
ഒരു വയസുകാരന്റെ മരണം കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാലെന്ന ആരോപണത്തെത്തുടർന്ന് ഖബറടക്കിയ മൃതദേഹം പുറത്തെടുത്തു. മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തും. മലപ്പുറം പാങ്ങ് സ്വദേശികളായ കൊട്ടക്കാരൻ വീട്ടിൽ നവാസ്-ഹിറ ഹറീറ ദമ്പതികളുടെ മകൻ എസാൻ ഇർഹാനാണ് വെള്ളിയാഴ്ച വൈകിട്ട് മരിച്ചത്. കോട്ടക്കൽ എടരിക്കോട് പഞ്ചായത്തിൽ നോവപ്പടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. മുലപ്പാൽ കുടിച്ച ശേഷം കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു എന്നാണ് കുടുംബം പറയുന്നത്.
എന്നാൽ കുട്ടിയ്ക്ക് അക്യുപങ്ചർ പ്രചാരകരായ മാതാപിതാക്കൾ ഒരു വയസായിട്ടും യാതൊരു തരത്തിലുള്ള പ്രതിരോധ കുത്തിവെപ്പും എടുത്തിട്ടില്ലെന്നും അന്വഷണം വേണമെന്നും ആവശ്യപ്പെട്ട് പൊന്നാനി സ്വദേശിയായ ക്ലിനിക്കൽ ഫാർമസിസ്റ്റ് പി ഹംസത്ത് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കാടാമ്പുഴ, കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനുകളിലേക്കും നൽകിയ പരാതിയിൽ കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മുമ്പ് കുട്ടിയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ചപ്പോഴും ചികിത്സ നൽകിയിരുന്നില്ല. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതും മഞ്ഞപ്പിത്തത്തിന് ചികിത്സ നൽകാത്തതും മരണത്തിന് കാണമായോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുകയാണ്.
കുട്ടി കുഴഞ്ഞ് വീണപ്പോഴും ആശുപത്രിയിലെത്തിക്കാതെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ വീട്ടിൽ വിളിച്ച് വരുത്തിയാണ് മരണം സ്ഥിരീകരിച്ചത്. തുടർന്ന് മരണം റിപ്പോർട്ട് ചെയ്യാതെ ഇന്നലെ രാവിലെ 8.30ന് പടിഞ്ഞാറ്റുമുറി മഹല്ല് ജുമാ മസ്ജിദിൽ ഖബറടക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചിനാണ് മൃതദേഹം പുറത്തെടുത്തത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി കുടുംബവുമായി സംസാരിച്ചിരുന്നു. വിശദമായ റിപ്പോർട്ട് ഡിഎംഒയ്ക്ക് നൽകും.
മരിച്ച കുട്ടിയുടെ പിതാവ് നവാസ് കാടാമ്പുഴ സ്റ്റേഷനിൽ പ്രാഥമിക മൊഴി നൽകിയിട്ടുണ്ട്.
ഒരു വയസായിട്ടും കുഞ്ഞിന് ഇതുവരെയും യാതൊരു തരത്തിലുള്ള പ്രതിരോധ കുത്തിവെപ്പും മാതാപിതാക്കൾ നൽകിയിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ 24ന് എസാൻ ഇർഹാനെ വീട്ടിലാണ് പ്രസവിച്ചത്. അക്യുപങ്ചറിസറ്റായ മാതാവ് അശാസ്ത്രീയ ചികിത്സാരീതികളെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.