22 January 2026, Thursday

ജനാദേശം കവർന്നെടുക്കാൻ അനുവദിക്കരുത്

Janayugom Webdesk
July 25, 2025 5:00 am

പാർലമെന്റിന്റെ ഇരുസഭകളും വർഷകാല സമ്മേളനത്തിന്റെ നാലാം ദിവസവും കാര്യമായ നടപടികളൊന്നും കൂടാതെ തടസപ്പെട്ടു. ബിഹാറിലെ വോട്ടർ പട്ടികയുടെ ‘പ്രത്യേക തീവ്ര പുനരവലോകനം’ സഭാനടപടികൾ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാൻ ഭരണപക്ഷം വിസമ്മതിക്കുന്നതാണ് സഭാ സ്തംഭനത്തിലേക്ക് നയിക്കുന്നത്. ഇതേ വിഷയത്തിൽ ബിഹാർ നിയമസഭയിലും ബുധനാഴ്ച പ്രക്ഷുബ്ധമായ രംഗങ്ങൾ അരങ്ങേറുകയുണ്ടായി. വോട്ടർ പട്ടികയുടെ തീവ്ര പുനരവലോകനം ബിഹാറിന്റെ സാമൂഹിക രാഷ്ട്രീയരംഗങ്ങളിൽ സൃഷ്ടിച്ചേക്കാവുന്ന വ്യാപക സംക്ഷോഭത്തിന്റെ മുന്നോടിക്കാണ് പാർലമെന്റും ബിഹാർ നിയമസഭയും സാക്ഷ്യം വഹിക്കുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ബിഹാർ മാതൃകയിൽ രാജ്യവ്യാപകമായി വോട്ടർ പട്ടിക പുനരവലോകനത്തിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറെടുക്കുന്നത് എന്നത് വിഷയം നിയമനിർമ്മാണ സഭകളിൽ മാത്രമായി ഒതുങ്ങില്ലെന്ന സൂചനയാണ് നൽകുന്നത്. ബിഹാറിൽ തീവ്ര പുനരവലോകനത്തിന്റെ ഭാഗമായി വോട്ടർമാരുടെ അപേക്ഷകളും വോട്ടവകാശം സാധൂകരിക്കുന്നതിന് ആവശ്യമായ സാക്ഷ്യപത്രങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാനദിവസമാണ് ഇന്ന്, ജൂലൈ 25. ഇതിനോടകം 70 ലക്ഷത്തിൽപരം വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്നും നീക്കപ്പെടുമെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. 52.23 ലക്ഷം വോട്ടർമാരുടെ പേരുകൾ ഇതിനകം പട്ടികയിൽനിന്നും നീക്കം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നു. 21.35 ലക്ഷം വോട്ടർമാർ ഇതുവരെ നിർദിഷ്ട അപേക്ഷകളും രേഖകളും സമർപ്പിക്കേണ്ടതായിട്ടുണ്ട്. ഇത്തരത്തിൽ പട്ടികയിൽനിന്നും നീക്കംചെയ്യപ്പെടുന്നവർ ദളിത്, ആദിവാസി, മതന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവരാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തങ്ങളുടെ വിജയസാധ്യതയ്ക്ക് മങ്ങലേല്പിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്ന ജനവിഭാഗങ്ങളെ കൂട്ടത്തോടെ വോട്ടർ പട്ടികയിൽനിന്നും വെട്ടിനീക്കാനുള്ള ഭരണകൂട വൃത്തങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ ബിഹാറിൽ നടക്കുന്നതും തുടർന്ന് രാജ്യവ്യാപകമായി നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതുമായ പ്രത്യേക തീവ്ര പുനരവലോകന പ്രക്രിയ എന്നാണ് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കുന്നത്. ഇക്കാര്യത്തിൽ എൻഡിഎ സ­ഖ്യകക്ഷികൾ പലതും തങ്ങളുടെ ആശങ്കകള്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്.
പ്രതിപക്ഷ പാർട്ടികളുമായി മതിയായ ആലോചനകളും സമവായവും കൂടാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ ആരംഭിച്ചിട്ടുള്ള വോട്ടർ പട്ടിക പുനഃപരിശോധന മഹാരാഷ്ട്ര മാതൃകയിൽ പട്ടികയിൽ തിരിമറി നടത്തി ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം സുഗമമാക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷവും നിരവധി സ്വതന്ത്ര പൗരസംഘടനകളും കരുതുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ തൊട്ടുമുമ്പു നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നതിനേക്കാൾ ഒരുകോടി വോട്ടർമാർ അധികമായി കടന്നുകൂടിയത് എ­ങ്ങനെയെന്ന് വിശദീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് ഇനിയും കഴിഞ്ഞിട്ടില്ല. യന്ത്ര വായന സാധ്യമായ വോട്ടർ പട്ടിക, പരിശോധനയ്ക്കായി നൽകണമെന്ന പ്രതിപക്ഷ ആവശ്യവും കമ്മിഷൻ നിരാകരിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പോളിങ്ങിന്റെ അവസാന മണിക്കൂറിൽ വോട്ട് രേഖപ്പെടുത്തിയവരുടെ അസാധാരണ എണ്ണപ്പെരുപ്പം വിശദീകരിക്കാനും കമ്മിഷൻ വിസമ്മതിക്കുന്നു. പോളിങ്ങുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള പ്രതിപക്ഷ ആവശ്യത്തിനെതിരെ ചട്ട ഭേദഗതിയിലൂടെ അത്തരം പരിശോധനതന്നെ അസാധ്യമാക്കി തീർക്കുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ. 

