
ഭരതൻ യുവരാജാവായി അഭിഷേകം ചെയ്യപ്പെടുവാൻ ഒരു ചെറുസ്വപ്നത്തിൽ പോലും ആഗ്രഹിച്ചിരുന്നു എന്നതിന് വാല്മീകി രാമായണത്തിൽ യാതൊരു തെളിവുമില്ല. ദശരഥന്റെ കാലശേഷം അദ്ദേഹത്തിന്റെ മൂത്ത പത്നിയായ കൗസല്യയിൽ പിറന്ന ശ്രീരാമചന്ദ്രൻ തന്നെയാണ് രാജാവാകുക എന്നത് സുനിശ്ചിതവുമായിരുന്നു. പക്ഷേ ഭരതന് രാജ്യഭരണാധികാര താല്പര്യം ഉണ്ടോ എന്നും ഭരതനുവേണ്ടി ആ താല്പര്യം ആരെങ്കിലും ഉന്നയിച്ചേക്കുമോ എന്നും ഭയമുണ്ടായിരുന്ന ഒരാൾ ദശരഥ മഹാരാജാവ് തന്നെയായിരുന്നു. അതുകൊണ്ടാണ് ദശരഥൻ ഭരതനെയും ശത്രുഘ്നനെയും പട്ടാഭിഷേക കാര്യം അറിയിക്കാൻ കേകയത്തേക്ക് ഒരു സ ന്ദേശ വാഹകനെയും അയയ്ക്കാതിരുന്നത്.
ഭരത — ശത്രുഘ്നന്മാർ അറിയാതെ പട്ടാഭിഷേകം നടത്തുന്നതിലെ അനൗചിത്യം രാമനോ കൗസല്യയോ കൈകേയിയോ വസിഷ്ഠൻ ഉൾപ്പെടെയുള്ള ഗുരുജനങ്ങളോ ദശരഥന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കണം.
”കാമം ഖലു സ താം വൃത്തേ ഭ്രാതാ തേ ഭരതഃ സ്ഥിതഃ
ജ്യേഷ്ഠാനുവർത്തീ ധർമ്മാത്മാ സാനുക്രോശാ ജിതേന്ദ്രിയഃ കിംനു ചിത്തം മനുഷ്യാണാമനിത്യമിതി മേ മതിഃ
സതാം ച ധർമ്മനിത്യാനാം കൃതശോഭി ച രാഘവ”
(അയോധ്യാകാണ്ഡം; സർഗം 4 — ശ്ലോകം 26–27)
‘രാമാ നിന്റെ അനുജൻ നല്ലവനാണ്, ജ്യേഷ്ഠനെ അനുസരിക്കുന്നവനാണ്. ധർമ്മാത്മാവാണ്, ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നവനാണ്. എന്നാലും മനുഷ്യമനസ് അനിത്യമാണല്ലോ. ധർമ്മസ്ഥിരതയുള്ള സത്തുക്കളേ കർമ്മം കൊണ്ട് ശോഭിക്കൂ’ ഇതാണ് മേലുദ്ധരിച്ച ദശരഥ വാക്യങ്ങളുടെ താല്പര്യം. ഈ വാക്യം ദശരഥൻ രാമനോടു പറയുന്നത് ‘നിന്റെ അഭിഷേകം ഭരതൻ അയോധ്യയിൽ ഇല്ലാത്തപ്പോൾത്തന്നെ നടക്കണം’ എന്നു പറഞ്ഞിട്ടുമാണ്. ഈ വാക്യം കേട്ടിട്ട് ഭരതൻ ഇല്ലാതെ അഭിഷേകം നടത്തുന്നത് ഉചിതമല്ല എന്ന അഭിപ്രായം അപേക്ഷാരൂപത്തിൽപ്പോലും രാമൻ പ്രകടിപ്പിക്കുന്നില്ല.
ഭരത — ശത്രുഘ്നന്മാരുടെ അസാന്നിധ്യത്തിൽ തന്റെ അഭിഷേകം നടക്കാൻ പോകുന്നു എന്ന കാര്യം രാമനെ തെല്ലും വേദനിപ്പിക്കുന്നില്ല. രാമന്റെ ഈ വേദന തോന്നായ്കയിൽ യാതൊരു അസ്വാഭാവികതയും ഇല്ല എന്നു കരുതാമോ? ദശരഥന്റെ ഇച്ഛ അഥവാ താതന്റെ ഇംഗിതം ഭരതനില്ലാത്തപ്പോൾ അഭിഷേകം നടക്കണം എന്നതാണെന്നതിനാൽ മാത്രമാണ് രാമൻ തന്റെ അഭിപ്രായം പറയാതിരുന്നതെന്നു കരുതാമോ? ഇത്തരം ചോദ്യങ്ങൾ സസൂക്ഷ്മം രാമായണം പാരായണം ചെയ്യുന്ന ഏതൊരു വിവേകമതിയായ സഹൃദയനിലും ഉണ്ടാവും.
