
കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. വാധ്രയുടെ 36 കോടി വിലമതിക്കുന്ന 43 സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഇഡി തീരുമാനിച്ചു. ഹരിയാനയിലെ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ചണ്ഡീഗഢിലെ ഗുരുഗ്രാം ഷിക്കോപൂരിലെ 3.53 ഏക്കര്‍ ഭൂമിയിടപാടിലാണ് നടപടി. ഒരു ക്രിമിനല്‍ കേസില്‍ ആദ്യമായാണ് റോബര്‍ട്ട് വാധ്രക്കെതിരെ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിക്കുന്നത്. യുകെ ആസ്ഥാനമായുള്ള ആയുധ വിതരണക്കാരന്‍ സഞ്ജയ് ഭണ്ഡാരിക്കെതിരായ കേസ്, രാജസ്ഥാനിലെ ബിക്കാനീറിലെ ഭൂമി ഇടപാട് എന്നിവയുൾപ്പെടെ രണ്ട് കേസുകളിൽ വാധ്രയ്ക്കെതിരെ ഇഡി അന്വേഷണം നടന്നു വരുന്നുണ്ട്.
മനേസർ — ഷിക്കോപൂരിലെ (ഇപ്പോൾ സെക്ടർ 83) ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വാധ്രയ്ക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. 2008 ഫെബ്രുവരിയിൽ വാധ്ര നേരത്തെ ഡയറക്ടറായിരുന്ന സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കരാറുണ്ടാക്കിയത്. ഓംകാരേശ്വര്‍ പ്രോപ്പട്ടീസില്‍ നിന്നും 3.5 ഏക്കര്‍ ഭൂമി 7.5 കോടി രൂപയ്ക്ക് സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി വാങ്ങുകയായിരുന്നു.
കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹുഡയുടെ കാലത്താണ് ഇടപാട് നടന്നത്. നാല് വര്‍ഷത്തിന്ശേഷം 2012ല്‍ പ്രസ്തുത ഭൂമി 58 കോടിക്ക് റിയല്‍ എസ്റ്റേറ്റ് ഭീമനായ ഡിഎല്‍എഫിന് കൈമാറിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്നാണ് ഇഡി ആരോപിക്കുന്നത്. 2012 ഒക്ടോബറില്‍ ഹരിയാന ലാന്‍ഡ് കണ്‍സോളിഡേഷന്‍ ആന്റ് ലാന്‍ഡ് റെക്കോഡ്സ് ഇന്‍സ്പെക്ടര്‍ ഓഫ് രജിസ്ട്രേഷന്‍ ഡയറക്ടര്‍ ജനറലായിരുന്ന അശോക് ഖേംക ഇടപാട് റദ്ദാക്കിയിരുന്നു. സംസ്ഥാന ഏകീകരണ നിയമത്തിലും അനുബന്ധ നടപടിക്രമങ്ങളിലും ലംഘനം നടന്നുവെന്ന് കാട്ടിയാണ് ഇടപാട് റദ്ദാക്കിയത്.
എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടില്ലെന്നാണ് റോബര്‍ട്ട് വാധ്ര അവകാശപ്പെടുന്നത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ തന്നെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് വേട്ടയാടുന്നതെന്ന് വാധ്ര ചൂണ്ടിക്കാട്ടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.