12 December 2025, Friday

Related news

December 12, 2025
December 12, 2025
December 12, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025

ഇന്ത്യ പൊരുതിവീണു; ഇംഗ്ലണ്ടിന് 22 റണ്‍സ് ജയം

പരമ്പരയിൽ 2–1ന് മുന്നില്‍
Janayugom Webdesk
ലണ്ടന്‍
July 14, 2025 10:45 pm

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ 22 റൺസിനാണ് ഇന്ത്യയുടെ പരാജയം. അഞ്ചാം ദിവസം ഇം​ഗ്ലണ്ട് ഉയർത്തിയ 193 റൺ‌സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 170 റൺസിൽ എല്ലാവരും പുറത്തായി. സ്കോർ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 387, ഇന്ത്യ ആദ്യ ഇന്നിങ്സിൽ 387. ഇം​ഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 192, ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 170. 181 പന്തുകള്‍ നേരിട്ട് 61 റണ്‍സുമായി പുറത്താകാതെ ഒരറ്റത്തു നിന്ന രവീന്ദ്ര ജഡേജയുടെ പോരാട്ടം വിഫലമായി. 

നേരത്തെ അഞ്ചാം ദിവസം നാല് വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ചത്. ആദ്യ സെഷനിൽ ഇം​ഗ്ലണ്ട് പേസ് നിരയ്ക്ക് മുന്നിൽ ഇന്ത്യക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. റിഷഭ് പന്ത് ഒമ്പത്, കെ എൽ രാഹുൽ 39, വാഷിങ്ടൺ സുന്ദർ പൂജ്യം, നിതീഷ് കുമാർ റെഡ്ഡി 13 എന്നിവർ ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഡ്രസിങ് റൂമിൽ മടങ്ങിയെത്തിയിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺ‌സെന്ന നിലയിലാണ് ഇന്ത്യൻ ടീം ഉച്ചഭക്ഷണത്തിന് പിരി‍ഞ്ഞത്. എന്നാൽ രണ്ടാം സെഷനിൽ വിട്ടുകൊടുക്കാതെ പൊരുതിയ രവീന്ദ്ര ജഡേജ ഇന്ത്യക്ക് പ്രതീക്ഷ നൽകി. വാലറ്റത്ത് ജസ്പ്രിത് ബുംറ 54 പന്തുകള്‍ പ്രതിരോധിച്ച് നേടിയ അഞ്ച് റണ്‍സും അവസാനമിറങ്ങിയ മുഹമ്മദ് സിറാജ് 30 പന്തുകള്‍ നേരിട്ട് നാല് റണ്‍സെടുത്തും ജഡേജയ്ക്ക് ഉറച്ച പിന്തുണ നല്‍കിയതോടെ ഒരുവേള ഇന്ത്യ ജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. 

ജസ്പ്രീത് ബുംമ്രയെ കൂട്ടുപിടിച്ച് ഒമ്പതാം വിക്കറ്റിൽ 35 റൺസ് കൂട്ടിച്ചേർക്കാൻ‌ ജഡേജയ്ക്ക് കഴിഞ്ഞു. ഈ കൂട്ടുകെട്ട് 22 ഓവറോളം നീണ്ടുപോയി. ബുംറെയെ ബെൻ സ്റ്റോക്സ് മടക്കിയപ്പോഴും ജഡേജ കീഴടങ്ങാൻ തയ്യാറായില്ല. അവസാന വിക്കറ്റിൽ മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് ജഡേജ പോരാട്ടം തുടർന്നു. ഒടുവിൽ 30 പന്തിൽ നാല് റൺസെടുത്ത മുഹമ്മദ് സിറാജിനെ ഷൊയ്ബ് ബഷീര്‍ പുറത്താക്കിയതോടെ ഇം​ഗ്ലണ്ട് ലോഡ്സ് ടെസ്റ്റിൽ വിജയം ആഘോഷിച്ചു.
ഇംഗ്ലണ്ട് ബൗളിങ് നിരയിൽ ജൊഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബ്രയ്ഡന്‍ കര്‍സ് രണ്ട് വിക്കറ്റെടുത്തു. ഷൊയ്ബ് ബഷീര്‍, ക്രിസ് വോക്‌സ് ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. പരമ്പരയിൽ മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ ഇം​ഗ്ലണ്ട് 2–1ന് മുന്നിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.