16 December 2025, Tuesday

ചിന്താവിഷ്ടയായ സീതയെപ്പറ്റി ചിന്തിക്കുമ്പോൾ

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
നരോത്തമായനം രാമായണം ഭാഗം ‑13
July 30, 2025 4:23 am

രാമനാണ് മാതൃകാപുരുഷൻ എങ്കിൽ സീതയാണ് കുലസ്ത്രീകളുടെ മാതൃകാമഹിള. പക്ഷേ രാമന്റെ കുലം സൂര്യവംശം ആണെന്നു പറയുന്ന പോലെ സീതയുടെ കുലം ഏതെന്നു വാല്മീകി രാമായണം വച്ച് നിർണ്ണയം ചെയ്യൽ അസാധ്യമാണ്. ജനക മഹാരാജാവിനു ഉഴവുച്ചാലിൽ നിന്നു കിട്ടിയ കൈക്കുഞ്ഞാണു സീത‑ഒരു അനാഥശിശു എന്നു പറയാം. അനാഥ ബാല്യങ്ങളുടെ കുലം എടുത്തുവളർത്തുന്നവരുടേതാണ്. ആ നിലയിലാണ് സീത ജാനകിയും വൈദേഹിയും ആകുന്നത്. മഹാകവി വയലാറിന്റെ പക്ഷത്തിൽ സീത രാവണപുത്രിയാണ്. അങ്ങിനെയാണെങ്കിൽ സീതയെ ഉഴവുച്ചാലിൽ ഉപേക്ഷിച്ച രാവണന്റെ ക്രൂരതയോളം വലുതാവില്ല രാമന്റെ സീതാപരിത്യാഗം എന്നു കൂടി പറയേണ്ടി വരും. യഥാർത്ഥ മാതാപിതാക്കൾ ആരായാലും അവരാൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുസീതയെ ജനക മഹാരാജന്റെ കാരുണ്യം തന്റെ മകളാക്കി പോറ്റി വളർത്തി. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സീതയെ മഹർഷികാരുണ്യവും മകളായി കണ്ടു കൂടെ നിർത്തി പരിപാലിച്ചു. രണ്ടു പുരുഷന്മാരുടെ കാരുണ്യത്താൽ പരിരക്ഷിതയായ സീതയാണ് ശ്രീരാമനെ ചോദ്യം ചെയ്യുന്ന സ്ത്രീയെന്ന നിലയിൽ സ്ത്രീപക്ഷവാദികൾക്ക് ആദർശ മാതൃകയായത് എന്ന കാര്യം ശ്രദ്ധേയമാണ്. പക്ഷേ സീത ഉയർത്തുന്ന ചിന്തകളെ ഇത്രയും കൊണ്ടു നമ്മൾക്ക് അവസാനിപ്പിക്കാനാവില്ല. എന്തുകൊണ്ടെന്നും എങ്ങിനെയെന്നും പരിശോധിക്കാം. 

‘പടുരാക്ഷസചക്രവർത്തിയെന്നുടൽ മോഹിച്ചതു ഞാൻ പിഴച്ചതോ?’ എന്നതാണു ചിന്താവിഷ്ടയായ സീത ചോദിക്കുന്ന വലിയ ചോദ്യം. രാവണൻ സീതയുടെ ഉടൽ മോഹിച്ചതു സീതയുടെ കുഴപ്പമല്ല. പക്ഷേ മായപ്പൊന്മാനെ കണ്ടു മോഹിച്ചതും അതിനെ കിട്ടിയേ തീരൂ എന്നു വാശിപ്പിടിച്ച് മായപ്പൊന്മാനിനെ വേട്ടയാടാൻ രാമനെ പറഞ്ഞയച്ചതും രാമൻ കാവലേല്പിച്ച ലക്ഷ്മണനെ ‘രാമനില്ലാതായാൽ നിനക്കെന്നെ കിട്ടും എന്നു കരുതേണ്ട’ എന്ന ക്രൂരവാക്യത്താൽ കുത്തി ലക്ഷ്മണനേയും കാട്ടകത്തേക്ക് പറഞ്ഞു വിട്ടതും സീതയുടെ കുറ്റം അല്ലെങ്കിൽ പിന്നെ ആരുടെ കുറ്റമാണ് ? ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നൊക്കെ പറഞ്ഞു സീതയെ ന്യായീകരിക്കുന്നത് ഈ ചോദ്യത്തിനു മറുപടിയാവില്ല. സീതയെ രാവണൻ തട്ടികൊണ്ടു പോകാതെ രാമരാവണ യുദ്ധത്തിനോ രാക്ഷസകുല നാശം വരുത്തുക എന്ന രാമ ജീവിത ദൗത്യത്തിനോ സാഹചര്യം ഒരുങ്ങില്ല എന്നതിനാലാണ് സീതയ്ക്ക് മേല്പറഞ്ഞതെല്ലാം തോന്നിയതും പറഞ്ഞതും ചെയ്തതും എന്നുപറയാം. പക്ഷേ ഇതൊരു ഭക്തജന വ്യാഖ്യാനമാണ്. സീതയെ കുറ്റപ്പെടുത്താവുന്ന കാര്യങ്ങളെ ചൂണ്ടി ചോദ്യം ഉയരുമ്പോൾ വിധിയെ പ്രതിയാക്കി സീതയെ ന്യായീകരിക്കുന്ന ശൈലിയിൽ നമ്മൾക്ക് മന്ഥരയേയും കൈകേയിയേയും ഒക്കെ ന്യായീകരിക്കാം. മന്ഥരയും കൈകേയിയും രാമാഭിഷേകത്തിനെതിരെ തിരിഞ്ഞതും രാമനു കാനനവാസം വിധിച്ചതും രാമരാവണയുദ്ധത്തിനും അതുവഴി രാക്ഷസകുല നാശത്തിനും വഴിയൊരുക്കാനുള്ള സർവ്വേശ്വര പദ്ധതിയുടെ ഭാഗമാണെന്നൊക്കെ പറയാമല്ലോ. ഇവ്വിധം പറഞ്ഞു വരുന്നുമുണ്ട്…! 

