ല ആശാ വർക്കർ ജോലി അവള് ഏറ്റെടുത്തു. ഇതിനിടയിൽ പ്രഭയുടെ രചനകൾക്ക് അച്ചടി മഷിപുരണ്ടു. കൂടുതൽ സമയവും അവള് ജോലിയിലും എഴുത്തിലും ചെലവഴിച്ചു. ജീവിതത്തെ തിരികെപ്പിടിച്ചു.
ഹൃദയത്തിന്റെ ആഴത്തിൽ പതിഞ്ഞ മുള്ളുകൾ നുള്ളിയെടുക്കാൻ പെട്ടെന്ന് കഴിയില്ലെന്ന് തിരിച്ചറിഞ്ഞ പ്രഭ മെല്ലെ മെല്ലെ ഓരോ മുള്ളിനെയായി എടുത്തു കളയാൻ ശ്രമിച്ചു. അതിൽ ആദ്യത്തേത് വിദ്യാഭ്യാസം ആയിരുന്നു. പഠിപ്പില്ലാത്തവൾ എന്തൊക്കെയോ മണ്ടത്തരങ്ങൾ കുറിച്ച് വയ്ക്കുന്നു എന്ന നിരന്തരം കളിയാക്കലുകള്‍ എന്നും അവളെ കുത്തിനോവിച്ചു. അതിനുള്ള ചുട്ട മറുപടി ആയിരുന്നു പത്താംക്ലാസ് തുല്യത പരീക്ഷയിലെ വിജയം.
തുച്ഛമായ വേതനത്തിലും പ്രഭ തന്റെ ചുറ്റുമുള്ളവരുടെ കണ്ണുനീർ ഒപ്പി. ആശാവർക്കറായുള്ള അവളുടെ സേവനം കുടുംബത്തിന് തന്നെ ഭാരമായിത്തീർന്ന ഒട്ടേറെ മനുഷ്യജീവിതങ്ങൾക്ക് സ്നേഹ സാന്ത്വനം പകർന്നു. മധുരമായി പാടുകയും വിശേഷങ്ങൾ പങ്കിട്ടും അവരുടെയൊക്കെ പ്രിയങ്കരിയായി മാറി. ജീവിത നാൾവഴികളിൽ എരിഞ്ഞടങ്ങിയ കണ്ണീരിനെ കുറിച്ച് ഓർക്കുമ്പോൾ അവൾ ചിരിക്കും മതിമറന്ന്. വിനോദും മക്കളായ അനന്തകൃഷ്ണനും അഞ്ജന സായിയും അവളുടെ കൂടെ ചിരിക്കും. ഇന്ന് വേദികള്‍ നിറഞ്ഞു നില്‍ക്കുകയാണ് പ്രഭ ഒപ്പം പുരസ്കാരങ്ങളുടെ പെരുമഴയിലും.
“സുഖമുള്ളൊരു നിദ്രയിലെത്തി
ഉണരാൻ പുലർവേള കാത്തിരുന്നു
പതിയെ ഇരുൾമാഞ്ഞു പോയി
കിളിപാടിയ പാട്ട് കെട്ടുണർന്നു”
പ്രഭ സന്തോഷത്തോടെ ജീവിതം പാടി നിർത്തുമ്പോള്‍ ആത്മവിശ്വാസത്തിന്റെ കരുത്ത് മുഖത്ത് കാണാമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.