15 December 2025, Monday

രാമായണ വായനയിൽ നമ്മുടെ പക്ഷം ഏത്?

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
നരോത്തമായനം രാമായണം
July 20, 2025 4:40 am

രാമനായീടാനോ രാവണനാകാനോ
രാമായണത്തിന്റെ പാരായണം…? ”
എന്ന് പുതുക്കാട് കൃഷ്ണകുമാർ എന്ന കവി എഴുതിയിട്ടുണ്ട്. കവിയുടെ ഈ ചോദ്യം രാമായണം വായിക്കുന്നവരെല്ലാം ചോദിക്കുകയും ഉത്തരം തേടുകയും വേണം. എന്നാൽ മാത്രമേ ഓരോ വായനക്കാരനും തന്റെ പക്ഷം ഏതെന്ന് കണ്ടെത്താനാവൂ. പലവുരു രാമായണം വായിച്ചപ്പോൾ എനിക്കു തോന്നിയത് പ്രധാനമായും ആറ് പക്ഷങ്ങൾ രാമായണവായനയിൽ ഉണ്ടാവും എന്നാണ്. രാമപക്ഷം, രാവണപക്ഷം, സീതാപക്ഷം, ഭരതപക്ഷം, ഊർമ്മിളാപക്ഷം, ഹനുമൽപക്ഷം ഇതാണ് രാമായണവായന ആവർത്തിച്ചു ചെയ്യുമ്പോൾ ഉള്ളിൽ തെളിഞ്ഞുവരുന്ന പ്രധാനപ്പെട്ട പക്ഷങ്ങൾ. ഇതിൽ പ്രധാനപക്ഷം രാമപക്ഷവും രാവണപക്ഷവും തന്നെ. രണ്ടിന്റെയും പോരായ്മ മനസിലാക്കാൻ സീതാപക്ഷം സഹായിക്കും. സീതയ്ക്ക് രാമനും ജയ് വിളിക്കാനാവില്ല, രാവണനും ജയ് വിളിക്കാനാവില്ല. നായകനും പ്രതിനായകനും ജയ് വിളിക്കാനാകാത്ത ഒരു നായികയെ അവതരിപ്പിച്ചു എന്നതു വാല്മീകി മഹർഷിയുടെ സർഗാത്മക വൈഭവം തന്നെയാണ്. കുമാരനാശാന്റേത് സീതാപക്ഷം ആയിരുന്നു. അതുകൊണ്ടുതന്നെയാണ് ‘പടു രാക്ഷസ ചക്രവർത്തിയെന്നുടൽ മോഹിച്ചതു ഞാൻ പിഴച്ചതോ?’ എന്ന ചോദ്യത്തിലൂടെ ഒരേസമയം രാമനെയും രാവണനെയും ചിന്താവിഷ്ടയായ സീത വിചാരണ ചെയ്യുന്നത്. എന്തായാലും രാമായണം വായിച്ചാൽ സംവേദനക്ഷമതയുള്ളവർക്കെല്ലാം ഒരു പക്ഷം ഉണ്ടാവും. അതു മിക്കവാറും രാമപക്ഷവും അപൂർവമായി രാവണപക്ഷവും അത്യപൂർവമായി സീതാപക്ഷവും ആയിരിക്കുകയും ചെയ്യും. 

അമ്പതോ അറുപതോ കൊല്ലങ്ങൾക്കുമുമ്പ് ശൂദ്രരോ അവർണരോ ഒന്നും രാമായണം വായിച്ചിരിക്കാൻ ഇടയില്ല. അതിനു കാരണം സാക്ഷരത ഇല്ലായിരുന്നു എന്നതാണ്. പക്ഷേ അന്നും ഇന്നും രാമനെ അറിയാത്തവർ ഉണ്ടായിരുന്നില്ല. സീതയെയും രാവണനെയും അറിയാത്തവർ ഉണ്ടായിരുന്നില്ല. കാരണം എല്ലാ കാര്യവും വായിച്ചറിയണമെന്നില്ല കേട്ടറിഞ്ഞാലും മതി. കേട്ടറിഞ്ഞാണ്, കാതോടു കാതോരമായാണ് രാമകഥ സർവജനങ്ങളും അറിയുന്ന നില ഉണ്ടായത്. കേട്ടറിഞ്ഞതായാലും വായിച്ചറിഞ്ഞതായാലും അറിവുകൾ ജീവിതത്തെ സ്വാധീനിക്കും. രാമകഥയുടെ ജനജീവിത സ്വാധീനവും ഇങ്ങനെ ഉണ്ടായതാണ്.
ഒരു പെണ്ണിനെ മാത്രം പ്രണയിക്കുന്ന ആളെ ‘ആളൊരു ശ്രീരാമനാണെ‘ന്നും അനേകം പെണ്ണുങ്ങളെ പ്രേമിക്കുന്ന ആളെ ‘ആളൊരു ശ്രീകൃഷ്ണനാണെ‘ന്നും വിലയിരുത്തുന്ന വിധത്തിലുള്ള നാട്ടുമൊഴി വഴക്കങ്ങളുണ്ടായത് കേട്ടറിഞ്ഞ കഥകളിലൂടെയാണ്. ഈ കേട്ടറിഞ്ഞ രാമകഥ പാട്ടുകളായപ്പോഴാണ് മാപ്പിള രാമായണവും വയനാടൻ (ആദിവാസി) രാമായണവും ഉൾപ്പെടുന്ന നാടൻപാട്ടുകളും ഉണ്ടായത്. രാമനെ അറിയില്ലെന്നും ദളിതർ രാമായണം വായിച്ചിട്ടില്ലെന്നും പറയുന്ന അരങ്ങ് വിപ്ലവകാരികളും ഗവേഷക വിപ്ലവകാരികളും അറിവുല്പാദനത്തിൽ കേട്ടറിവിനുള്ള സ്ഥാനം അംഗീകരിക്കാത്തവരാണ്. വൈചിത്ര്യം എന്താണെന്നുവച്ചാൽ രാമകഥയുടെ കേട്ടറിവു പ്രഭാവം ലവലേശം പരിഗണിക്കാത്ത ഇക്കൂട്ടർക്ക് തങ്ങൾ പാടുന്നതും പറയുന്നതും നാട്ടാരെല്ലാം കേൾക്കണം എന്ന കലശലായ ആഗ്രഹവും നല്ല ബോധ്യവും ഉണ്ടെന്നതാണ്. 

