
ഗാസയിലെ വിവിധ സ്ഥലങ്ങളിലായി ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 34 പലസ്തീനികള്‍ കൊല്ലപ്പെട്ടു. മാനുഷിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സഹായ വിതരണം പുനഃസ്ഥാപിക്കുന്നതിനുവേണ്ടി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം. യുഎസിന്റെയും ഇസ്രയേലിന്റെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ സഹായ വിതരണ കേന്ദ്രത്തിനു സമീപം ഏഴ് പലസ്തീനികളാണ് ഇസ്രയേല്‍ സെെന്യത്തിന്റെ വെടിവയ്പില്‍ മരിച്ചത്. 20 പേര്‍ക്ക് പരിക്കേറ്റതായും ഗാസയിലെ ഔദ ആശുപത്രി അധികൃതര്‍ അറിയിച്ചു. തെക്കന്‍ നഗരമായ ഖാന്‍ യൂനിസിന് പടിഞ്ഞാറുള്ള മുവാസിയില്‍ വീടിനു നേരെ നടന്ന ആക്രമണത്തില്‍ ഏഴ് മാസം ഗര്‍ഭിണിയായ സ്ത്രീ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഗര്‍ഭസ്ഥശിശുവിനെ ജീവനോടെ പുറത്തെടുക്കാനായെന്ന് പലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു. ഖാന്‍യൂനിസില്‍ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചു. ഇവരില്‍ പകുതിയിലധികം പേരും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രതിരോധസേന പ്രതികരിച്ചിട്ടില്ല. ഗാസയിലേക്ക് സഹായമെത്തിക്കുന്നതിനും മാനുഷിക ഇടനാഴികള്‍ സൃഷ്ടിക്കുന്നതിനുമായി ഗാസ സിറ്റി, ദേര്‍ അല്‍ ബലാബ്, മുവാസി എന്നിവിടങ്ങളിലെ സെെനിക പ്രവര്‍ത്തനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രയേല്‍ സെെന്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗാസയില്‍ പട്ടിണി മരണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതിനു പിന്നാലെയാണ് ഇസ്രയേലിന്റെ നടപടി.
ബന്ദികളെ മോചിപ്പിക്കാനുള്ള സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായി മാര്‍ച്ചില്‍ ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുള്‍പ്പെടെ അവശ്യവസ്തുക്കളുടെ വിതരണത്തിന് ഇസ്രയേല്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. മേയില്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കിയതിനു പിന്നാലെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജിഎച്ച്എഫ്) ഗാസയില്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണം ആരംഭിച്ചു. എന്നാല്‍ സഹായം കാത്തുനിന്ന പലസ്തീനികള്‍ക്കുനേരെയും ഇസ്രയേല്‍ സെെന്യം ക്രൂരമായ ആക്രമണം നടത്തി. മേയ് മുതൽ ജിഎച്ച്എഫ് കേന്ദ്രങ്ങൾക്ക് സമീപം 1,000ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
സാഹയ കേന്ദ്രങ്ങളില്‍ സാധാരണക്കാര്‍ക്കെതിരെ ഇസ്രയേല്‍ പട്ടാളക്കാരും ജിഎച്ച്എഫ് ജീവനക്കാരും മോശമായ രീതിയില്‍ പെരുമാറുമെന്ന് സംഘടനയുടെ മുൻ കരാറുകാരന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. നിരായുധരായ, പട്ടിണി കിടക്കുന്ന സാധാരണ ജനതയ്‌ക്കെതിരെ, മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധമുള്ള ബലപ്രയോഗവും ക്രൂരതയുമാണ് ജിഎച്ച്എഫും ഇസ്രയേല്‍ സെെന്യവും നടത്തുന്നതെന്ന് മുൻ യുഎസ് സ്പെഷ്യൽ ഫോഴ്‌സ് സൈനികനും ജിഎച്ച്എഫ് സഹായ പ്രവർത്തകനുമായ ആന്റണി അഗ്വിലാർ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. യുദ്ധക്കുറ്റകൃത്യങ്ങൾക്ക് താന്‍ സാക്ഷിയായെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.