
കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാന്‍ പാകിസ്ഥാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ജൂലൈ മാസത്തിൽ യുഎൻ രക്ഷാസമിതി അധ്യക്ഷസ്ഥാനം വഹിക്കുന്നത് പാകിസ്ഥാനാണ്. ഈ കാലയളവിൽ കശ്മീർ വിഷയം ചർച്ചയ്ക്കെത്തിക്കാനുള്ള നീക്കമാണ് അവര്‍നടത്തുന്നത്. ഐക്യരാഷ്ട്രസഭ രക്ഷാസമിതി അധ്യക്ഷസ്ഥാനം ഇന്ത്യക്കെതിരെ ഉപയോഗിക്കാനുള്ള നീക്കവുമായിട്ടാണ് അവര്‍ കരുതുന്നത്.
രണ്ട് സുപ്രധാന പരിപാടികളാണ് അധ്യക്ഷസ്ഥാനം വഹിക്കുന്ന ഈ കാലയളവിൽ പാകിസ്ഥാന്‍ സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര തർക്കങ്ങളുടെ സമാധാനപരമായ പരിഹാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല തുറന്ന സംവാദമാണ് ആദ്യത്തെ പരിപാടി. ഈ ആഴ്ചയാണ് സംവാദം. ഈ തുറന്ന സംവാദത്തിനിടെ കശ്മീർ വിഷയം ഉന്നയിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
അന്താരാഷ്ട്ര വേദിയിൽ കശ്മീർ വിഷയം ചർച്ചയ്ക്കെത്തിക്കാനുള്ള നീക്കം കാലങ്ങളായി അവരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്. കശ്മീർ തർക്കം പരിഹരിക്കേണ്ട സമയമാണിതെന്നും ഇത് പാകിസ്ഥാന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നുമായിരുന്നു ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി അസിം ഇഫ്തിഖാർ അഹമ്മദ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും യുഎന്നും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ചുള്ള ഒരു വിശദീകരണ യോഗമാണ് രണ്ടാമത്തെ സുപ്രധാന പരിപാടി. 1969‑ൽ രൂപീകൃതമായ ഒഐസിയിൽ 57 രാജ്യങ്ങൾ അംഗങ്ങളാണ്. 2019‑ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം, ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടുകളെ ഈ കൂട്ടായ്മ ആവർത്തിച്ച് ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട്.
കുറച്ചുകാലമായി ഒഐസി ഐക്യരാഷ്ട്രസഭയിൽ തങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കാൻ ശ്രമിച്ചുവരികയാണ്. 2024 നവംബറിൽ, അന്താരാഷ്ട്ര സുരക്ഷ, മനുഷ്യാവകാശം, ഭീകരവാദ വിരുദ്ധ പ്രവർത്തനം, മാനുഷിക വിഷയങ്ങൾ എന്നിവയിൽ ഒഐസിയുമായി സഹകരണം വർദ്ധിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു പ്രമേയം യുഎൻ പൊതുസഭ പാസാക്കിയിരുന്നു.
ഒഐസിയും യുഎന്നും തമ്മിൽ മെച്ചപ്പെട്ട ഒരു പ്രാദേശിക പങ്കാളിത്തത്തിനായി പാകിസ്ഥാന്‍ സമ്മർദ്ദം ചെലുത്തുമെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാന്റെ നീക്കത്തെ ഇന്ത്യ എതിർത്തേക്കുമെന്നാണ് വിവരം. ഈ മാസം അവസാനം, പാകിസ്ഥാന്‍ യുഎൻ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം പനാമയ്ക്ക് കൈമാറും. 2026 ഡിസംബർ 31 വരെ യുഎൻഎസ്‌സിയിലെ 10 സ്ഥിരമല്ലാത്ത അംഗങ്ങളിൽ ഒന്നായി പാകിസ്ഥാന്‍ തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.