
വയനാട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലീഡേഴ്‌സ് ക്യാമ്പിൽ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിലിന് നേരെ അസഭ്യവർഷവും കയ്യേറ്റ ശ്രമവും. ക്യാമ്പില്‍ പങ്കെടുക്കാന്‍ മൂന്ന് മണിക്കൂർ വൈകി എത്തിയ സംസ്ഥാന പ്രസിഡന്റ് പ്രസംഗം തുടങ്ങിയപ്പോൾ മുതൽ ജില്ലയിലെ ഭാരവഹികൾക്ക് എതിരെ നടപടി എടുക്കുമെന്ന തരത്തില്‍ ഭിഷണി ഉയര്‍ത്തി. മുണ്ടക്കൈ ദുരന്തം നടന്ന വയനാട്ടിൽ നിന്ന് യൂത്ത് കോൺഗ്രസിന്റെ ഭവനം പദ്ധതിക്ക് ആവശ്യമായ സഹായം ലഭിച്ചില്ലെന്നും പിരിച്ച തുക സംസ്ഥാനകമ്മിറ്റിക്ക് നൽകിയിട്ടില്ലെന്നുമുള്ള കാര്യങ്ങൾ ചർച്ചയ്ക്ക് വന്നു. ഇതിനിടയിലാണ് മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് അസീസ് വാളാട് സംസ്ഥാന പ്രസിഡന്റിന്റെ ഇത്തരം ഏകാധിപത്യപരമായ ഭീഷണിയുടെ സ്വരങ്ങൾ സംഘടനയ്ക്ക് ചേർന്നതല്ലെന്ന വിമർശനം ഉന്നയിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേട് മറച്ച് പിടിക്കാന്‍ പ്രവർത്തകർക്ക് എതിരെ അച്ചടക്കത്തിന്റെ വാളോങ്ങുന്ന പ്രസിഡന്റ് എന്തുകൊണ്ട് യങ് ഇന്ത്യ ക്യാമ്പയിൻ പൂർത്തീകരിച്ചില്ല എന്നും മുണ്ടക്കൈ ഭവനനിർമാണത്തെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിനുശേഷം ആണോ പ്രസിഡന്റിന് ഇതെക്കുറിച്ച് ഓർമ്മ വന്നതെന്നും വിമർശനമുന്നയിച്ചു. ഇതാണ് പിന്നീട് വലിയ വാഗ്വാദത്തിലേക്ക് നീങ്ങിയത്.
മാനന്തവാടി നിയോജകമണ്ഡലത്തിൽ നിന്ന് വന്ന ഭാരവാഹികൾ രാഹുല്‍ മാങ്കൂട്ടത്തിലിനെ അസഭ്യം പറയുകയും കയ്യേറ്റത്തിനൊരുങ്ങുകയുമായിരുന്നു. പ്രവര്‍ത്തകര്‍ വേദിയില്‍ കയറി കയ്യേറ്റം ചെയ്യുവാൻ ശ്രമിച്ചപ്പോള്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി എത്തിയാണ് പ്രവര്‍ത്തകരെ തടഞ്ഞത്. മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാപകമായ പിരിവ് വയനാട് ജില്ലയിൽ നടന്നിട്ടും ഒരു പൈസ പോലും സംസ്ഥാന കമ്മിറ്റിക്ക് കൊടുക്കാത്തത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമെന്ന് ഒരുവിഭാഗം പറയുന്നു. സംസ്ഥാന പ്രസിഡന്റിനെ പോലും കായികമായി നേരിടാൻ ഉള്ള ധൈര്യം മാനന്തവാടിയിലെ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ലഭിച്ചത് ഐ സി ബാലകൃഷ്ണൻ, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് വിനയൻ എന്നിവരുടെ പിന്തുണയുള്ളതുകൊണ്ടാണെന്നും ജില്ലാ പ്രസിഡന്റ് അമൽ ജോയ് മൗനമായി സംസ്ഥാന പ്രസിഡന്റിനെ ആക്രമിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നെന്നും മറുവിഭാഗം പ്രവർത്തകരും വ്യക്തമാക്കുന്നു.
എന്തുസംഭവിച്ചാലും ഈ മാസം 31-ാം തീയതിക്കുള്ളിൽ പണം നൽകിയില്ലെങ്കിൽ മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി പിരിച്ചുവിടുമെന്ന് സംസ്ഥാന പ്രസിഡന്റ് യോഗത്തിൽ ഭീഷണി മുഴക്കിയപ്പോള്‍ പൈസ അടക്കാൻ മനസില്ലെന്നും പുറത്താക്കണമെങ്കിൽ അങ്ങനെ ചെയ്യാമെന്നും എതിർഭാഗവും വെല്ലുവിളിച്ചു. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെ മര്‍ദിച്ച കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലത്തിലെ സംഘടനാ പ്രശ്നങ്ങൾ തുടരുന്നതിന് ഇടയിലാണ് യുവജന വിഭാഗം പാർട്ടിക്ക് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.