കേട്ടറിഞ്ഞ രാമായണത്തിൽ ജനമനസ് ബഹുഭൂരിപക്ഷവും രാമപക്ഷത്തേക്കാണ് ചായുന്നത്. എന്താണതിനു കാരണം…? ഗാന്ധിജിയുടെ രാമരാജ്യമോ ഗോഡ്സെയുടെ ഹിന്ദു രാഷ്ട്രമോ മനുവിന്റെ ചാതുർവർണ്യാധിഷ്ഠിത ധർമ്മരാഷ്ട്രമോ നിലവിൽ വരണം എന്ന ആഗ്രഹമുള്ളതിനാലാണ് രാമായണം കഥ അറിഞ്ഞവർ രാമപക്ഷത്തേക്ക് മനസുകൊണ്ട് ചാഞ്ഞുപോകുന്നത് എന്ന് പറയാനാകില്ല. പിന്നെയോ, ബഹുഭൂരിപക്ഷം മനുഷ്യരും കുടുംബ ജീവികളാണ് എന്നതിനാലാണ് ആ പക്ഷത്തോട് ഹൃദയം ചേർച്ചയിലായിപ്പോകുന്നത്. മകൻ, സഹോദരൻ, ശിഷ്യൻ, ഭർത്താവ്, സുഹൃത്ത്, ഭരണാധികാരി, ശത്രു എന്നിങ്ങനെ ഏതു നിലയിൽ നോക്കിയാലും മൂക്കത്തു വിരൽ വച്ചു കഷ്ടം എന്നു പറയേണ്ടി വരാത്ത വിധം ജീവിച്ച ശ്രീരാമനിൽ, അന്തസുള്ള കുടുംബജീവിയെ ആണ് കുടുംബജീവികളായ വായനക്കാർ കണ്ടെത്തുന്നത്. 

സഹധർമ്മിണിയായ സീതയോട് രാമൻ നീതി ചെയ്തില്ല എന്ന് ഉത്തരരാമായണം മുൻനിർത്തി ചിന്തിച്ചാൽ തോന്നാം. സീതാപതിയായ രാമൻ അയോധ്യാപതിയായപ്പോൾ നാട്ടാരുടെ പരദൂഷണം കേട്ട് സീതയെ കാട്ടിൽത്തള്ളി. ഭരണാധികാരി ഭാര്യക്കുവേണ്ടി നാട്ടുകാരെ തള്ളണോ അതോ നാട്ടുകാർക്ക് വേണ്ടി ഭാര്യയെ തള്ളണോ…? ഈ ചോദ്യം ഉയരുന്നതോടെ സീതയെ കാട്ടിൽത്തള്ളിയ അനീതിക്ക് കാഠിന്യം കുറയുന്ന വിധത്തിൽ ഒരു മാതൃകാ ഭരണനീതിയുടെ നേർത്തവെളിച്ചം രാമവ്യക്തിത്വത്തിൽ കടന്നിരിപ്പു നടത്തുമെന്നു കാണാം. ഈ സീതാപരിത്യാഗം ഒഴിവാക്കിയാൽ സീതയുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ പറ്റാവുന്ന വിധത്തിലെല്ലാം സസന്തോഷം തയ്യാറായ ഒരു മാതൃകാ ഭർത്താവിനെ രാമനിൽ കാണാം.
സീതാപരിത്യാഗത്തിനുശേഷം അവസരം സുലഭമായിട്ടും, നിർബന്ധങ്ങൾ ഗുരുജനങ്ങളിൽ നിന്നുണ്ടായിട്ടും സീതയല്ലാതൊരു സ്ത്രീയെ ധർമ്മപത്നി സ്ഥാനത്തു കൊണ്ടുവരാൻ രാമൻ തയ്യാറായില്ല എന്ന അറിവ് സീതാഹൃദയത്തിൽ ഉണ്ടാക്കിയ വൈകാരികോന്മേഷം എത്ര വലുതായിരിക്കും! കുടുംബജീവികളായ മനുഷ്യരുടെ മാതൃകയാവാൻ ഗാന്ധിജിയെക്കാളും എംജിആറിനേക്കാളും യോഗ്യത ശ്രീരാമനുണ്ടെന്നു ജനങ്ങൾ മനസിലാക്കിയതിനാലാണ് രാമകഥ എല്ലാ വിഭാഗം ജനങ്ങളും ഏറ്റെടുത്തത്. 

(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.