
2024ൽ ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ‘അഭൂതപൂർവമായ’ നിലയിലെത്തിയതായി യുഎൻ റിപ്പോർട്ട്. 22,495 കുട്ടികളാണ് കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ മാനുഷിക സഹായം നിഷേധിക്കപ്പെടുകയോ സംഘർഷങ്ങൾക്കായി റിക്രൂട്ട് ചെയ്യപ്പെടുകയോ ചെയ്തതെന്ന് യുഎൻ സുരക്ഷാ കൗൺസിലിന്റെ ‘കുട്ടികളെയും സായുധ സംഘട്ടനത്തെയും’ കുറിച്ചുള്ള വാർഷിക റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
കുട്ടികൾക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരിൽ ഇസ്രയേലിനെ ഐക്യരാഷ്ട്രസഭ വീണ്ടും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിലുണ്ട്. ഇത്തരം ലംഘനങ്ങളുടെ എണ്ണത്തിൽ 21 ശതമാനം വർധനവുണ്ടായതായും അധിനിവേശ വെസ്റ്റ് ബാങ്കിലെ ഗാസയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ നടന്നതെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോർട്ട് വിശദീകരിക്കുന്നു.
ഗാസയ്ക്കെതിരായ യുദ്ധം ഏകദേശം 20 മാസമായി തുടരുന്ന സാഹചര്യത്തിലാണ്, സായുധ സംഘട്ടനങ്ങളിൽ കുട്ടികൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയിൽ ഇസ്രയേലിനെ തുടർച്ചയായ രണ്ടാം വർഷവും ഐക്യരാഷ്ട്രസഭ നിലനിർത്തിയത്. 2024ൽ സംഘർഷമേഖലകളിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അഭൂതപൂർവമായ തോതിൽ എത്തിയെന്നും, ഗാസാ മുനമ്പിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമാണ് ഇസ്രയേൽ സൈന്യം ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ നടത്തിയതെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞതിന് പിന്നാലെയാണ്, അക്രമത്തിന് ഇരയാക്കപ്പെട്ട കുട്ടികളുടെ പുതിയ പട്ടിക പുറത്തുവന്നത്. കഴിഞ്ഞ ഒന്നര വർഷം ആയിരക്കണക്കിന് കുട്ടികളെയാണ് ഇസ്രയേൽ പട്ടാളം കൊന്നൊടുക്കിയത്.
18 വയസിന് താഴെയുള്ള കുട്ടികൾക്കെതിരായ ഗുരുതരമായ അവകാശ ലംഘനങ്ങളിൽ, ആഗോളതലത്തിൽ കഴിഞ്ഞ വർഷം 25 ശതമാനം വർധനവുണ്ടായി. വധം, അംഗഭംഗം വരുത്തൽ, ലൈംഗികാതിക്രമങ്ങൾ, സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ എന്നിവയുൾപ്പെടെ കുട്ടികൾക്കെതിരായ 41,370 ഗുരുതരമായ ലംഘനങ്ങളാണ് സ്ഥിരീകരിച്ചത്. അധിനിവേശ പലസ്തീൻ പ്രദേശത്തും ഇസ്രയേലിലുമായി 2,959 കുട്ടികൾക്കെതിരെ നടന്ന 8,554 ഗുരുതരമായ നിയമലംഘനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ പലസ്തീൻ ഗ്രൂപ്പായ ഹമാസ് നയിച്ച ആക്രമണത്തെത്തുടർന്ന്, ഇസ്രയേലി ബോംബാക്രമണത്തിന് വിധേയമായ ഗാസയിൽ 1,259 പലസ്തീൻ കുട്ടികൾ കൊല്ലപ്പെടുകയും 941 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്ഥിരീകരണമുണ്ടായി. ഗാസയിലെ ആരോഗ്യമന്ത്രാലയം ഈ ഉയർന്ന കണക്കുകൾ ഐക്യരാഷ്ട്രസഭയ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉപരോധിക്കപ്പെട്ട പ്രദേശത്ത് 2024ൽ കൊല്ലപ്പെട്ട 4,470 കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ പരിശോധിച്ചുവരികയാണെന്ന് യുഎൻ വക്താക്കൾ അറിയിച്ചു. ഒറ്റ ആക്രമണത്തിൽ മാത്രം അധിനിവേശ വെസ്റ്റ് ബാങ്കിൽ 97 പലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടതായും കിഴക്കൻ ജറുസലേം ഉൾപ്പെടെ ആകെ 