
സംവിധായകൻ ശ്രീദേവ് കപ്പൂർ രചനയും സംവിധാനവും നിർവഹിച്ച പുതിയ ചിത്രം ‘ജഗള’ തിയേറ്ററിലെത്തി. മലയാളത്തിലെ പല ചലച്ചിത്ര പ്രതിഭകളും ശ്രമിച്ചിട്ടും നടക്കാതെ പോയ മലമ്പാർ കലാപം സിനിമയാക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമെന്ന് സംവിധായകൻ ശ്രീദേവ് കപ്പൂർ പറയുന്നു. കാനഡ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ പോലെയുള്ള നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം പരിഗണിക്കപ്പെട്ടു. ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമായിരിക്കാം മറ്റ് മേളകളില്‍ ചിത്രം പരിഗണിക്കപ്പെടാതെ പോയതെന്ന് സംവിധായകൻ ശ്രീദേവ് കപ്പൂർ പറയുന്നു. ശക്തമായ കഥയാണ് ചിത്രം പറയുന്നത്.
ലൗ എഫ് എം എന്ന ചിത്രത്തിന് ശേഷം ശ്രീദേവ് കപ്പൂർ മലബാർ ലഹളയുടെ പശ്ചാത്തലത്തിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജഗള’ കർഷകന്റെ മണ്ണും മനസും വിയർപ്പും വിശപ്പും ഇഴചേർന്ന ഏറനാടൻ മണ്ണിലെ ഒരു ഗ്രാമത്തിൽ കലാപത്തിന്റെ ഭീതിയിൽ ജീവിക്കേണ്ടി വരുന്ന ഒരു കൂട്ടം നിഷ്കളങ്കരായ മനുഷ്യരുടെ കഥയാണ് ജഗള പറയുന്നത്. കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ, സജിത്ത് പണിക്കർ, ജിതേഷ് പണിക്കർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ശ്രീദേവ് കപ്പൂർ ആന്റ് മുരളി റാം എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. മറീന മൈക്കിൾ, സന്തോഷ് കീഴാറ്റൂർ, സുനിൽ സുഗത, ബിറ്റോ ഡേവിഡ്, ബാലചന്ദ്രൻ ചുള്ളിക്കാട്, അപ്പുണ്ണി ശശി തുടങ്ങിയവരും അഭിനയിക്കുന്നു. നിരവധി നാടക കലാകാരമാരെയും പുതുമുഖങ്ങളെയും ഈ സിനിമയിലൂടെ ശ്രീദേവ് കപ്പൂർ പരിചയപ്പെടുത്തുന്നുണ്ട്. സംസ്ഥാന അവാർഡ് ജേതാവും പ്രശസ്ത സംവിധായകനുമായ സനൽ കുമാർ ശശിധരന്റെ സംവിധാന സഹായിയായി 2007 ലാണ് ശ്രീദേവ് കപ്പൂരിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. സംവിധായകരായ ഹരികുമാർ, കെ കെ ഹരിദാസ്, സുനിൽ, ഹരിദാസ്, ശരത് ചന്ദ്രൻ വയനാട്, സലിം ബാബ, ജയൻ പൊതുവാൾ, ഷാനു സമദ് തുടങ്ങി മലയാള സിനിമ രംഗത്തെ നിരവധി പേരുടെ അസോസിയേറ്റ് ഡയറക്ടരായി ശ്രീദേവ് കപ്പൂർ പ്രവർത്തിച്ചുണ്ട്.