താൻ അയോധ്യയുടെ യുവരാജാവായി അഭിഷിക്തനാകാൻ പോകുന്ന കാര്യം അറിഞ്ഞ ശേഷം, രാമൻ അതിനെ നിസംഗതയോടെയൊന്നുമല്ല അഭിമുഖീകരിക്കുന്നത്. ‘ലക്ഷ്മണേമാം മയാ സാർധം പ്രശാധി ത്വാം വസുന്ധരാം = ലക്ഷ്മണാ ഈ രാജ്യലക്ഷ്മിയെ എന്നോടു കൂടി പരിപാലിച്ചാലും’ (അയോധ്യാകാണ്ഡം — സർഗം 4 ശ്ലോകം 43) എന്നൊക്കെ പറഞ്ഞ് ലക്ഷ്മണനോടൊപ്പം ആനന്ദതുന്ദിലനാവുന്നുണ്ട് രാമൻ. എന്നാൽ ‘നമുക്ക് ഈ വസുന്ധരയെ ഭരത — ശത്രുഘ്നർക്കൊപ്പം പരിപാലിക്കാം’ എന്നു രാമൻ പറയുന്നുമില്ല. അതിനാൽ ഭരത — ശത്രുഘ്നന്മാർ കേകയം ഭരിച്ചോട്ടെ ഞങ്ങൾ അയോധ്യ ഭരിച്ചോളാം എന്നൊരു ഗൂഢതാല്പര്യം രാമ — ലക്ഷ്മണന്മാരുടെ അടിമനസിൽ പൂഴ്ന്നുകിടന്നിരുന്നോ എന്നും മനഃശാസ്ത്ര വിശകലന ബുദ്ധ്യാ രാമായണം വായിക്കുമ്പോൾ തോന്നാം.
തക്ക സമയങ്ങളിൽ നാം ഒഴിവാക്കുന്നതും മറന്നു പോകുന്നതും നമ്മുടെ ഉപബോധേംഗിതങ്ങളെയാണ് കാണിക്കുന്നത് എന്നൊരു മനഃശാസ്ത്ര നിരീക്ഷണമുണ്ട്. അഭിഷേകം പോലൊരു സവിശേഷ സന്ദർഭത്തിൽ ലക്ഷ്മണനെന്നതുപോലെ ഭരത — ശത്രുഘ്നന്മാർക്കും അധീനയാവും താൻ ഭരിക്കുന്ന രാജ്യം എന്നു പറയാൻ ശ്രദ്ധ തോന്നാത്ത രാമമാനസവും അതിനെ അനുസരിക്കുന്ന ലക്ഷ്മണചിത്തവും ഇവരെ രണ്ടുപേരെയും തിരുത്താത്ത കൗസല്യയുടെയും സുമിത്രയുടെയും മനോഭാവവും ഭരത — ശത്രുഘ്നന്മാരുടെ അസാന്നിധ്യമാണ് രാമലക്ഷ്മണന്മാർക്ക് ഹിതകരം എന്ന താല്പര്യം ഉപബോധത്തിൽ സൂക്ഷിച്ചിരുന്നു എന്നു മനസിലാക്കാൻ വഴിതെളിയിക്കുന്നു.
‘മക്കളേ ഭരത — ശത്രുഘ്നന്മാർക്കും കൂടി അധീനയാണ് അയോധ്യ എന്നു പറയൂ’ എന്ന് മക്കളെ തിരുത്താത്ത കൗസല്യയും സുമിത്രയും ഒരു പക്ഷപാതവും ഇല്ലാതെ നാല് രാജകുമാരന്മാരെ സ്നേഹിച്ചിരുന്നു എന്നു പറയാനാകുമോ? കൈകേയിക്ക് ഭരതനോളം സ്നേഹം മറ്റാരോടും ഇല്ല എന്നതു കുറ്റമാണെങ്കിൽ കൗസല്യക്കും സുമിത്രയ്ക്കും കൂടി ഈ കുറ്റാരോപണം ബാധകമാണെന്ന് ചിന്തിക്കാവുന്ന വാക്കുകളും പ്രവൃത്തികളുമാണ് അഭിഷേക വാർത്ത അറിഞ്ഞപ്പോൾ അവരിൽ നിന്നുണ്ടാകുന്നത്. കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞാണല്ലോ.
അഭിഷേകം മുടങ്ങിയതറിഞ്ഞപ്പോൾ രാമനില്ലാത്തതും ഭരതൻ വാഴുന്നതുമായ അയോധ്യയിൽ തന്റെ ചാരിത്ര്യം പോലും സുരക്ഷിതമല്ല എന്നു ചിന്തിക്കുകയും പറയുകയും ചെയ്യുന്ന സീത, രാമൻ അഭിഷിക്തനാകാൻ പോകുന്നതറിയുമ്പോൾ ഭരതകുമാരനും ശത്രുഘ്ന കുമാരനും ഇല്ലാതെ വേണമോ ഈ അഭിഷേകം എന്നൊരു ഭംഗിവാക്കുപോലും പറയുന്നില്ല എന്നതും ശ്രദ്ധേയം. ഭരതപക്ഷത്തു നിന്ന് രാമായണം വായിക്കുമ്പോൾ കൈകേയി ഒഴിച്ചാരും ഭരതനെ അനിവാര്യ ബന്ധുവായി കാണുന്നില്ല രാമായണത്തിലെന്ന് പറയേണ്ടി വരും. കൈകേയി പോലും മന്ഥരയുടെ ഉപദേശത്തിനു വഴങ്ങിയാണ് ഭരതനെ അഭിഷേക സന്ദർഭത്തിൽ ഓർമ്മിക്കുന്നത്. ഒരു അരക്ഷിത സാന്നിധ്യമായി ഭരതനെ ദശരഥനും അദ്ദേഹത്തിലൂടെ അയോധ്യയും തെറ്റിദ്ധരിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു എന്നു പറയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.