3,688 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും ഐക്യരാഷ്ട്രസഭ അറിയിച്ചു. കഴിഞ്ഞവർഷം 500ൽ അധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത ലെബനനിലെ ഇസ്രയേലിന്റെ സൈനിക നടപടികളെയും യുഎൻ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ സ്ഫോടകവസ്തുക്കളുടെ വ്യാപകമായ ഉപയോഗം ചൂണ്ടിക്കാട്ടി, അധിനിവേശ പലസ്തീൻ പ്രദേശത്തും ഇസ്രയേലിലും കുട്ടികൾക്കെതിരായ ഗുരുതരമായ ലംഘനങ്ങളുടെ തീവ്രതയിൽ താൻ അമ്പരന്നുപോയതായി യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കുട്ടികൾക്ക് പ്രത്യേക സംരക്ഷണം, സ്കൂളുകൾക്കും ആശുപത്രികൾക്കും സംരക്ഷണം എന്നിവ ആവശ്യപ്പെടുന്ന അന്താരാഷ്ട്ര നിയമം പാലിക്കണമെന്നും, ആക്രമണങ്ങൾ പോരാളികളെയും സാധാരണക്കാരെയും തമ്മിൽ വേർതിരിച്ചറിയണമെന്നും, നിരപരാധികൾക്ക് നേരെ ഉപദ്രവം ഒഴിവാക്കണമെന്നും ഗുട്ടെറസ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. പലസ്തീൻ ഗ്രൂപ്പായ ഹമാസിന്റെ സായുധ വിഭാഗം, ഖസാം ബ്രിഗേഡുകൾ, പലസ്തീൻ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ സായുധ വിഭാഗമായ അൽ‑ഖുദ്സ് ബ്രിഗേഡുകൾ എന്നിവരെയും രണ്ടാം തവണയും യുഎൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ യുഎൻ രേഖപ്പെടുത്തിയ മറ്റാെരു രാജ്യം കോംഗോയാണ്. കഴിഞ്ഞ വർഷം 3,418 കുട്ടികൾക്കെതിരെ 4,043 സ്ഥിരീകരിച്ച ഗുരുതരമായ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. സൊമാലിയയിൽ 1,992 കുട്ടികൾക്കെതിരെ 2,568 നിയമലംഘനങ്ങളും നൈജീരിയയിൽ 1,037 കുട്ടികൾക്കെതിരെ 2,436 ഗുരുതരമായ നിയമലംഘനങ്ങളും ഹെയ്തിയിൽ 1,373 കുട്ടികൾക്കെതിരെ 2,269 സ്ഥിരീകരിച്ച ഗുരുതരമായ നിയമലംഘനങ്ങളും യുഎൻ റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.
2022 ഫെബ്രുവരിയിൽ റഷ്യ — ഉക്രെയ്ൻ അധിനിവേശം നടത്തിയതിനെത്തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ, റഷ്യൻ സായുധ സേനയെയും അനുബന്ധ സായുധ ഗ്രൂപ്പുകളെയും മൂന്നാം വർഷവും കരിമ്പട്ടികയിൽപ്പെടുത്തി. ‘ഉക്രെയ്‌നിൽ കുട്ടികൾക്കെതിരായ ഗുരുതരമായ നിയമലംഘനങ്ങളുടെ കുത്തനെയുള്ള വർധനവിൽ’ സെക്രട്ടറി ജനറൽ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. 673 കുട്ടികൾക്കെതിരെ 1,914 ലംഘനങ്ങൾ റഷ്യൻ സേന നടത്തി. 94 ഉക്രെയ‌്നിയൻ കുട്ടികളെ കൊന്നതായും 577 പേർക്ക് പരിക്കേറ്റതായും സ്കൂളുകൾക്ക് നേരെ 559 ആക്രമണങ്ങളും ആശുപത്രികൾക്ക് നേരെ 303 ആക്രമണങ്ങളും നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹെയ്തിയിൽ, ഐക്യരാഷ്ട്രസഭ ആദ്യമായി ‘വിവ് അൻസാൻ സഖ്യം’ എന്ന ഒരു സംഘത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. 