**********
സ്കൂൾ കാലഘട്ടം മുതൽ കലാരംഗത്തു സജീവമായിരുന്നു. അച്ഛനായിരുന്നു കലാ രംഗത്ത് എത്താനുള്ള പ്രചോദനം നൽകിയത്. അച്ഛൻ നല്ലൊരു ചിത്രകാരനും ശില്പിയും വാസ്തുവിദഗ്ധനുമാണ്. അച്ഛനാണ് കലാ വാസന തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ ചിത്രരചനയിലും ശില്പകലയിലുമൊക്കെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. അച്ഛനെ പോലെ ഞാനും ഒരു ചിത്രകാരനും ശില്പിയുമായി കാണാനാണ് അച്ഛൻ ആഗ്രഹിച്ചത്. അതുകൊണ്ടാണ് അച്ഛൻ ആ മേഖലയിൽ പ്രോത്സാഹനം തന്നിരുന്നത്. പക്ഷെ, ഞാൻ തെരെഞ്ഞെടുത്ത വഴി സിനിമയായിരുന്നു. പാലക്കാട് ജില്ലയിൽ കപ്പൂർ എന്നൊരു ഉൾനാടൻ ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. ഒരു തരത്തിലും സിനിമാ പാരമ്പര്യമില്ലാത്ത ഒരു കുടുംബമാണ് എന്റേത്. പക്ഷെ എംടിയും മഹാകവി അക്കിത്തവും പഠിച്ച കുമരനെല്ലൂർ ഗവണ്മെന്റ് സ്കൂളിലാണ് എന്റെ ഹൈസ്കൂൾ വിദ്യാഭ്യാം. പഠന കാലഘട്ടത്തിൽ എംടിയുടെയും അക്കിത്തത്തിന്റെയും പ്രോത്സാഹനം ലഭിക്കാൻ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ. അത് ഒരു പരിധി വരെ എന്നിലെ കലാകാരന്റെ വളർച്ചയെ സ്വാധീനിച്ചട്ടുണ്ട്.
*************************
ഒരു ഫിലിം മേക്കർ ആവണം എന്ന് ഉറച്ച തീരുമാനം എടുക്കുന്നത് കോളജ് പഠന കാലത്താണ്. ഒരുപാട് വർഷങ്ങൾ സിനിമാ മേഖലയിൽ എത്താനുള്ള വഴി അന്വേഷിച്ചു നടന്നിട്ടുണ്ട്. ഒരുപാട് പേരുടെ അടുത്ത് ചാൻസ് ചോദിച്ചു അലഞ്ഞിട്ടുണ്ട്. പലരും കൂടെ നിർത്താൻ തയ്യാറായില്ല. അങ്ങനെ സ്വന്തമായി ഭാരതപ്പുഴയെ അടിസ്ഥാനമാക്കി ‘പുഴയുടെ സ്വപ്നം’ എന്നൊരു ഡോക്യൂമെന്ററി സംവിധാനം ചെയ്തു. അതിന്റെ ജോലിക്കിടയിൽ കാദർ കൊച്ചന്നൂർ എന്നൊരു സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറെ പരിചയപ്പെട്ടു. അതാണ് ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയത്. അങ്ങനെ സംവിധായകൻ സനൽ കുമാർ ശശിധരനെ പരിചയപ്പെടാനും അദ്ദേഹത്തിന്റെ കൂടെ സംവിധാനസഹായിയായി സിനിമ മേഖലയിലേക്ക് എത്താനും സാധിച്ചു. 10 ഓളം സംവിധായകരുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു.
************
സിനിമ ജാഫർ ഇടുക്കി നായകനായ ആലിയാന്റെ റേഡിയോ എന്നൊരു സിനിമയാണ് ആദ്യം ചെയ്തത്. അത് പാതി വഴിയിൽ നിന്നുപോയി. വളരെ പ്രതീക്ഷയോടെ ചെയ്ത സിനിമയായിരുന്നു. അതിന് ശേഷം ലവ് എഫ് എം എന്ന സിനിമ സംവിധാനം ചെയ്തു.
