
അലറി മുഴക്കിയ മുദ്രാവാക്യങ്ങൾ കൊണ്ട് പ്രകമ്പനം കൊണ്ട അന്തരീക്ഷത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കി വി എസ് എന്ന ചുവന്ന നക്ഷത്രത്തിന് അന്ത്യാഞ്ജലി. പെരുമഴയെ തോൽപ്പിച്ച്, തിമിർത്ത് പെയ്ത ജനക്കൂട്ടത്തെ സാക്ഷിയാക്കി നാടിന്റെ ചുവന്ന നക്ഷത്രം തന്റെ പ്രിയസഖാകൾക്കൊപ്പം ചേർന്നു.
പുന്നപ്ര രക്തസാക്ഷികളും പി കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള കമ്യുണിസ്റ്റ് നേതാക്കളും അന്ത്യ വിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലെ പ്രത്യേകം തയാറാക്കിയ ചിതയിലേക്ക് രാത്രി 9.16ന് മകൻ വി എ അരുൺ കുമാർ അഗ്നിപകർന്നു.
സിപിഐ നേതാക്കളായ ടി വി തോമസിന്റെയും പി ടി പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് സമീപത്താണ് വിഎസിനും ചിതയൊരുക്കിയത്. സിപിഐ(എം) ജനറൽ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് അനുശോചന യോഗവും ചേർന്നു. സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര ജനസാഗരത്തിന് നടുവിലൂടെ ഇന്ന് രാവിലെ കൊല്ലവും ആലപ്പുഴയും പിന്നിട്ടാണ് വി എസിന്റെ സ്വന്തം വേലിക്കകത്ത് വീട്ടിലേക്ക് എത്തിയത്.
22 മണിക്കൂറുകൾ പിന്നിട്ട വിലാപയാത്രയ്ക്കാണ് കേരളം ഒരു രാത്രിയും രണ്ട് പകലും സാക്ഷ്യം വഹിച്ചത്. കുടുംബാംഗങ്ങള്‍ക്ക് വി എസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ വീടിനുള്ളില്‍ പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. ശേഷം പൊതുദര്‍ശനത്തിനായി മുറ്റത്ത് തയ്യാറാക്കിയ പന്തലിലേക്ക് ഭൗതിക ശരീരം മാറ്റുകയായിരുന്നു. പിന്നീട് സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫിസിലും ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വെച്ചശേഷമാണ് ഭൗതിക ശരീരം വലിയ ചുടുകാട്ടിൽ എത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.