22 January 2026, Thursday

തിയേറ്ററുകളില്‍ കുറയുന്ന ആള്‍ക്കൂട്ടവും പണം വാരി പടങ്ങളും

രാജഗോപാല്‍ എസ് ആര്‍ 
July 13, 2025 6:55 am

2025ന്റെ ആദ്യപകുതിയെത്തുമ്പോള്‍ മലയാള സിനിമയുടെ കച്ചവടത്തിന്റെ സിംഹഭാഗവും മോഹന്‍ലാല്‍ എന്ന താരത്തിലും അഭിനേതാവിലും കേന്ദ്രീകരിച്ചാണ് നിലനിന്നതെന്ന് തന്നെ കരുതാം. ഈ പതിറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ഹൈപ്പുമായെത്തിയ എമ്പുരാന്‍ തിയേറ്ററുകളില്‍ ആദ്യ ദിവസങ്ങളില്‍ എത്തിച്ച തരംഗം പ്രതിസന്ധിയിലായിരുന്ന സിനിമാ വ്യവസായത്തിന് വന്‍ പ്രതീക്ഷയാണ് നല്‍കിയത്. ഹൈപ്പിനൊപ്പം വിവാദങ്ങളും കൂടി പിന്തുണച്ചതോടെ എമ്പുരാന്‍ 2025 ലെ മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായി മാറി. പിന്നാലെ മോഹന്‍ലാലിന്റേതായെത്തിയ തുടരും എന്ന സിനിമയും തിയേറ്ററിലേക്ക് കുടുംബങ്ങളെ എത്തിക്കുന്നതില്‍ വിജയിച്ചു. സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജും തരുണ്‍മൂര്‍ത്തിയും ഈ ചിത്രങ്ങളിലൂടെ സിനിമാ വ്യവസായത്തിന് നല്‍കിയ കൈത്താങ്ങ് വളരെ വലതാണ്.
ആലപ്പുഴ ജിംഖാന, രേഖാചിത്രം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, നരിവേട്ട, പ്രിന്‍സ് ആന്‍ഡ് ഫാമിലി, ബസൂക്ക, മരണമാസ്, പടക്കളം തുടങ്ങിയ ചിത്രങ്ങളും പണംവാരി ചിത്രങ്ങളായി മാറി. ഒടിടി വില്പന കൂടി പുരോഗമിക്കുന്നതോടെ ഈ ചിത്രങ്ങളില്‍ പലതിലും മുടക്കിയ പണം തിരികെ കിട്ടിയെന്ന് പ്രതീക്ഷിക്കാം. 

എമ്പുരാനും തുടരുമിനുമൊപ്പം അദ്ദേഹം തന്നെ സംവിധാനം ചെയ്ത ബാറോസും അന്യഭാഷാ ചിത്രമായ കണ്ണപ്പയും മോഹന്‍ലാലിന്റേതായി പ്രദര്‍ശനത്തിനെത്തി. റീറിലിസായ ചോട്ടാമുംബൈ ഏറ്റെടുത്ത ലാല്‍ ആരാധകര്‍ പോലും ബറോസിനെയും കണ്ണപ്പയെയും കൈനീട്ടി സ്വീകരിച്ചില്ലെന്നതും തിയേറ്ററുകളില്‍ കണ്ടു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഓണത്തിന് പ്രദര്‍ശനത്തിനെത്തും. ബസൂക്കയും ഡൊമനിക് ആന്റ് ലേഡീസ് പേഴ്‌സുമാണ് മമ്മൂട്ടിയുടെ ചിത്രങ്ങളായെത്തിയത്. ബസൂക്ക ഫാന്‍സിനെയും ഡൊമനിക്ക് കുടുംബപ്രേക്ഷകരെയും ലക്ഷ്യമിട്ടാണ് പുറത്തിറങ്ങിയത്. ആ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

എണ്‍പതുകളിലെ മമ്മൂട്ടിയെ എഐയിലൂടെ പുനരവതരിപ്പിച്ച രേഖാചിത്രം മലയാള സിനിമി ഇതുവരെ കണ്ടിട്ടില്ലാത്ത പരീക്ഷണമാണ്. അനശ്വര രാജനും ആസിഫലിയും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം ബോക്‌സോഫീസില്‍ വന്‍പണക്കിലുക്കം സൃഷ്ടിച്ചു. ജോഫിന്‍ ടി ചാക്കോയാണ് സംവിധായകന്‍. ഖാലിദ് റഹ്‌മാന്‍ സംവിധനം ചെയ്ത ആലപ്പുഴ ജിംഖാനയില്‍ നസ്ലിനും ലുക്ക്മാനും ഗണപതിയുമൊക്കെയായിരുന്നു പ്രധാന താരങ്ങള്‍. സ്‌കൂള്‍ അവധിക്കാലത്ത് പുറത്തിറങ്ങിയ ജിംഖാനയും ശ്രദ്ധിക്കപ്പെട്ടു. കുഞ്ചാക്കോ ബോബന്‍ നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ്. ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത ഈ ഓഫീസറും ഹിറ്റായി മാറിയിരുന്നു. മുത്തങ്ങയിലെ ആദിവാസി — പൊലീസ് സംഘര്‍ഷത്തെ കേന്ദ്രീകരിച്ചാണ് അനുരാജ് മനോഹര്‍ നരിവേട്ടയെന്ന ചിത്രമൊരുക്കിയത്. ടൊവിനോ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ നരിവേട്ടയും ശ്രദ്ധിക്കപ്പെട്ടു. 

