22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 17, 2026
January 17, 2026
January 13, 2026
January 13, 2026
January 10, 2026
January 9, 2026

അതിജീവിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മാണം; വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍

Janayugom Webdesk
കല്പറ്റ
July 4, 2025 10:45 pm

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യു-ഭവന നിര്‍മ്മാണ മന്ത്രി കെ രാജന്‍. എല്‍സ്റ്റണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ടൗണ്‍ഷിപ്പില്‍ ഒരുക്കുന്ന 410 വീടുകളിലായി 1,662 ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. ഇതില്‍ 140 വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള അതിര്‍ത്തി നിശ്ചയിച്ചു. 51 വീടുകളുടെ അടിത്തറയും 54 വീടുകളുടെ ഡൈനാമിക് കോൺ പെനിട്രേഷൻ ടെസ്റ്റും 41 വീടുകളുടെ പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റും പൂര്‍ത്തിയാക്കി. 19 വീടുകള്‍ക്കായുള്ള ഫൗണ്ടേഷന്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ സ്ഥലമൊരുക്കല്‍ വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയായതിനാല്‍ മാതൃകാ വീടിന്റെ നിര്‍മ്മാണം ജൂലൈയോടെ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 110 തൊഴിലാളികളാണ് നിലവില്‍ എല്‍സ്റ്റണില്‍ തൊഴില്‍ ചെയ്യുന്നത്. പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ തൊഴിലാളികളുടെ സേവനം ഉറപ്പാക്കും. അഞ്ച് സോണുകളിലായി 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്നത്. ആദ്യ സോണില്‍ 140, രണ്ടാം സോണില്‍ 51, മൂന്നാം സോണില്‍ 55, നാലാം സോണില്‍ 51, അഞ്ചാം സോണില്‍ 113 വീടുകളാണുള്ളത്. 

ജൂലൈയില്‍ മൂന്ന് സോണുകളിലെയും പ്രവൃത്തികള്‍ ഒരുമിച്ചാരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കും. വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതിനുശേഷമാണ് ടൗണ്‍ഷിപ്പിലെ മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തികള്‍ ആരംഭിക്കുക. ടൗണ്‍ഷിപ്പ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്ത പടവെട്ടിക്കുന്നിലെ ആളുകളുടെ ആവശ്യം പരിശോധിക്കുമെന്നും ദുരന്തബാധിതരെ സര്‍ക്കാര്‍ കൈവിടില്ലെന്നും മന്ത്രി പറഞ്ഞു. ദുരന്തബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എടുത്തിട്ടില്ലെന്നും വീട് നിര്‍മ്മാണത്തിനുള്ള തുക സൂക്ഷിക്കാന്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഇത് പരിശോധിക്കാന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പോണ്‍സര്‍മാരുടെ പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ട സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. സമിതിയുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിഎം കെ ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ പി പി അര്‍ച്ചന എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.