ഇന്ത്യയിലെ ഇതര ഭരണഘടനാ സ്ഥാപനങ്ങൾ എന്നതുപോലെ തെരഞ്ഞെടുപ്പ് കമ്മിഷനെയും ഭരണകൂടത്തിന്റെ സമ്പൂർണ നിയന്ത്രണത്തിലും വിധേയത്വത്തിലുമാക്കി മാറ്റിയിരിക്കുകയാണ് മോഡി ഭരണകൂടം. വിവാദ ഹൈക്കോടതി ജഡ്ജിയെ തൽസ്ഥാനത്തുനിന്നും നീക്കംചെയ്യുന്ന വിഷയം ചർച്ച ചെയ്യാൻ അനുമതി നൽകിയ, രാജ്യസഭാ അധ്യക്ഷനായിരുന്ന ഉപരാഷ്ട്രപതിക്ക് അന്ന് വൈകുന്നേരം തന്നെ തന്റെ രാജി സമർപ്പിക്കേണ്ടിവന്നത് പാർലമെന്റിന്റെ ഇരുസഭകളിലെയും നടപടിക്രമങ്ങൾ നിയന്ത്രിക്കുന്ന ലോക്‌സഭാ സ്പീക്കർക്കും രാജ്യസഭാ അധ്യക്ഷനും നൽകുന്ന സന്ദേശം വ്യക്തമാണ്. ഭരണകൂട താല്പര്യങ്ങൾക്ക് വിരുദ്ധമായ യാതൊരു നീക്കവും വച്ചുപൊറുപ്പിക്കില്ല എന്നതാണ് അത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ലോക്‌സഭാ സ്പീക്കറിൽനിന്നോ രാജ്യസഭാ അധ്യക്ഷനിൽ നിന്നോ യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ല. പാർലമെന്റിനകത്തും നിയമസഭകൾക്കുള്ളിലും ജനപ്രതിനിധികളും അവയ്ക്കു പുറത്ത് ജനങ്ങളും ചെലുത്തുന്ന സമ്മർദങ്ങൾക്കും ചെറുത്തുനില്പുകൾക്കും മാത്രമേ ജനാധിപത്യത്തിന് എതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പേരിൽ നടക്കുന്ന ഈ കടന്നുകയറ്റത്തിന് തടയിടാനാവു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇന്ത്യ സഖ്യകക്ഷികൾ താരതമ്യേന മെച്ചപ്പെട്ട പരസ്പരധാരണയോടെയും ഐക്യത്തോടെയും തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമായിട്ടുള്ള സംസ്ഥാനമാണ് ബിഹാർ. ഏറെ പരിമിതികൾക്ക് നടുവിലും മതിയായ ഐക്യത്തിന്റെ അഭാവത്തിലും, മുന്നണി പ്രതിനിധാനം ചെയ്യുന്ന പ്രതിപക്ഷത്തിന് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ലോക്‌സഭാ അംഗബലം 303ൽ നിന്നും 240 ആക്കി കുറച്ച്, ഒറ്റയ്ക്കുള്ള ഭൂരിപക്ഷം നിഷേധിക്കാനായി. തുടർന്നു നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് വരാൻപോകുന്ന തെരഞ്ഞെടുപ്പുകളിൽ എങ്ങനെ ജനാദേശം കവർന്നെടുക്കാം എന്നതിന്റെ പരീക്ഷണമായിരുന്നു. അതിന്റെ തുടർച്ചയ്ക്കാണ് ബിഹാറിലും രാജ്യത്താകെയും വോട്ടർ പട്ടിക പുനഃപരിശോധനയുടെ പേരിൽ കളമൊരുങ്ങുന്നത്. ജനാധിപത്യത്തെ കവർന്നെടുക്കാൻ മോഡിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭരണഘടനാവിരുദ്ധ കുത്സിതനീക്കങ്ങൾ ചെറുത്ത് പരാജയപ്പെടുത്തേണ്ടതുണ്ട്. സാർവത്രിക വോട്ടവകാശം എന്ന ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തെയും വാഗ്ദാനത്തെയുമാണ് മോഡി ഭരണകൂടം വെല്ലുവിളിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.