ഹാസ്യം മുഖ്യചേരുവയായി നിര്‍മ്മിച്ച പ്രിന്‍സ് ആന്റ് ഫാമിലി, മരണമാസ്, പടക്കളം തുടങ്ങിയവയും കളക്ഷന്‍ നേടിയചിത്രങ്ങളുടെ പട്ടികയില്‍ മുകളിലാണ്. സൗബിനും ബേസിലും ചെമ്പനും പ്രധാന വേഷത്തിലെത്തിയ പ്രാവിന്‍കൂട് ഷാപ്പ്, ബേസിലും ലിജിമോളും സജിന്‍ ബാബുവുമൊന്നിച്ച പൊന്‍മാന്‍, വിനീത് ശ്രീനിവായന്‍ നായകനായ ഒരു ജാതി ജാതകം, ജോജുവും സുരാജ് വെഞ്ഞാറമൂടും അലന്‍സിയറും പ്രധാന വേഷത്തിലെത്തിയ നാരായണീന്റെ മൂന്നാണ്‍മക്കള്‍, ആന്റണി വര്‍ഗീസും ലിജിമോളും ഒന്നിച്ച ദാവീദ്, സജിന്‍ ബാബുവും അനശ്വരരാജനും പ്രധാനവേഷത്തിലെത്തിയ പൈങ്കിളി, വിജയരാഘവനും ദിലീഷ് പോട്ടനും ഒന്നിച്ച ഔസേപ്പിന്റെ ഒസ്യത്ത്, ജഗദീഷ്, ഇന്ദ്രന്‍സ്, ടീമിന്റെ പരിവാര്‍, ശ്രീനാഥ് ഭാസിയുടെ ആസാദി, പുതുമുഖങ്ങളെ പ്രധാനവേഷത്തിലെത്തിച്ച മൂണ്‍വാക്ക്, ആസിഫലിയുടെ ആഭ്യന്തര കുറ്റവാളി, ദിലീഷ് പോത്തന്‍ — റോഷന്‍മാത്യു ടീമിന്റെ റോന്ത്, അനശ്വരരാജന്റെ വ്യസനസമേതം ബന്ധുമിത്രാദികള്‍ തുടങ്ങിയവയൊക്കെ തിയേറ്ററിലോ ഒടിടി പ്ലാറ്റ്‌ഫോമിലോ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളാണ്. 

വലിയ ടിക്കറ്റ് നിരക്കും മറ്റ് അനുബന്ധ ചെലവുകളും തിയേറ്ററുകളില്‍ നിന്നും പ്രേക്ഷകരെ അകറ്റിയിനിര്‍ത്തിയിട്ട് കാലങ്ങളായി. ഒടിടിയിലൂടെ സമയത്തിനും സൗകര്യത്തിനുമനസിരിച്ച് റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ സ്വീകരണമുറിയിലെത്തുന്നതുകൊണ്ട് തന്നെ തിയേറ്ററുകളിലെ ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും കുറഞ്ഞുവരികയാണ്. ഒരു ലൂസിഫറോ തുടക്കമോ രേഖാചിത്രമോ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടങ്ങളെ തിയേറ്ററിലേക്ക് വീണ്ടുമെത്തിക്കാന്‍ ചലച്ചിത്രകാരന്‍മാര്‍ക്ക് കഴിയുന്നില്ലെന്നതും വാസ്തമാണ്.
2025 ലെ ആദ്യ പകുതി പിന്നിടുന്നത് സിനിമയുടെ പേരിനും കഥാപാത്രത്തിന്റെ പേരിനും മുകളില്‍ വരെ സെന്‍സര്‍ ബോര്‍ഡ് കത്തിവയ്ക്കാനിടവരുമെന്ന ആശങ്കയുടെ നിഴലിലാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വില നല്‍കുന്ന പ്രബുദ്ധമലയാളികളെ വരെ ഫാസിസത്തിന്റെയും സംഘ്പരിവാറിന്റെയും ശക്തികള്‍ നോട്ടമിട്ടിരിക്കുന്നുവെന്നതാണ് ജാനകി വെര്‍സസസ് സ്‌റ്റേറ്റ് ഓഫ് കേരളയെ വി ജാനകിയാക്കി തിരുത്തിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ നേടിയ വിജയം.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.