16 December 2025, Tuesday

Related news

December 14, 2025
September 27, 2025
August 19, 2025
July 12, 2025
July 5, 2025
June 16, 2025
June 9, 2025
June 8, 2025
June 6, 2025
June 5, 2025

കോവിഡ് വകഭേദം സ്ട്രാറ്റസ് പടരുന്നു; മറ്റൊരു കോവിഡ് തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
July 5, 2025 9:31 pm

പുതിയ കോവിഡ് വകഭേദമായ സ്ട്രാറ്റസ് യുകെ അടക്കം രാജ്യങ്ങളില്‍ പടരുന്നു. പഴയ കോവിഡ് കാലത്തെ അനുസ്മരിപ്പിക്കും വിധം ഈ വകഭേദം മറ്റൊരു കോവിഡ് തരംഗം സൃഷ്ടിച്ചേക്കാം എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. എക്സ്എഫ്ജി എന്ന ശാസ്ത്രീയ നാമമുള്ള സ്ട്രാറ്റസ് കോവിഡിന്റെ മുന്‍ വകഭേദങ്ങളേക്കാള്‍ കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെന്നാണ് അനുമാനിക്കുന്നത്. അതിന് സംഭവിച്ചിരിക്കുന്ന ഉല്‍പരിവര്‍ത്തനം (മ്യൂട്ടേഷന്‍) കാരണം ഇതിന് മനുഷ്യ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) യുടെ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഈ വകഭേദമാണ് ഇംഗ്ലണ്ടില്‍ അതിവേഗം വ്യാപിക്കുന്നത്. മേയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളില്‍ 10 ശതമാനത്തോളം പേരില്‍ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് മൂന്നാഴ്ചകള്‍ക്കിപ്പുറം ജൂണ്‍ മധ്യത്തിലെത്തിയപ്പോള്‍ 40 ശതമാനമായി വര്‍ധിച്ചു.

അതീവ ശക്തമായ ഒമിക്രോണ്‍ വകഭേദത്തിന്റെ പിന്‍ഗാമിയായ സ്ട്രാറ്റസ് ഒരു ഫ്രാങ്കന്‍സ്റ്റീന്‍ അല്ലെങ്കില്‍ റീകോമ്പിനന്റ് സ്ട്രെയിന്‍ എന്നാണ് അറിയപ്പെടുന്നത്. ഒരു വ്യക്തിയെ ഒരേസമയം രണ്ട് വ്യത്യസ്തതരം കോവിഡ് വകഭേദങ്ങള്‍ ബാധിക്കുമ്പോള്‍, അവ സംയോജിച്ചുണ്ടാകുന്ന സങ്കരയിനം വൈറസാണിത്. ഇതിന്റെ രണ്ട് വകഭേദങ്ങളായ എക്സ്എഫ്ജിയും എക്സ്എഫ്ജി 3 യും അതിവേഗം വ്യാപിക്കുകയാണെന്നാണ് വാര്‍വിക്ക് യൂണിവേഴ്സിറ്റിയിലെ വൈറോളജി പ്രൊഫസര്‍ ലോറന്‍സ് യങ് പറഞ്ഞു. ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ സഹായിക്കുന്ന പുതിയ സ്പൈക്ക് മ്യൂട്ടേഷന്‍ മൂലമാകാം ഇത്രയധികം വ്യാപന ശേഷി ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി കോവിഡ് വ്യാപനം കുറവായതിനാലും വാക്സിന്റെ പുതിയ ബൂസ്റ്റര്‍ വാക്സിന്‍ എടുത്തവര്‍ കുറവായതിനാലും പൊതുവേയുള്ള പ്രതിരോധ ശക്തി ദുര്‍ബലമാണ്. ഇത് എക്സ്എഫ്ജി, എക്സ്എഫ്ജി 3 വകഭേദങ്ങള്‍ വ്യാപിക്കാൻ കാരണമാകുന്നു. അതുകൊണ്ടുതന്നെ മറ്റൊരു മഹാ കോവിഡ് തരംഗത്തിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഈ പുതിയ വകഭേദം മാരക പ്രഹരശേഷിയുള്ളതാണ് എന്നതിന് ഇതുവരെ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. വാക്സിന്‍ എടുത്താല്‍, രോഗബാധ വലിയൊരു അളവ് വരെ തടയുവാനും കഴിയും. നിംബസ് എന്ന മറ്റൊരു കോവിഡ് വകഭേദവും വ്യാപിക്കുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.