15 January 2026, Thursday

Related news

November 2, 2025
October 2, 2025
September 25, 2025
August 8, 2025
July 19, 2025
June 25, 2025
June 18, 2025
May 12, 2025
May 6, 2025
April 6, 2025

രാജ്യത്തെ 14.4 ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് ലഭിച്ചില്ല; വാക്സിന്‍ കിട്ടാത്ത കുട്ടികളുള്ള രണ്ടാമത്തെ രാജ്യം

Janayugom Webdesk
ന്യൂഡല്‍ഹി
June 25, 2025 9:41 pm

2023ല്‍ രാജ്യത്തെ 14.4 ലക്ഷം കുട്ടികള്‍ക്ക് പതിവ് വാക്സിന്‍ ലഭിച്ചില്ലെന്ന് ദി ലാന്‍സെറ്റ് റിപ്പോര്‍ട്ട്. മാരകമായ രോഗങ്ങള്‍ക്കെതിരായ പ്രതിരോധ കുത്തിവയ്പിന്റെ അഭാവം കുട്ടികളുടെ ജീവന് ഭീഷണിയായ രോഗങ്ങളിലേക്ക് നയിക്കുന്നെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഒരു ഡോസ് വാക്സിന്‍ പോലും എടുക്കാത്ത, ഏറ്റവും കൂടുതല്‍ കുട്ടികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡ് വാക്സിന്‍ കവറേജ് കൊളാബറേറ്റേഴ‍്സിന്റെ പുതിയ വിശകലനം പറയുന്നു. 2023ല്‍ ‌ലോകമെമ്പാടും വാക്സിന്‍ എടുക്കാത്ത 1.57 കോടി കുട്ടികളില്‍ പകുതിയിലേറെയും എട്ട് രാജ്യങ്ങളിലാണ്. ഇത് ദക്ഷിണേഷ്യയില്‍ 13 ശതമാനവും സബ്-സഹാറന്‍ അഫ്രിക്കയില്‍ 53 ശതമാനവുമാണ്. നൈജീരിയ 24.8 ലക്ഷം, ഇന്ത്യ 14.4 ലക്ഷം, കോംഗോ 8,82,000, എത്യോപ്യ 7,82,000, സൊമാലിയ 7,10,000, സുഡാന്‍ 6,27,000, ഇന്തോനേഷ്യ 5,38,000, ബ്രസീല്‍ 4,52,000 എന്നിങ്ങനെയാണ് കുട്ടികളുടെ എണ്ണം.

വാക്സിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും എടുക്കാനുള്ള മടിയും പരിഹരിക്കാനുള്ള ശ്രമങ്ങളും തുല്യമായ രോഗപ്രതിരോധ തന്ത്രങ്ങളുമില്ലെങ്കില്‍ 2030ലെ രോഗപ്രതിരോധ ലക്ഷ്യങ്ങള്‍ ലോകത്തിന് നഷ്ടപ്പെടുമെന്ന് ലാന്‍സെന്റിന്റെ പ്രധാന ഗവേഷകയായ ഡോ എമിലി ഹ്യൂസര്‍ പറഞ്ഞു. വാക്സിന്‍ ലഭ്യത കുറഞ്ഞ പ്രദേശങ്ങളില്‍ വിതരണവും ലഭ്യതയും മെച്ചപ്പെടുത്തുന്നത് എങ്ങനെയെന്നതാണ് വെല്ലുവിളിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. പോളിയോ, ടെറ്റനസ്, തൊണ്ടമുള്ള്, ക്ഷയം, മീസില്‍സ്, റുബെല്ല, പെര്‍ട്ടുസിസ്, മമ്പ്സ്, ഹെപ്പറ്റൈറ്റിസ് ബി, ഹീമോഫിലസ് ഇന്‍ഫ്ലുവന്‍സ ടൈപ്പ് ബി, സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ, റോട്ടവൈറസ്, വാരിസെല്ല മുതലായവയെ പ്രതിരോധിക്കാന്‍ ലോകമെമ്പാടുമുള്ള എല്ലാ കുട്ടികള്‍ക്ക് 11:3 എന്ന സംയുക്ത വാക്സിന്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നു. 

2010നും 19നും ഇടയില്‍ 204 രാജ്യങ്ങളില്‍ 100 ഇടത്തും അഞ്ചാംപനി വാക്സിനേഷന്‍ കുറഞ്ഞു. 2023ല്‍ ഏകദേശം 1.57 കോടി സീറോ ഡോസ് കുട്ടികള്‍ക്ക് ഒരു വയസില്‍ തൊണ്ടമുള്ള്, ടെറ്റനസ്, പെര്‍ട്ടുസിസ് വാക്സിനുകളുടെ ഒരു ഡോസും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ സര്‍ക്കാര്‍ നടത്തുന്ന യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിക്ക് കീഴില്‍ 12 രോഗങ്ങള്‍ക്കെതിരായ വാക്സിനുകള്‍ എല്ലാ കുട്ടികള്‍ക്കും, നിശ്ചിത പ്രായത്തിലുള്ള ഗര്‍ഭിണികള്‍ക്കും സൗജന്യമായി നല്‍കുന്നു. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ഭയത്താല്‍ വാക്സിന്‍ എടുക്കാത്ത ഗോത്ര, മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഒരു ഡോസ് വാക്സിന്‍ പോലും എടുക്കാത്ത (സീറോ ഡോസ്) കുട്ടികളുടെ എണ്ണം വളരെ കൂടുതലാണെന്ന് സാംക്രമിക രോഗ വിദഗ്ധന്‍ ഡോ ഈശ്വര്‍ ഗിലാഡ പറഞ്ഞു. ഇത്തരം സമൂഹങ്ങള്‍ക്ക് വാക്സിനേഷന്‍ കവറേജ് നല്‍കുന്നതിന് ഇന്ത്യ മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. 

ഏറ്റവും കൂടുതല്‍ സീറോ ഡോസ് കുട്ടികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ സ്ഥിരമായി ഇടം നേടിയിട്ടുണ്ട്. 1980ല്‍ സീറോ ഡോസ് കുട്ടികളുടെ 53.5 ശതമാനം ഇന്ത്യ, ചൈന, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലായിരുന്നു. 2019 ആയപ്പോഴേക്കും അവരില്‍ ഭൂരിഭാഗവും നൈജീരിയ, ഇന്ത്യ, എത്യോപ്യ, കോംഗോ, ബ്രസീല്‍, സൊമാലിയ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലാണ്.

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.