2021 ജൂലൈയിൽ പ്രസിഡന്റ് ജോവനൽ മോയ്സിന്റെ കൊലപാതകത്തിനുശേഷം ഗുണ്ടാസംഘങ്ങൾ അധികാരത്തിലേക്ക് വളർന്നു. ഇപ്പോൾ തലസ്ഥാനത്തിന്റെ 85 ശതമാനവും അവരുടെ നിയന്ത്രണത്തിലാണെന്ന് കണക്കാക്കപ്പെടുന്നു. മേയ് മാസത്തിൽ, ‘ലിവിങ് ടുഗെദർ’ എന്നർത്ഥം വരുന്ന ഒരു ഡസനിലധികം ഗുണ്ടാസംഘങ്ങളെ പ്രതിനിധീകരിക്കുന്ന ശക്തമായ സഖ്യത്തെ വിദേശ ഭീകര സംഘടനയായി യുഎസ് പ്രഖ്യാപിച്ചു. ഗുണ്ടാ റിക്രൂട്ട്മെന്റും ഉപയോഗവും, ലൈംഗിക അതിക്രമം, തട്ടിക്കൊണ്ടുപോകൽ, മാനുഷിക സഹായം നിഷേധിക്കൽ തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങളുടെ വലിയ തോതിലുള്ള വർധനവിനെ ആഴത്തിലുള്ള ‘അപകടം’ എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ കേവലം ക്രമസമാധാന പ്രശ്നങ്ങളായി ലഘൂകരിക്കാനാകില്ല. ഈ അതിക്രമങ്ങൾ ആഗോള മുതലാളിത്ത വ്യവസ്ഥയുടെയും അതിന്റെ അസമത്വങ്ങളുടെയും നേരിട്ടുള്ള ഫലങ്ങളാണ്. ഇസ്രയേൽ — പലസ്തീൻ സംഘർഷം യുഎസ് പോലുള്ള സാമ്രാജ്യത്വ ശക്തികളുടെ തന്ത്രപരമായ താല്പര്യങ്ങളുടെയും പ്രാദേശിക വിഭവങ്ങൾക്കുവേണ്ടിയുള്ള മത്സരത്തിന്റെയും ഫലമാണ്. ആയുധ വ്യവസായത്തിനും യുദ്ധക്കൊതിയന്മാർക്കും ഈ സംഘർഷം ലാഭം കൊയ്യാനുള്ള അവസരം ഒരുക്കുന്നു. യുഎൻ റിപ്പോർട്ടിലെ കണക്കുകൾ, ഈ ചൂഷണവ്യവസ്ഥയിലെ ദുർബലരായ കണ്ണികളായ കുട്ടികൾ എത്രത്തോളം ദുരിതമനുഭവിക്കുന്നു എന്നതിന്റെ നേർചിത്രമാണ്. ഇസ്രയേലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമ്പോള്‍, അതിന്റെ യുദ്ധക്കുറ്റങ്ങളെ താൽക്കാലികമായി അപലപിക്കുന്നുണ്ടെങ്കിലും, ആഗോള മുതലാളിത്തഘടനയുടെ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന അധിനിവേശ നടപടികൾക്ക് അതൊരു പരിഹാരമാകുന്നില്ല.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൊമാലിയ, നൈജീരിയ, ഹെയ്തി തുടങ്ങിയ രാജ്യങ്ങളിലെ സംഘർഷങ്ങളും കുട്ടികൾക്കെതിരായ അതിക്രമങ്ങളും ആഗോള മുതലാളിത്ത വ്യവസ്ഥയുടെ മറ്റൊരു മുഖം വെളിവാക്കുന്നു. വികസ്വര രാജ്യങ്ങളിലെ അസ്ഥിരതയും ആഭ്യന്തര സംഘർഷങ്ങളും പലപ്പോഴും അവിടുത്തെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യാനുള്ള അന്താരാഷ്ട്ര കോർപറേറ്റുകളുടെ ശ്രമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രാദേശിക വരേണ്യവർഗങ്ങൾ ഈ ചൂഷണത്തിൽ പങ്കുചേരുമ്പോൾ, താഴേത്തട്ടിലുള്ള ജനങ്ങൾ, വിശിഷ്യ കുട്ടികൾ, യുദ്ധങ്ങളുടെയും ദാരിദ്ര്യത്തിന്റെയും ഇരകളായി മാറുന്നു. ഹെയ്തിയിൽ കണ്ടത് പോലുള്ള ഗുണ്ടാസംഘങ്ങളുടെ ആധിപത്യം ഭരണകൂടത്തിന്റെ ദുർബലതയും സാമൂഹികത്തകർച്ചയും ചൂണ്ടിക്കാട്ടുന്നു. ഇത് മുതലാളിത്ത വ്യവസ്ഥയിൽ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കിടയിൽ വർഗസമരം കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയാണ്.
റഷ്യ — ഉക്രെയ്ൻ യുദ്ധവും കുട്ടികൾക്കെതിരായ അതിക്രമങ്ങളും സാമ്രാജ്യത്വ ശക്തികൾ തമ്മിലുള്ള വിഭജനത്തിനും ആധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണ്. ഈ യുദ്ധങ്ങൾ സൈനിക — വ്യാവസായിക സമുച്ചയത്തിന് വൻ ലാഭം നേടാൻ സഹായിക്കുന്നു. സ്കൂളുകളും ആശുപത്രികളും ആക്രമിക്കപ്പെടുന്നത്, സാധാരണ ജനജീവിതം, പ്രത്യേകിച്ച് കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയെ അട്ടിമറിക്കുന്നു. ഇത് മുതലാളിത്ത വ്യവസ്ഥയ്ക്ക് കീഴിൽ മാനുഷിക മൂല്യങ്ങൾ എങ്ങനെ തകര്‍ക്കപ്പെടുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. ചുരുക്കത്തിൽ, യുഎൻ റിപ്പോർട്ട് വെളിപ്പെടുത്തുന്ന കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, ആഗോള മുതലാളിത്ത വ്യവസ്ഥയുടെ അനിവാര്യമായ ഫലങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.