ഈയടുത്തായി ഹെൽപ്പർ എന്നൊരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. നിരവധി അവാർഡുകൾ നേടിയ ചിത്രമാണത്. ബെസ്റ്റ് ആക്ടർ അവാർഡും ബെസ്റ്റ് ആക്ട്രസിനുള്ള അവാർഡും മികച്ച ചിത്രത്തിനും മികച്ച തിരക്കഥയ്ക്കുമുള്ള അവാർഡും നേടി. നിരവധി ഫെസ്റ്റിവലുകളിൽ ശ്രദ്ധ നേടി. അതോടൊപ്പം സമൂഹമാധ്യമങ്ങളില്‍ നല്ല അഭിപ്രായവും ഹെൽപ്പർ നേടിയിരുന്നു.
**************
ഒരു സംവിധായകൻ എന്ന നിലയിൽ ഒരു ഡ്രീം പ്രൊജക്ട് എനിക്കില്ല. ഓരോ സിനിമയും ഒരു സംവിധായകനെ സംബന്ധിച്ച് ഡ്രീം പ്രൊജക്ടാണ്. സിനിമ ഒരു പാഷനായി കാണുന്ന ഏതൊരു സംവിധായകനും ഒരു സിനിമയ്ക്ക് ശേഷം മറ്റൊരു സിനിമ സൃഷ്ടിക്കാനുള്ള മോഹത്തോടെയുള്ള യാത്രയായി സ്വയം ജീവിതം മാറുകയാണ്. ഞാനും ആ പാതയിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ഭാവിയിൽ നല്ല സിനിമകൾ സംഭവിക്കുമെന്നാണ് പ്രതീക്ഷ.
***********************
പ്രേക്ഷകർക്ക് സിനിമകളോടുള്ള സമീപനം ഒരുപാട് മാറിയിട്ടുണ്ട്. അവിശ്വസിനീയമായ കഥകൾ വിശ്വസിക്കുന്ന തരത്തിലേക്ക് പ്രേക്ഷകരുടെ മനസ് മാറിയിട്ടുണ്ട്. അത്തരം സിനിമകൾ ഒരുക്കാൻ പുതിയ തലമുറയിലെ ചില സംവിധായകർ വിജയിച്ചിട്ടുമുണ്ട്. നമ്മൾ ഇഷ്ടപ്പെടുന്ന സിനിമകൾ ചെയ്തു സിനിമാ മേഖലയിൽ നിലനിൽക്കാൻ സാധിക്കുന്ന സാഹചര്യം ഇന്ന് ഈ മേഖലയിൽ ഇല്ല. പ്രേക്ഷർക്ക് ഇഷ്ടപ്പെടുന്ന സിനിമ ചെയ്യാൻ തയ്യാറാവുക എന്ന് മാത്രമാണ് ഏക പോംവഴി.
************************************
താരങ്ങൾ സിനിമയുടെ ഭാഗമാവുമ്പോഴാണ് സിനിമ സംഭവിക്കാൻ സാധ്യത ഏറുന്നത്. അങ്ങനെ വരുമ്പോൾ മാത്രമേ പ്രേക്ഷകരെ ആകർഷിക്കുന്ന സിനിമകൾ ഒരുക്കാൻ ഒരു സംവിധായാകന് സാധിക്കുകയുള്ളു. നമ്മൾ ഇഷ്ടപ്പെടുന്ന സിനിമകൾ ചെയ്യാൻ താരങ്ങളുടെ സാന്നിധ്യം ആവശ്യമില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ, അത് പ്രേക്ഷകർ സ്വീകരിക്കണമെന്നില്ല. പുതിയ രീതിയിൽ സിനിമകളെ സമീപിക്കുമ്പോഴും എന്നെ സ്വാധീനിക്കുന്നത് ഇപ്പോഴും പഴയ സിനിമകൾ തന്നെയാണ്. സിനിമയുടെ സുവർണകാലഘട്ടത്തിൽ പിറന്ന ജീവിതഗാന്ധിയായ സിനിമകൾ തന്നെയാണ് എന്നിലെ സംവിധായകനെ ഇപ്പോഴും ഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.