ഇത്തരം വ്യാഖ്യാനങ്ങളുടേയും ആഖ്യാനങ്ങളുടേയും പ്രധാന പ്രശ്നം എന്തെന്നാൽ കർത്തൃത്വം ഇല്ലാതാവുന്നു അഥവാ ലവലേശം പ്രധാനമല്ലാതായി തീരുന്നു എന്നതാണ്. ‘ശങ്കരന്റെ വില്ലൊടിച്ചത് ആര്? ’ എന്ന ചോദ്യത്തിന് ‘അയോധ്യയിലെ രാമൻ ’ എന്നതാണ് കർത്തൃത്വ കൃത്യതയും വ്യക്തതയുമുള്ള മറുപടി. അതിനുപകരം’ രാക്ഷസകുല നാശാർത്ഥമുള്ള വിധാതാവിന്റെ പദ്ധതി’ എന്നൊക്കെ ഉത്തരം പറഞ്ഞാൽ കർത്തൃത്വം അപ്രസക്തമായിപ്പോകുന്നു. ഇത്തരം കർത്തൃത്വ കൃത്യത ഇല്ലാത്ത നര ജീവിതാഖ്യാനങ്ങളുടെ ഫലം എന്തെന്നാൽ കുറ്റവാളികൾ ഇല്ലാത്ത കുറ്റകൃത്യങ്ങൾ അംഗീകരിക്കാനുള്ള മാനസികാവസ്ഥ ജനങ്ങളുടെ സ്വഭാവമായി തീരും എന്നതാണ്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതു കടുത്ത കുറ്റകൃത്യമാണെന്നു കണ്ടെത്തിയ കോടതി തകർത്തത് ആരെന്നു കണ്ടെത്താനാകാതെ കേസ് അവസാനിപ്പിച്ചല്ലോ. ഇമ്മാതിരി കർത്താവാരെന്നു പറയാനാകാത്ത കർമ്മങ്ങൾ ഉണ്ടാവും എന്നതാണ് എല്ലാം ദൈവനിശ്ചയം എന്ന വാദത്തിന്റെ സാമൂഹികമായ പ്രത്യാഘാതം. 

‘എല്ലാം ദൈവനിശ്ചയമാണെന്നു’ തീർത്തും അംഗീകരിക്കാനായവർക്ക് ജീവിതം ചെയ്യാനോ ചെയ്യാതിരിക്കാനോ സ്വാതന്ത്ര്യം ലവലേശം ഇല്ലാത്ത ഒരു കടന്നുപോകലാവും. ഇത്തരം കടന്നുപോകലാക്കി ജീവിതത്തെ മാറ്റുവാൻ അഹങ്കാരം തീർത്തും ഒഴിവാക്കിയ സമർപ്പണം വേണം. അതാണ് ഭക്തി. അത്തരം ഭക്തജനങ്ങൾ ആരേയും ആസൂത്രിതമായി സഹായിക്കുകയോ ആസൂത്രിതമായി അപായപ്പെടുത്തുകയോ ആസൂത്രിതമായി പ്രയോജനപ്പെടുത്തുകയോ ആസൂത്രിതമായി നശിപ്പിക്കുകയോ ചെയ്യുകയില്ല. കാരണം ആസൂത്രണം എവിടെ ഉണ്ടെങ്കിലും അതിനു പിന്നിൽ കർത്തൃത്വാഹങ്കാരമുണ്ട്. അതിനാൽ ചെയ്തതിന്റെ ഗുണദോഷങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയും വരും. രാമൻ സീതയെ ഉപേക്ഷിച്ചത് ഈശ്വരേച്ഛയായി കാണാൻ കൂട്ടാക്കാതെ രാമന്റെ ആണധികാര കർത്തൃത്വമായി കണ്ടു കുറ്റ വിചാരണ നടത്തുന്നവർ സീത മായപ്പൊന്മാനിനെ കണ്ടു മോഹിച്ച് അതിനായി വാശിപ്പിടിച്ചതും സീതയുടെ കർത്തൃത്വാഹങ്കാരമായി കണ്ടു വിചാരണ നടത്താൻ തയ്യാറാകണം. ഇതിനുപകരം സീത ചെയ്തതു വിധിവശാൽ നിസ്സഹായയായതിനാലാണെന്നും മറ്റും പറഞ്ഞ് സീതയെ കർത്തൃത്വ മുക്തയാക്കുകയും രാമനെ കർത്തൃത്വകാരനായി കുറ്റവിചാരണ ചെയ്യുകയും ചെയ്യുന്നത് തികഞ്ഞ പക്ഷപാതമാണ്. ഒരു പക്ഷപാതവും ന്യായാന്യായങ്ങളുടെ സമഗ്രദർശനം ഒരു വിഷയത്തിലും നൽകുകയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.