23 January 2026, Friday

സഞ്ജയ് കപൂറിന്റെ മരണം: ദുരൂഹതയെന്ന് മാതാവ്, 31,000 കോടിയുടെ സ്വത്തില്‍ അവകാശത്തര്‍ക്കം മുറുകി

Janayugom Webdesk
മുംബൈ
July 25, 2025 10:48 pm

ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും പ്രമുഖ വ്യവസായിയുമായ സഞ്ജയ് കപൂറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ് റാണി കപൂർ. സോനം കോംസ്റ്റാറിന്റെ ചെയർമാനായിരുന്ന സഞ്ജയ് ജൂണിൽ ദുബായിൽ വച്ചാണ് മരിച്ചത്. പോളോ കളിക്കുന്നതിനിടെ തേനീച്ചയെ വിഴുങ്ങിയെന്നും തുടര്‍ന്ന് അലര്‍ജിക് റിയാക്ഷനും ഹൃദയാഘാതവും ഉണ്ടായതാണ് മരണകാരണമെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. സഞ്ജയുടെ അവസാന നിമിഷങ്ങളുടെ വീഡിയോയും പുറത്തുവന്നിരുന്നു. എന്നാൽ കണ്ടതിനേക്കാൾ കൂടുതലായി മറ്റെന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് റാണി കപൂർ ആരോപിക്കുന്നത്.
മകന്റെ മരണത്തിൽ ദുരൂഹത തുടരുന്ന സാഹചര്യത്തിൽ കമ്പനിയുടെ വാർഷിക പൊതുയോഗം നീട്ടിവയ്ക്കണമെന്നും റാണി കപൂർ ആവശ്യപ്പെടുന്നു. വിഷയത്തില്‍ കമ്പനി അധികൃതരോ മറ്റ് കുടുംബാംഗങ്ങളോ പ്രതികരിച്ചിട്ടില്ല. 

മുമ്പ് ഡിസൈനർ നന്ദിത മഹ്താനിയെ സഞ്ജയ് വിവാഹം ചെയ്തിരുന്നു. ഇത് വേര്‍പിരിഞ്ഞ ശേഷം 2003ലാണ് കരിഷ്മ കപൂറിനെ വിവാഹം കഴിച്ചത്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. 2016ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് പ്രിയ സച്ച്ദേവുമായി പ്രണയത്തിലായ സഞ്ജയ് വീണ്ടും വിവാഹിതനായി. ഈ ബന്ധത്തിൽ അസാരിയസ് കപൂർ എന്ന മകനുമുണ്ട്. സോന കോം സ്റ്റാര്‍ ബോര്‍ഡില്‍ നോണ്‍ എക്സിക്യൂട്ടീവ് അംഗമായ പ്രിയ സച്ച്ദേവ് കപൂറിനെയാണ് റാണി പരോക്ഷമായി ആക്രമിക്കുന്നതെന്നാണ് നിരീക്ഷണം. ഫോബ്‌സിന്റെ കണക്കുപ്രകാരം, മരണസമയത്ത് സഞ്ജയ്‌യുടെ ആസ്തി 1.2 ബില്യൺ ഡോളർ (10,300 കോടി രൂപ) ആയിരുന്നു. ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ 2703-ാം സ്ഥാനത്താണ് സഞ്ജയ് കപൂർ. സഞ്ജയിന്റെ കമ്പനിയുടെ മൂല്യം 40,000 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും മികച്ച പത്ത് കാർ കമ്പനികളിൽ ഏഴെണ്ണത്തിനും വേണ്ടി ഓട്ടോമൊബൈൽ ഭാഗങ്ങൾ നിർമ്മിക്കുന്നത് സോന കോംസ്റ്റാർ കമ്പനിയാണ്. 

ഇന്ത്യ, ചൈന, മെക്സിക്കോ, സെർബിയ, യുഎസ് എന്നിവയുൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ കമ്പനിക്ക് ഫാക്ടറികളുണ്ട്. അടച്ചിട്ട മുറിയിൽ വച്ച് നിർബന്ധിച്ച് ചില രേഖകളിൽ ഒപ്പുവയ്പിച്ചുവെന്നും സോന കോംസ്റ്റാർ ബോർഡിനെഴുതിയ കത്തില്‍ റാണി കപൂർ ആരോപിച്ചിട്ടുണ്ട്. സോന ഗ്രൂപ്പിന്റെ ഭൂരിപക്ഷം ഓഹരികളും റാണിയുടെ പേരിലാണ്. കപൂർ കുടുംബത്തിന്റെ പ്രതിനിധിയായി ചില ഡയറക്ടർമാരെ നിയമിക്കാനുള്ള പ്രമേയം വാർഷിക പൊതുയോഗത്തിലെ അജണ്ടയിൽ ഉള്ളതായി മനസിലാക്കിയിരിക്കുന്നു. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം ആരും ചോദിച്ചിട്ടില്ല. കമ്പനി ബോർഡിലേക്കോ സോനം ഗ്രൂപ്പ് കമ്പനിയിലേക്കോ ഔദ്യോഗികമായി താൻ ആരെയും നിർദേശിച്ചിട്ടില്ലെന്നും റാണി കത്തില്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.